20 September Friday

റഷ്യന്‍ പ്രാദേശിക തെരഞ്ഞെടുപ്പ്: പുടിന് തിരിച്ചടി; കമ്യൂണിസ്റ്റ് പാര്‍ടിക്ക് മുന്നേറ്റം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019

മോസ്‌കോ > റഷ്യന്‍ പ്രാദേശിക തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും യുണൈറ്റഡ് റഷ്യ പാര്‍ടിക്കും തിരിച്ചടി. മോസ്‌കോ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പുടിന്റെ പാര്‍ടിക്ക് മൂന്നിലൊന്ന് സീറ്റുകളേ നേടാനായുള്ളൂ. തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് റഷ്യന്‍ ഫെഡറേഷന്‍ മികച്ച മുന്നേറ്റമാണ് നടത്തിയത്. 45 ല്‍ 26 സീറ്റുകളാണ് പുടിന്റെ യുണൈറ്റഡ് റഷ്യ പാര്‍ടി നേടിയത്. കമ്യൂണിസ്റ്റ് പാര്‍ടി 13 സീറ്റുകളിലും മറ്റ് പാര്‍ടികള്‍ ആറ് സീറ്റുകളിലും വിജയിച്ചു. മോസ്‌കോയില്‍ 2014ലെ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളില്‍ മാത്രമാണ് കമ്യൂണിസ്റ്റ് പാര്‍ടി ജയിച്ചത്.

പുടിന്‍ ഭരണത്തിലെ ജനവിരുദ്ധ നയങ്ങള്‍ക്കും സാമ്പത്തിക നയങ്ങള്‍ക്കുമെതിരെ ജനരോഷം വര്‍ധിച്ചുവരികയാണ്. പുടിന്റെ പെന്‍ഷന്‍ പരിഷ്‌കരണത്തിനെതിരെ പ്രതിഷേധത്തിന്റെ കുന്തമുന ഉയര്‍ത്തിയത് കമ്യൂണിസ്റ്റ് പാര്‍ടിയായിരുന്നു. മോസ്‌കോയിലും സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലും യകാതെറിന്‍ ബര്‍ഗിലും മറ്റും ആയിരങ്ങളുടെ പ്രതിഷേധ മാര്‍ച്ചാണ് കമ്യൂണിസ്റ്റ് പാര്‍ടി നടത്തിയത്. പാര്‍ലമെന്റില്‍ പെന്‍ഷന്‍ പരിഷ്‌കാരത്തിനെതിരെ ഒറ്റക്കെട്ടായി വോട്ട് ചെയ്തത് കമ്യൂണിസ്റ്റ് പാര്‍ടിക്കാര്‍ മാത്രമായിരുന്നു.  102 പ്രതിപക്ഷ പാര്‍ടി എംപിമാര്‍ ഡ്യൂമയിലുണ്ടായിരുന്നെങ്കിലും 59 പേര്‍ മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. ഇതില്‍ 42 പേരും കമ്യൂണിസ്റ്റ് പാര്‍ലമെന്റ് അംഗങ്ങളായിരുന്നു. പ്രതിപക്ഷനേതാവ് അലക്‌സി നവല്‍നിയുടെയും വ്‌ളാദിമിര്‍ ഷിരിനോവ്‌സകിയുടെയും എംപിമാര്‍ പൂര്‍ണമായും എതിര്‍ത്ത് വോട്ട് ചെയ്യാന്‍ തയ്യാറായില്ല. നവല്‍നി ഒരുമാസം ജയിലില്‍ കിടന്നെങ്കിലും സ്വന്തം പാര്‍ടിയിലെ എംപിമാരെ പെന്‍ഷന്‍ പരിഷ്‌കാരത്തിനെതിരെ വോട്ട് ചെയ്യിക്കുന്നതില്‍ പരാജയപ്പെട്ടു.

ഒടുവില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ വിലക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെയും  വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top