21 July Sunday

ബഹ‌്റൈൻ ശിൽപ്പശാല: യുഎസ‌് നീക്കത്തിനെതിരെ പലസ‌്തീനിൽ വൻ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019

റമല്ല> അമേരിക്കയുടെ മുൻകൈയിൽ സംഘടിപ്പിക്കുന്ന ബഹ‌്റൈൻ സാമ്പത്തിക ശിൽപ്പശാലയ‌്ക്കെതിരെ പലസ‌്തീനിൽ വൻ പ്രതിഷേധം. റമല്ല, തുൽകാം, ഹീബ്രോൺ, യാട്ട, ഹൽഹൂൽ, നബ‌്‌ലസ‌്, ജെനിൻ, ബെത‌്‌ലഹേം തുടങ്ങിയ വെസ‌്റ്റ‌്ബാങ്ക‌് നഗരങ്ങളിലെല്ലാം വൻ പ്രതിഷേധ റാലികൾ നടന്നു. റാലിയിൽ പങ്കെടുത്ത ആയിരങ്ങൾ പലസ‌്തീൻ പതാകകൾ ഉയർത്തി അമേരിക്കൻ നീക്കത്തിനെതിരെ മുദ്രാവാക്യം മുഴക്കി. സ്വാതന്ത്ര്യത്തിനും രാഷ‌്ട്രസ്ഥാപനത്തിനും വേണ്ടിയുള്ള പലസ‌്തീൻ പോരാട്ടത്തെ തകിടംമറിക്കാനാണ‌് അമേരിക്കയുടെ തന്ത്രപൂർവ നീക്കമെന്ന‌് നേതാക്കൾ പറഞ്ഞു. പലസ‌്തീൻ ജനതയുടെ മൗലികമായ ആവശ്യത്തെ അട്ടിമറിക്കാനാണ‌് അമേരിക്കയുടെ നീക്കമെന്നും ഇതിനാലാണ‌് തങ്ങൾ പരിപാടി ബഹിഷ്കരിക്കുന്നതെന്നും അവർ പറഞ്ഞു.

‘ക്ഷേമത്തിലേക്കുള്ള സമാധാനം’ എന്ന പേരിൽ രണ്ടുദിവസത്തെ ശിൽപ്പശാല ചൊവ്വാഴ‌്ചയാണ‌് ബഹ‌്റൈൻ തലസ്ഥാനമായ മനാമയിൽ ആരംഭിക്കുന്നത‌്. പലസ‌്തീൻ മേഖലയെ സാമ്പത്തികമായി വികസിപ്പിക്കാനുള്ള മാർഗങ്ങൾ ചർച്ചചെയ്യാനെന്ന പേരിൽ വിളിച്ചുചേർത്ത സമ്മേളനം രാഷ‌്ട്രീയ സ്ഥിതിഗതിയെയും ഇസ്രയേലിന്റെ അധിനിവേശത്തെയും കുറിച്ച‌് ചർച്ചചെയ്യാൻ തയ്യാറാകാത്തതാണ‌് പ്രതിഷേധത്തിന‌് കാരണം. ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുകയും രാഷ‌്ട്രീയപ്രശ‌്നപരിഹാരത്തിലൂടെ പലസ‌്തീൻ രാഷ‌്ട്രം സ്ഥാപിക്കുകയും ചെയ‌്താൽ സാമ്പത്തികവളർച്ച സ്വാഭാവികമായും ഉണ്ടാകും. ഇതിന‌് കടകവിരുദ്ധമായ നീക്കം സമാധാനശ്രമങ്ങളെയും തങ്ങളുടെ മൗലികമായ ആവശ്യങ്ങളെയും അട്ടിമറിക്കുന്നതാകുമെന്നാണ‌് പലസ‌്തീൻ നേതൃത്വത്തിന്റെ അഭിപ്രായം. പരിപാടിയിൽ പങ്കെടുക്കുന്ന മറ്റ‌് പല രാജ്യങ്ങളിലും പ്രതിഷേധം ഉയർന്നിട്ടുണ്ട‌്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top