ഇസ്ലാമാബാദ്> പുൽവാമ ആക്രമണത്തെത്തുടർന്ന് അന്താരാഷ്ട്ര സമ്മർദം ശക്തമായതോടെ ഭീകര സംഘടനയായ ജയ്ഷേ മുഹമ്മദിന്റെ ആസ്ഥാനം പാകിസ്ഥാൻ ഏറ്റെടുത്തു. വെള്ളിയാഴ്ച വൈകിട്ടാണ് നിയന്ത്രണം പഞ്ചാബ് സർക്കാർ പിടിച്ചെടുത്തത്. പഞ്ചാബ് പ്രവിശ്യയിലെ ബഹാവൽപുരിലെ ആസ്ഥാനം അഡ്മിനിസ്ട്രേറ്റർ ഭരണത്തിൻ കീഴിലാക്കി. പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ ദേശീയ സുരക്ഷാ കൗൺസിൽ യോഗം ചേർന്നതിന് തൊട്ടു പിന്നാലെയാണ് നടപടി.
പുൽവാമ ഭീകരാക്രമണത്തെ വ്യാഴാഴ്ച യുഎൻ സുരക്ഷാ സമിതി രൂക്ഷമായി വിമർശിച്ചിരുന്നു. ഭീകര സംഘടനകൾക്ക് പണം എത്തുന്നത് തടയാൻ കർശന നടപടി വേണമെന്ന് സുരക്ഷാ കൗൺസിൽ പാകിസ്ഥാനോട് ആവശ്യപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് നടപടി. മദ്രസത്തുൾ സബീർ, ജമാ ഇ മസ്ജിദ് സുബ്ഹാനള്ളാ എന്നിവയുടെ ക്യാമ്പസുകളും സർക്കാർ ഏറ്റെടുത്തു. ജയ്ഷേ മുഹമ്മദിന്റെ കീഴിൽ പ്രവർത്തിച്ചു വന്നിരുന്ന എല്ലാ മതപഠനശാലകളുടേയും ചാരിറ്റബിൾ ട്രസ്റ്റിന്റെ ചുമതലയും സർക്കാർ അധീനതയിലാക്കി.
രാജ്യത്തുനിന്ന് തീവ്രവാദം തുടച്ചു നീക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പാകിസ്ഥാൻ ദേശീയ സുരക്ഷാ കൗൺസിലിൽ പറഞ്ഞു. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫീസ് സയീദ് നയിക്കുന്ന ജമാ അത്ത് ഉദ് ദവയെ കഴിഞ്ഞ ദിവസം പാകിസ്ഥാൻ നിരോധിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..