29 February Saturday

മനുഷ്യൻ ഒരു കുടുംബം, മറക്കരുത്‌: ഫ്രാൻസിസ്‌ മാർപാപ്പ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 22, 2020

ദാവോസ്‌> ഒറ്റ മാനവ കുടുംബത്തിലെ അംഗങ്ങളാണെന്ന്‌ എല്ലാവരും ഓർക്കണമെന്ന്‌ ഫ്രാൻസിസ്‌ മാർപാപ്പ. പരസ്‌പരം കരുതൽ പുലർത്താൻ എല്ലാവർക്കും ധാർമിക ബാധ്യതയുണ്ട്‌. ദാവോസിൽ ആരംഭിച്ച ലോക സാമ്പത്തിക വേദിക്ക്‌ (ഡബ്ല്യുഇഎഫ്‌) അയച്ച സന്ദേശത്തിലാണ്‌ മാർപാപ്പയുടെ ഓർമപ്പെടുത്തൽ.

ദാവോസിൽ സാമ്പത്തികശാസ്‌ത്രമടക്കമുള്ള വിഷയങ്ങളിലെ ചർച്ചകളിൽ പുതുക്കിയ നൈതിക സമീപനമുണ്ടാകണം. ദാവേസ്‌ ചർച്ചകൾ സാമൂഹ്യ അനീതി നേരിടുന്നവരോടും നിലനിൽപ്പുതന്നെ ഭീഷണി നേരിടുന്നവരോടും ഐക്യദാർഢ്യത്തിന്റെ വളർച്ചയിലേക്ക്‌ നയിക്കട്ടെ എന്ന്‌ മാർപാപ്പ ആശംസിച്ചു. ഘാനയിൽനിന്നുള്ള കർദിനാൾ പീറ്റർ കോഡ്‌വോ ആപ്പിയ ടർക്‌സൺ സന്ദേശം വായിച്ചു.

മുഖ്യപ്രഭാഷണം നടത്തിയ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ പതിവുപോലെ പരിസ്ഥിതി ശാസ്‌ത്രജ്ഞരെ രൂക്ഷമായി വിമർശിച്ചു. ഇത്‌ നിരാശയുടെ കാലമല്ല, ശുഭാപ്‌തിവിശ്വാസത്തിന്റെ കാലമാണെന്ന്‌ ട്രംപ്‌ പറഞ്ഞു. ഭയപ്പെടുത്തുന്ന പ്രവചനങ്ങൾ നടത്തുന്ന നാശത്തിന്റെ നിത്യപ്രവാചകരെ തള്ളണമെന്ന്‌  ട്രംപ്‌ പറഞ്ഞു. വേദി ആരംഭിക്കുന്ന ഒരുലക്ഷം കോടി മരങ്ങളുടെ ശ്രമത്തിൽ അമേരിക്കയും പങ്കാളിയാകുമെന്ന്‌ അദ്ദേഹം പ്രഖ്യാപിച്ചു. മുൻഗാമി ബറാക്‌ ഒബാമയുടെ കാലത്ത്‌ അംഗീകരിച്ച 2015ലെ പാരീസ്‌ ഉടമ്പടിയിൽനിന്ന്‌ അമേരിക്കയുടെ ഏകപക്ഷീയ പിന്മാറ്റം പ്രഖ്യാപിച്ചതടക്കമുള്ള ട്രംപിന്റെ നടപടികൾ എന്നും പരിസ്ഥിതി പ്രവർത്തകരുടെയും ശാസ്‌ത്രജ്ഞരുടെയും വിമർശത്തിന് ഇടയാക്കിയിട്ടുണ്ട്‌.

മറ്റൊരു സെഷനിൽ ട്രംപിന്റെ രൂക്ഷ വിമർശകയായ കൗമാര പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൂൺബെർഗ്‌ സംസാരിച്ചു. പരിസ്ഥിതിക്കായി സ്‌കൂൾ പഠനം മുടക്കി താൻ ആരംഭിച്ച സമരത്തോടെ തുടക്കമിട്ട ആഗോളപ്രസ്ഥാനം ആഗോളതാപനത്തിന്‌ എതിരായ പോരാട്ടത്തിന്റെ തുടക്കംമാത്രമാണ്‌–- ഗ്രേറ്റ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top