16 December Monday

ഇന്ത്യയുടെ അഭ്യർഥന അംഗീകരിച്ചു; മോഡിക്ക‌് പറക്കാൻ പാകിസ്ഥാൻ വ്യോമപാത തുറക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019

ലാഹോർ> പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിമാനത്തിന‌് വ്യോമപാത അനുവദിക്കണമെന്ന ഇന്ത്യയുടെ അഭ്യർഥന പാകിസ്ഥാൻ തത്വത്തിൽ അംഗീകരിച്ചു. ഷാങ‌്ഹായ‌് കോർപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാനാണ‌് മോഡി കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ‌്കെക്കിലേക്ക‌് പോകുന്നത‌്. 13, 14 തീയതികളിൽ നടക്കുന്ന ഉച്ചകോടിയിൽ പാക‌് പ്രധാനമന്ത്രി ഇമ്രാൻ ഖാനും പങ്കെടുക്കും. എന്നാൽ, ഇരുവരും കൂടിക്കാഴ‌്ച നടത്തില്ല.

നടപടിക്രമങ്ങൾ പൂർത്തിയായാൽ തീരുമാനം ഇന്ത്യയെ ഔദ്യോഗികമായി അറിയിക്കുമെന്ന‌് പാക‌് അധികൃതരെ ഉദ്ധരിച്ച‌് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട‌് ചെയ‌്തു. സമാധാനചർച്ചയ‌്ക്കുള്ള തങ്ങളുടെ നിർദേശത്തോട‌് ഇന്ത്യ പ്രതികരിക്കുമെന്നാണ‌് പ്രതീക്ഷയെന്നും പാക‌് ഉദ്യോഗസ്ഥൻ പറഞ്ഞു. കശ‌്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പരിഹാരം കാണേണ്ടതുണ്ടെന്ന‌് ചൂണ്ടിക്കാട്ടി മോഡിക്ക‌് ഇമ്രാൻ ഖാൻ കത്തെഴുതിയിരുന്നു.

ബാലാകോട്ട‌് വ്യോമാക്രമണത്തെ തുടർന്നാണ‌് ഇരുരാജ്യങ്ങളും തങ്ങളുടെ വ്യോമപാതയിൽ നിയന്ത്രണം ഏർപ്പെടുത്തിയത‌്. താൽക്കാലിക നിയന്ത്രണങ്ങൾ നീക്കിയതായി മെയ‌് 31ന‌് ഇന്ത്യൻ വ്യോമസേന അറിയിച്ചിരുന്നു. എന്നാൽ, പാകിസ്ഥാൻ തെക്കൻ മേഖലയിലെ നിയന്ത്രണം മാത്രമാണ‌് നീക്കിയത‌്.


പ്രധാന വാർത്തകൾ
 Top