06 October Sunday

ഒളിമ്പിക്‌സിന്‌ ഇന്ന്‌ സമാപനം: പാരിസ്‌ കണ്ണടയ്‌ക്കുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

പാരിസ്‌
കളിയുടെ വിസ്‌മയക്കാഴ്‌ചകളൊരുക്കിയ പാരിസ്‌ മറയുന്നു. പതിനേഴുനാൾ ലോകത്തെ ത്രസിപ്പിച്ച ഒളിമ്പിക്‌സിന്റെ  ദീപം ഞായറാഴ്‌ച രാത്രി അണയും. ഉദ്‌ഘാടനച്ചടങ്ങിലെന്നപോലെ സമാപനത്തിലും അൽഭുതങ്ങൾ ഒളിപ്പിച്ച്‌ കാത്തിരിക്കുകയാണ്‌ സ്വപ്‌നനഗരം. മത്സരങ്ങൾ രാത്രി ഒമ്പതോടെ അവസാനിക്കും.  80,000 പേർക്ക്‌ ഇരിക്കാവുന്ന സ്‌റ്റേഡ്‌ ഡി ഫ്രാൻസ്‌ സ്‌റ്റേഡിയത്തിൽ 12.30 മുതൽ സമാപനച്ചടങ്ങ്‌ തുടങ്ങും.

രണ്ട്‌ മണിക്കൂർ നീളുന്ന വിടവാങ്ങൽ ചടങ്ങിൽ അത്‌ലീറ്റുകൾ മാർച്ച്‌പാസ്‌റ്റിൽ അണിനിരക്കും. കളിയിൽനിന്ന്‌ വിരമിച്ച ഹോക്കി ഗോൾകീപ്പർ പി ആർ ശ്രീജേഷും ഷൂട്ടിങ് താരം മനു ഭാകറും ഇന്ത്യക്കായി ദേശീയപതാകയേന്തും.

ഓവറോൾ കിരീടത്തിനായി ഇഞ്ചോടിഞ്ച്‌  പോരാണ്‌. തുടർച്ചയായി നാലാം കിരീടമണിയാൻ വെമ്പുന്ന അമേരിക്കയെ ചൈന പിടിച്ചുകെട്ടുന്നു. കൂടുതൽ സ്വർണം കിട്ടുന്ന ടീമിനാണ്‌ ചാമ്പ്യൻപട്ടം. അവസാനദിവസത്തെ മത്സരങ്ങൾ ജേതാക്കളെ നിർണയിക്കും. അത്‌ലറ്റിക്‌സിൽ വനിതാ മാരത്തൺ ബാക്കിയുണ്ട്‌. ഹാൻഡ്‌ബോൾ, വാട്ടർപോളോ, സൈക്ലിങ്‌, ഗുസ്‌തി, ബാസ്‌കറ്റ്‌ബോൾ, വോളിബോൾ ഫൈനലുകളുമുണ്ട്‌. ഈ ഒളിമ്പിക്‌സിലെ  അവസാനമത്സരം വനിതാ ബാസ്‌കറ്റ്‌ബോൾ ഫൈനലാണ്‌.

ഇന്ത്യക്ക്‌ ഇത്തവണ ഒരു വെള്ളി അടക്കം ആറുമെഡലാണ്‌. കഴിഞ്ഞതവണ ടോക്യോയിൽ സ്വർണത്തോടെ ഏഴ്‌ മെഡലുണ്ടായിരുന്നു.അടുത്ത ഒളിമ്പിക്‌സ്‌ 2028ൽ അമേരിക്കയിലെ ലൊസ്‌ ആ‌ഞ്ചലസിലാണ്‌. ആതിഥേയരാകുന്നത്‌ മൂന്നാംതവണയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top