23 January Wednesday

ഇമ്രാന‌് തിരിച്ചടി: വീണ്ടും തെരഞ്ഞെടുപ്പു വേണമെന്ന‌് പ്രതിപക്ഷം

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018

ഇസ്ലാമാബാദ‌്  > പാകിസ്ഥാനിൽ സർക്കാർ രൂപീകരിക്കാനുള്ള തെഹ‌്‌രീകെ ഇൻസാഫ‌് നേതാവ‌്  ഇമ്രാൻ ഖാന്റെ നീക്കങ്ങൾക്ക‌് തിരിച്ചടിയായി പ്രതിപക്ഷപാർടികളുടെ ഐക്യം. ദേശീയ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ വൻ ക്രമക്കേട് നടന്നെന്ന് ആരോപിച്ച പ്രതിപക്ഷ പാർടികൾ ഫലം തള്ളിക്കളഞ്ഞു. സുതാര്യമായ രീതിയിൽ വീണ്ടും തെരഞ്ഞെടുപ്പു നടത്തണമെന്ന‌് വിവിധ കക്ഷികളുടെ സംയുക്തയോഗം ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച‌് ശക്തമായ പ്രക്ഷോഭത്തിനും യോഗം തീരുമാനിച്ചു. ജനതാൽപ്പര്യത്തിനു വിരുദ്ധമായി തെരഞ്ഞെടുപ്പ് നടപടികൾ അട്ടിമറിച്ചെന്ന‌് സർവകക്ഷിയോഗം അഭിപ്രായപ്പെട്ടു.

മുഖ്യ പ്രതിപക്ഷകക്ഷിയായ പിഎംഎൽ എൻ പ്രസിഡന്റ‌് ഷഹ്ബാസ് ഷരിഫ്, മുത്തഹിദ മജ‌്‌ലിസെ അമൽ (എംഎംഎ) നേതാവ‌് മൗലാന ഫസിലുർ റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. ജമാ അത്തെ ഇസ്ലാമി (ജെഐ), അവാമി നാഷനൽ പാർടി, ഖൗമി വതൻ പാർടി, നാഷണൽ പാർടി പ്രതിനിധികളും പങ്കെടുത്തു. തെരഞ്ഞെടുപ്പിൽ ക്രമക്കേട‌് ഉണ്ടെങ്കിലും ജനാധിപത്യത്തിന്റെ സുരക്ഷയെക്കരുതി ഫലം അംഗീകരിക്കുന്നുവെന്നാണ‌്  മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പിഎംഎൽ എൻ കഴിഞ്ഞദിവസം വ്യക്തമാക്കിയത‌്. പ്രതിപക്ഷനേതാവായി ഷഹ‌്ബാസ‌് ഷെരീഫിനെ പാർടിയോഗം  തെരഞ്ഞെടുക്കുകയും ചെയ‌്തിരുന്നു. ഇതിനു പിന്നാലെയാണ‌് പിഎംഎൽ എൻ നിലപാടുമാറ്റിയത‌്.

ശനിയാഴ‌്ചയോടെ പൂർണമായും ഫലം പ്രഖ്യാപിച്ചപ്പോൾ പിടിഐക്ക‌് 116 സീറ്റുണ്ട്. പിഎംഎൽ എൻ 64 സീറ്റിലും പിപിപി 43 സീറ്റിലുമൊതുങ്ങി. 13 സ്വതന്ത്രരും ജയിച്ചു. 342 അംഗ ദേശീയ അസംബ്ലിയിലെ  272 അംഗങ്ങളെയാണ‌് ജനങ്ങൾ തെരഞ്ഞെടുത്തത‌്. ശേഷിക്കുന്ന 70 സീറ്റിലേക്ക‌് അംഗങ്ങളെ ആനുപാതികമായി നാമനിർദേശംചെയ്യും. ഇവരുൾപ്പെടെ 172  അംഗങ്ങളുടെ പിന്തുണയാണ‌് സർക്കാർ രൂപീകരിക്കാൻ വേണ്ടത‌്. പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ഏറ്റവും വലിയ ഒറ്റക്കക്ഷിയായ സാഹചര്യത്തിൽ താൻ സർക്കാർ രൂപീകരിക്കുമെന്ന‌് ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചിരുന്നു. ചെറുകക്ഷികളെയും സ്വതന്ത്രരെയും കൂട്ടി കേവലഭൂരിപക്ഷം നേടിയെടുക്കാനുള്ള ശ്രമത്തിലാണ‌് ഇമ്രാൻ ഖാൻ. 116 സീറ്റുള്ള പിടിഐക്ക‌് കേവലഭൂരിപക്ഷത്തിന‌് 137 സീറ്റുവേണം. പിടിഐയുടെ സഖ്യകക്ഷിയായ പിഎംഎൽ ക്യുവിന് അഞ്ചു സീറ്റുണ്ട്. ആറ‌് സീറ്റുള്ള മുത്തഹിദ ഖൗമി മൂവ്മെന്റ‌് (എംക്യുഎം) ഇമ്രാനെ പിന്തുണയ്ക്കുമെന്നാണ‌് കരുതുന്നത‌്. നാലു സീറ്റുള്ള പാകിസ്ഥാൻ മുസ്ലിം ലീഗിനെയും ഒപ്പംനിർത്താനാണ‌് ഇമ്രാന്റെ ശ്രമം. ബലൂചിസ്ഥാനിലെ ചെറുപാർടികളും പിന്തുണച്ചേക്കും.

എന്നാൽ, ചെറുകക്ഷികളുടെ പ്രതിനിധികളും പ്രതിപക്ഷ പാർടികളുടെ യോഗത്തിൽ പങ്കെടുത്തത‌് പിടിഐക്ക‌് ആശങ്കയായി. അതേസമയം, തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കിയ പാക‌് തെരഞ്ഞെടുപ്പ‌് കമീഷനെ ഐക്യരാഷ്ട്ര സംഘടന അഭിനന്ദിച്ചു. എന്തൊക്കെ ആരോപണങ്ങളുണ്ടായാലും കമീഷനൊപ്പം നിൽക്കുമെന്ന‌് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗ്യുട്ടറെസ് പറഞ്ഞു. എന്നാൽ, പാകിസ്ഥാനിലെ സംഭവവികാസങ്ങളിൽ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചു. 

പ്രചാരണത്തിന് എല്ലാവർക്കും തുല്യ അവസരം നൽകിയില്ലെന്നും രാജ്യവ്യാപകമായി തെരഞ്ഞെടുപ്പിനിടെ അക്രമങ്ങൾ നടന്നെന്നും യൂറോപ്യൻ യൂണിയൻ ഇലക്‌ഷൻ ഒബ്‌സർവേഷൻ മിഷൻ റിപ്പോർട്ടിൽ പറഞ്ഞു. തെരഞ്ഞെടുപ്പുപ്രക്രിയ ജനങ്ങളിൽനിന്ന് തട്ടിയെടുത്തെന്നും രാഷ്ട്രീയവ്യവസ്ഥയ്ക്ക‌് കളങ്കമാണിതെന്നും അനധികൃത സ്വത്തുകേസിൽ ജയിലിലായ നവാസ് ഷെരീഫ് ആരോപിച്ചു.

പ്രധാന വാർത്തകൾ
 Top