07 July Tuesday

ഹോര്‍മുസ് കടലിടുക്ക് ഏറ്റവും സംഘര്‍ഷ സാധ്യത മേഖല: ഒമാന്‍

അനസ് യാസിന്‍Updated: Monday Feb 17, 2020

മനാമ> വിവിധ രാജ്യങ്ങളില്‍നിന്നുള്ള സൈനിക കപ്പലുകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതുകാരണം ഗള്‍ഫിലെ മറ്റ് എവിടത്തെക്കാളും ഹോര്‍മുസ് കടലിടുക്കില്‍ സൈനിക ഏറ്റുമുട്ടല്‍ സാധ്യത കൂടുതലെന്ന് ഒമാന്‍.ഹോര്‍മുസില്‍ ധാരാളം സൈനിക കപ്പലുകള്‍ ഉണ്ട്. ഒരു തെറ്റ് സംഭവിച്ചേക്കുമെന്നാണ് തങ്ങളുടെ ആശങ്കയെന്നും ഒമാന്‍ വിദേശകാര്യ സഹമന്ത്രി യൂസഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല പറഞ്ഞു. അത് വരും മാസങ്ങളില്‍ ഈ പ്രദേശത്തെ ഗള്‍ഫിലെ ഏറ്റവും അപകടകരമായ സ്ഥലമായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. മ്യൂണിക്കിലെ സുരക്ഷാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറാനും ഒമാനും ഇടയ്ക്കുള്ള ഹോര്‍മുസ് കടലിടുക്കിന്റെ ഏറ്റവും കുറഞ്ഞ വീതി 33 കിലോമീറ്ററാണ്. പെട്രോളിയം, പ്രകൃതി വാതകങ്ങളുടെയും 30 ശതമാനം കൊണ്ടുപോകുന്നത് ഈ ഇടനാഴി വഴി. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചതുകാരണം തങ്ങളുടെ കപ്പലുകള്‍ക്ക് സുരക്ഷതൊരുക്കാന്‍ പല രാജ്യങ്ങളും ഹോര്‍മുസില്‍ സ്വന്തം യുദ്ധ കപ്പലുകളെ വിന്യസിച്ചിട്ടുണ്ട്. മേഖലയില്‍ വാണിജ്യ കപ്പലുകളെ ആക്രമിച്ചത് ഇറാനാണെന്ന് അമേരിക്ക ആരോപിക്കുന്നു. എന്നാല്‍, ഇറാന്‍ ഇക്കാര്യം നിഷേധിച്ചു.

യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ ജനുവരി 3 ന് സൈനിക മേധാവി ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുമെന്ന് ഇറന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കടലിടുക്ക് തടസപ്പെടുത്തുന്ന വിധം ഇടപെടാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ഇറാന് ഏകപക്ഷീയമായി ജലപാത അടയ്ക്കാന്‍ കഴിയില്ല. അതിന്റെ ഒരു ഭാഗം ഒമാന്‍ പ്രദേശിക ജലാതിര്‍ത്തിയിലായതാണ് കാരണം. എന്നാല്‍, ഇറാനിയന്‍ സമുദ്രാതിര്‍ത്തിയിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ ഉത്തരവാദിതം ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിനാണ്.

നിലവില്‍ അംഗ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് സുരക്ഷതൊരുക്കാന്‍ അമേരിക്കന്‍ നേതൃത്വത്തില്‍ നാവിക മിഷനും ഫ്രാന്‍സിന്റെ നേതൃത്വത്തില്‍ യൂറോപ്യന്‍ മിഷനും വെവ്വേറേ മേഖലയിലുണ്ട്്. ഇതിനുപുറമേ റഷ്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും മേഖലയില്‍ യുദ്ധ കപ്പലുകള്‍ വിന്യസിച്ചു. ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നത് ഒരു ചുവന്ന വര മറികടക്കലാകുമെന്നും അത് വീണ്ടും തുറക്കാന്‍  നടപടിയെടുക്കുമെന്നും അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു.

സമുദ്ര ഗതാഗതം സുരക്ഷിതാമയി നിലനിര്‍ത്തേണ്ടതു പ്രധാനമാണെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രി ഷെയ്ഖ് അഹ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബ പറഞ്ഞു. കുവൈറ്റ്, ബഹ്റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് മാത്രമാണ് ഉള്ളത്. ഇത് തടഞ്ഞാല്‍ എല്ലാവരും കുഴപ്പത്തിലാകുമെന്ന് അദ്ദേഹം സമ്മേളനത്തില്‍ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top