ഇസ്താംബുൾ വിമാനത്താവളത്തിൽ കുടുങ്ങി നാനൂറോളം ഇൻഡിഗോ യാത്രക്കാർ; ഭക്ഷണം നൽകിയില്ലെന്ന് പരാതി
ഇസ്താംബുൾ > തുർക്കിയിലെ ഇസ്താംബുൾ വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യയിലേക്കുള്ള യാത്രക്കാർ. ഇൻഡിഗോ വിമാനത്തിലെ നാനൂറോളം യാത്രക്കാരാണ് 24 മണിക്കൂറോളം വിമാനത്താവളത്തിൽ കുടുങ്ങിയത്. യാത്രക്കാർ തങ്ങളുടെ ദുരനുഭവം സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. ഭക്ഷണം പോലും ആർക്കും നൽകിയില്ലെന്നും വിമാന കമ്പനിയുടെ ഒരാൾ പോലും തങ്ങൾക്കരികിലെത്തിയില്ലെന്നും യാത്രക്കാർ ആരോപിച്ചു.
ഡൽഹിയിലേക്കും മുംബൈയിലേക്കുമുള്ള യാത്രക്കാരാണ് ദുരിതത്തിലായത്. ഡിസംബർ 12ന് രാത്രി 8.15നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ 11 മണിക്കേ വിമാനം പുറപ്പെടു എന്ന് പിന്നീട് അറിയ്പ്പ് വന്നു. ശേഷം വിമാനം റദ്ദാക്കിയെന്ന വിവരമാണ് യാത്രക്കാർക്ക് ലഭിച്ചത്. ഉടൻ തന്നെ അതു മാറ്റി പകരം വ്യാഴം രാവിലെ 10 മണിക്ക് വിമാനം പുറപ്പെടുമെന്ന് അറിയിപ്പ് നൽകി. ഇത്രയും നേരം യാത്രക്കാരെല്ലാം വിമാനത്താവളത്തിൽ കുടുങ്ങി,
ഇൻഡിഗോ അധികൃതർ ആരും തങ്ങളുമായി ബന്ധപ്പെട്ടില്ലെന്നും താമസവും ഭക്ഷണവുമടക്കമുള്ള സൗകര്യങ്ങൾ നൽകിയില്ലെന്നും യാത്രക്കാർ പറയുന്നു. വിമാനത്തിന്റെ സമയം മാറ്റിയതടക്കമുള്ള അറിയിപ്പുകളും തുർക്കി വിമാനത്താവള അധികൃതരാണ് പറഞ്ഞതെന്നും യാത്രക്കാരെ ആരെയും ഇൻഡിഗോ അധികൃതർ കണ്ടിട്ടില്ലെന്നും യാത്രക്കാർ ആരോപിച്ചു. ഇസ്താംബുളിലെ അതിശൈത്യവും യാത്രക്കാരെ ദുരിതത്തിലാക്കി.
സംഭവം വിവാദമായതിനു ശേഷം ഇൻഡിഗോ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. സാങ്കേതിക പ്രശ്നങ്ങളാലാണ് വിമാനം വൈകിയതെന്നും യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതായും ഇൻഡിഗോ പറഞ്ഞു. 2024ലെ എയർഹെൽപ് സ്കോർ റിപ്പോർട്ടിൽ ലോകത്ത മോശം എയർലൈനുകളിലൊന്നായി ഇൻഡിഗോ ഉൾപ്പെട്ടിരുന്നു. 109 എയർലൈനുകളുടെ പട്ടികയിൽ 103ാം സ്ഥാനമാണ് ഇൻഡിഗോയ്ക്ക് ഉണ്ടായിരുന്നത്. ഇൻഡിഗോയുടെ കസ്റ്റമർ സർവീസിനെപ്പറ്റി മുമ്പും പരാതികളുയർന്നിരുന്നു.
0 comments