13 October Sunday

പേജര്‍ സ്ഫോടന പരമ്പര: പിന്നിൽ മൊസാദ്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

ബെയ്‌റൂട്ട്‌
ലബനനിലെയും സിറിയയിലെയും പേജർ സ്‌ഫോടന പരമ്പരയ്‌ക്ക്‌ പിന്നിൽ ഇസ്രയേൽ ചാരസംഘടനയായ മൊസാദെന്ന്‌ ഇറാന്റെ പിന്തുണയുള്ള ലബനൻ സായുധസംഘം ഹിസ്‌ബുള്ള. ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്വം ഇസ്രയേലിനാണ്‌. മൊസാദിന്റെ ആസൂത്രണത്തിൽ ഇസ്രയേൽ സേനയുടെ പിന്തുണയോടെയാണ്‌ സ്‌ഫോടനം നടത്തിയത്‌. ആക്രമണത്തിന്‌ പ്രതികാരം ചെയ്യും. ഏതെല്ലാം തരത്തിൽ ആക്രമണത്തിന്‌ വിധേയരായാലും ഗാസയ്‌ക്കുള്ള പിന്തുണ തുടരുമെന്നും ഹിസ്‌ബുള്ള പ്രതികരിച്ചു.

രാജ്യത്തിന്റെ പരമാധികാരത്തിൻമേലുള്ള കടന്നുകയറ്റമാണ്‌ ഉണ്ടായതെന്ന്‌ ലബനൻ പ്രധാനമന്ത്രി നജീബ്‌ മിക്കാതി പ്രതികരിച്ചു.
   ബുധനാഴ്‌ച പകൽ മൂന്നരയോടെയാണ്‌ ലബനനിലും സിറിയയുടെ ചില ഭാഗങ്ങളിലും പേജറുകൾ പൊട്ടിത്തെറിച്ചത്‌. ഏതാനും മാസംമുമ്പ്‌ വാങ്ങിയ 5000 പേജറുകളിൽ ഏതാണ്ട്‌ 3000 പേജറുകളും പൊട്ടിത്തെറിച്ചതായാണ്‌ പ്രാഥമിക നിഗമനം. സ്‌ഫോടന പരമ്പരയിൽ  കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. എട്ട്‌ വയസ്സുള്ള പെൺകുട്ടിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. മൂവായിരത്തോളം പേർക്ക്‌ പരിക്കുണ്ട്‌. സ്‌ഫോടനത്തിൽ പരിക്കേറ്റ ലബനനിലെ ഇറാൻ സ്ഥാനപതിക്ക്‌ ഗുരുതര പരിക്കുകളില്ലെന്നും ആരോഗ്യവാനാണെന്നും അദ്ദേഹത്തിന്റെ ഭാര്യ പ്രതികരിച്ചു.

ഇറാഖിൽനിന്ന്‌ 70 ടൺ മരുന്നുമായി പ്രത്യേക വിമാനം ലബനനിൽ എത്തി. ഇറാനിലെ റെഡ്‌ക്രസന്റ്‌ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരും ലബനനിൽ എത്തിയിട്ടുണ്ട്‌.  ഹിസബുള്ള തിരിച്ചടിക്കുമെന്ന്‌ പ്രഖ്യാപിച്ചതോടെ ഇസ്രയേലിൽ സുരക്ഷ ശക്തമാക്കി. അതിർത്തികളിൽ സേനയെ വിന്യസിച്ചു. ആക്രമണം ഭയന്ന്‌ ടെൽ അവിവിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു.

പിന്നിൽ യുഎസും സഖ്യകക്ഷികളും: ഇറാൻ


തെഹ്‌റാൻ
ലബനനിലെ പേജർ സ്‌ഫോടനത്തിന്‌ പിന്നിൽ അമേരിക്കയും സഖ്യകക്ഷികളുമാണെന്ന്‌ ഇറാൻ പ്രസിഡന്റ്‌ മസൂദ്‌ പെസഷ്‌ക്യൻ. ഇസ്രയേൽ സേനയുടെ സമാനതകളില്ലാത്ത ക്രൂരതകളെ യുഎസ്‌ പിന്തുണയ്‌ക്കുന്നുവെന്ന്‌ ഒരിക്കൽക്കൂടി തെളിയിക്കുന്നതാണ്‌ ലബനനിലെ ആക്രമണമെന്നും അദ്ദേഹം പ്രതികരിച്ചു.

പ്രകോപനനീക്കം: റഷ്യ

മോസ്‌കോ
ലബനനിലെ പേജർ സ്‌ഫോടനം മനപ്പൂർവം പ്രകോപനം സൃഷ്‌ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന്‌ റഷ്യൻ വിദേശകാര്യ വക്താവ്‌ മരിയ സഖറോവ. ലബനനുനേരെ നടന്നത്‌ ഭീകരാക്രമണമാണ്‌. സംഭവത്തിൽ അന്വേഷണം അനിവാര്യമാണെന്നും അവർ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top