ജക്കാർത്ത> ഇന്തോനേഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് ജോകോ വിദോദോ വിജയിച്ചതിന് പിന്നാലെ രാജ്യത്ത് കലാപം രൂക്ഷം. തലസ്ഥാന നഗരിയായ ജക്കാർത്തയിൽ നടന്ന കലാപത്തിൽ ഇതുവരെ 6 പേർ കൊല്ലപ്പെട്ടു. 200 പേർക്ക് പരിക്കേറ്റു. തെരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നുമാവശ്യപ്പെട്ടാണ് പ്രതിഷേധം ശക്തമായത്. മരിച്ചവരിൽ ചിലർക്ക് വെടിയേറ്റിട്ടുണ്ടെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് മേധാവി ടിറ്റോ കർണാവിയൻ പറഞ്ഞു.
പൊലീസ് വെടിയുതിർത്തുവെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. എന്നാൽ, കലാപകാരികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ജോകോ വിദോദോ പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുന്നവരുടെ കൂടെയാണ് താനെന്നും പൊതുസുരക്ഷ നശിപ്പിക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ച സമാധാനപരമായി തുടങ്ങിയ പ്രതിഷേധം പെട്ടെന്ന് അക്രമാസക്തമാവുകയായിരുന്നു. പ്രതിഷേധക്കാർ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ കത്തിച്ചു. പൊലീസുകാർക്കെതിരെ പടക്കവും സ്ഫോടക വസ്തുകളും എറിഞ്ഞു. തുടർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പ്രതിഷേധക്കാരിലധികവും ജക്കാർത്തയ്ക്ക് പുറത്ത് നിന്നുള്ളവരാണെന്നും പൊലീസ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന പ്രതിപക്ഷ നേതാവ് റിട്ട. ജനറല്‍ പ്രഭോവോ സുബിയന്റോയുടെ ആരോപണം തെരഞ്ഞെടുപ്പ് കമീഷൻ തള്ളി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..