21 August Wednesday

ഓസ‌്ട്രേലിയയിൽ ഇറച്ചിക്കച്ചവടത്തിനെതിരെ സമരം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 9, 2019

കാൻബറ
ഓസ‌്ട്രേലിയയിൽ ഇറച്ചിക്കച്ചവടത്തിനും ഭക്ഷണത്തിനുമെതിരെ സസ്യാഹാരികളുടെ സമരം. പരസ‌്പരം ചങ്ങലയിൽ ബന്ധിപ്പിച്ച‌് തെരുവിൽ പ്രതിഷേധിച്ചവരെ പൊലീസ‌് അറസ്റ്റ‌് ചെയ‌്ത‌ുനീക്കി. ഭക്ഷണത്തിന്റെ പേരിലുള്ള മൗലികവാദം രാജ്യതാൽപ്പര്യത്തിനെതിരാണെന്നും ഓസ‌്ട്രേലിയൻ രീതിയല്ലെന്നും പ്രധാനമന്ത്രി സ‌്കോട‌് മോറിസൺ പറഞ്ഞു. സമരം കർഷകരുടെ ഉപജീവനമാർഗം ഇല്ലാതാക്കുന്നതാണ‌്.

രാജ്യതാൽപ്പര്യം കർഷകർക്കൊപ്പമാണ‌്. ഇത്തരം മൗലികവാദമുന്നയിക്കുന്ന ക്രിമിനലുകൾക്കെതിരെ പരമാവധി നിയമനടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.ലോക സാമ്പത്തികഫോറത്തിന്റെ കണക്കനുസരിച്ച‌് യുഎസ‌് കഴിഞ്ഞാൽ കൂടുതൽ മാംസാഹാരം കഴിക്കുന്നവരുള്ള രാജ്യം ഓസ‌്ട്രേലിയയാണ‌്. രാജ്യത്തിലെ കാർഷികവരുമാനത്തിന്റെ 40 ശതമാനവും കന്നുകാലി വ്യവസായത്തിൽനിന്നുള്ളതാണ‌്.

മൃഗങ്ങൾക്ക‌് കൂടുതൽ പരിഗണന നൽകണമെന്നും മാംസാഹാരം കഴിക്കുന്നത‌് ധാർമികമായി തെറ്റാണെന്നുമാണ‌് സമരക്കാരുടെ വാദം. ജനങ്ങൾ സസ്യാഹാരികളാകണം. മൃഗ പീഡ അവസാനിപ്പിക്കണം. വലിയ കൂടുകൾ നൽകിയാൽ പോര മൃഗങ്ങളുടെ വിമോചനമാണ‌് ലക്ഷ്യമെന്ന‌് സമരത്തിനെത്തിയവർ പറഞ്ഞു. 47 പേരെ അറസ്റ്റ‌് ചെയ‌്തതായി പൊലീസ‌് പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top