ഇസ്ലാമാബാദ്> ദേശീയ അസംബ്ലി ചേർന്ന് അവിശ്വാസപ്രമേയം പരിഗണിക്കാൻ ഉത്തരവിട്ട സുപ്രീംകോടതി വിധിക്കെതിരെ നിയമപോരാട്ടത്തിന് ഉറച്ച് ഇമ്രാൻഖാൻ. അവിശ്വാസപ്രമേയത്തിൽ വോട്ടെടുപ്പിന് അനുമതി നിഷേധിച്ച ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരിയുടെ നടപടി റദ്ദാക്കിയ സുപ്രീംകോടതി വിധി ചോദ്യംചെയ്ത് ഇമ്രാൻ സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകി.
എന്നാൽ കോടതിസമയം കഴിഞ്ഞതിനാൽ ശനിയാഴ്ച ഹർജി കോടതി സ്വീകരിച്ചില്ല. തിങ്കളാഴ്ച ഹർജി നൽകുമെന്ന് ഇമ്രാന്റെ പാർടി നേതാക്കൾ അറിയിച്ചു. പ്രതിപക്ഷപാർടികളെ കക്ഷിചേർത്താണ് ഹർജി നൽകിയത്. ദേശീയ അസംബ്ലി ചേരാൻ സമയക്രമം നിർദേശിക്കാൻ കോടതിക്ക് അധികാരമില്ലെന്നും കോടതി പാർലമെന്റ് നടപടികളിൽ ഇടപെടരുതെന്നും മാധ്യമങ്ങൾക്ക് ലഭ്യമാക്കിയ ഹർജിയിൽ ഇമ്രാൻ സർക്കാർ ചൂണ്ടിക്കാട്ടി.
അംഗബലം കുറഞ്ഞ് ഇമ്രാന്
അവിശ്വാസവോട്ടെടുപ്പിനു മുന്നേ സ്വന്തം പാളയത്തിൽനിന്ന് ഇമ്രാൻ ഖാൻ തിരിച്ചടി നേരിട്ടു. ശനിയാഴ്ച ദേശീയ അസംബ്ലി ചേർന്നപ്പോൾ 51 പേർ മാത്രമാണ് ട്രഷറി ബെഞ്ചിൽ ഹാജരായത്. 342 അംഗങ്ങളുള്ള സഭയിൽ 172 പേരുടെ പിന്തുണയാണ് ഭരണമുറപ്പാക്കാൻ വേണ്ടത്.
ഇമ്രാന്റെ കക്ഷിയായ പാകിസ്ഥാൻ തെഹ്രികെ ഇൻസാഫിന് (പിടിഐ) 155 അംഗങ്ങളാണുള്ളത്. ചെറുകക്ഷികളെയും കൂട്ടിയാണ് ഇമ്രാൻ ഭൂരിപക്ഷം ഉറപ്പിച്ചിരുന്നത്. എന്നാൽ, പ്രതിപക്ഷ നീക്കത്തിൽ കാലിടറി. മുഖ്യ ഘടകകക്ഷിയായ മുത്താഹിദ ക്വാമി മൂവ്മെന്റ് പാകിസ്ഥാന്റെ (എംക്യുഎംപി) രണ്ടു മന്ത്രിമാർ രാജിവയ്ക്കുകയും ആറ് അംഗങ്ങൾ അവിശ്വാസത്തെ പിന്തുണയ്ക്കുമെന്നും പറഞ്ഞതോടെ നില പരുങ്ങലിലായി.
പിടിഐയുടെ 22 വിമതരും അവിശ്വാസത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ പ്രതിപക്ഷത്തിന് അവിശ്വാസം പാസാക്കാൻ വേണ്ടതിലും കൂടുതൽ അംഗബലമായി.
ട്വിറ്ററിൽ മന്ത്രിമാർ മുന്‍ മന്ത്രിമാരായി
അവിശ്വാസപ്രമേയത്തിൽ വോട്ടെടുപ്പ് നടത്താനിരിക്കെ ട്വിറ്ററിൽ മന്ത്രിസ്ഥാനം തിരുത്തി പാക് മന്ത്രിമാർ.
ഫവാദ് ഹുസൈനും ഷാ ഖുറേഷിയുമാണ് ‘മുൻമന്ത്രി’മാരായി സ്ഥാനപ്പേര് തിരുത്തിയത്. ഫവാദ് ഹുസൈൻ മുൻ വാർത്താപ്രക്ഷേപണ മന്ത്രിയായി വിലാസം തിരുത്തിയപ്പോൾ ഷാ ഖുറേഷി മുൻ വിദേശ മന്ത്രിയെന്നാണ് ട്വിറ്ററിൽ തിരുത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..