30 May Saturday

കൊറോണ ഭീതി; എണ്ണ ഉല്‍പ്പാദനം കുറയ്ക്കാന്‍ ഒപെക് പ്ലസിന് ശുപാര്‍ശ

അനസ് യാസിന്‍Updated: Monday Feb 10, 2020

മനാമ > കൊറോണവൈറസ് ഭീതി വിപണയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളുടെ പാശ്ചാത്തലത്തില്‍ എണ്ണയുല്‍പാദനം ഈ വര്‍ഷം രണ്ടാം പാദവസാനംവരെ കൂടുതല്‍ കുറയ്ക്കാന്‍ പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് സംയുക്ത സാങ്കേതിക സമിതി ശുപാര്‍ശ. പ്രതിദിന ഉല്‍പാദനത്തില്‍ ആറു ലക്ഷം ബാരലിന്റെ കുറവ് വരുത്താനാണ് ശുപാര്‍ശ. 2020 അവസാനം വരെ എണ്ണ വിതരണം കുറയ്ക്കുന്നതിന് നിലവിലെ കരാര്‍ നീട്ടാനും സമിതി ശുപാര്‍ശ ചെയ്തതായി ഒപെക് പ്രസിഡന്റും അള്‍ജീരിയന്‍ ഊര്‍ജ മന്ത്രിയുമായ മുഹമ്മദ് അര്‍ഖാബ് പറഞ്ഞു.

ഒപെക്കിനും അതിന്റെ സഖ്യകക്ഷികള്‍ക്കും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുകയാണ് സംയുക്ത സമിതി (ജെടിസി) കടമ. കൊറോണവൈറസ് ആഗോള സാമ്പത്തിക വളര്‍ച്ചയിലും എണ്ണ ഉപഭോഗത്തിലും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതായി സാങ്കേതിക സമിതിയുടെ വ്യാഴ്ാഴ്ച വിയന്നയില്‍ സമാപിച്ച യോഗം വിലയിരുത്തി. ഒപെക്കിലെയും സംഘടനക്ക് പുറത്തുള്ള റഷ്യ ഉള്‍പ്പെടെയുള്ള സ്വതന്ത്ര ഉല്‍പാദകരെയും ഉള്‍പ്പെടുത്തി രൂപീകരിച്ച ഒപെക് പ്ലസ് മാര്‍ച്ച് 5, 6 തീയതികളില്‍ വിയന്നയില്‍ ചേരാന്‍ നിശ്ചയിച്ച യോഗം പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ നേരത്തെയാക്കിയേക്കും. എണ്ണ വിപണിയില്‍ സന്തുലനമുണ്ടാക്കുന്ന നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്യും.

കൊറോണ വൈറസ് വ്യാപനം ചൈനയില്‍ ഗതാഗതം, ടൂറിസം, വ്യവസായം മേഖലകളെ പ്രതികൂലമായി ബാധിക്കുന്നതായും പ്രത്യാഘാതങ്ങള്‍ ഏഷ്യന്‍ മേഖലയിലും ആഗോള തലത്തിലും വര്‍ധിച്ചുവരികയാണെന്നും മുഹമ്മദ് അര്‍ഖാബ് പറഞ്ഞു. എണ്ണ ഉല്‍പാദനം കൂടുതല്‍ വെട്ടിക്കുറക്കണമെന്ന ഒപെക് പ്ലസ് സാങ്കേതിക സമിതി ശുപാര്‍ശയെ പിന്തുണക്കുന്നതായി ഒമാനും ഇറാനും അറിയിച്ചു. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഒപെക്കും റഷ്യയുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര ഉല്‍പാദക രാജ്യങ്ങളും മൊത്തം ഉല്‍പാദന നിലയില്‍ പ്രതിദിനം 12 ലക്ഷം ബാരല്‍ കുറയ്ക്കാന്‍ കഴിഞ്ഞ ഡിസംബറില്‍ തീരുമാനിച്ചിരുന്നു. എണ്ണ വില സംതുലനത്തിനായി ഈ കരാര്‍ 2020 മാര്‍ച്ച് അവസാനം വരെ നീട്ടി. ഇതാണ് ഈ വര്‍ഷം അവസാനംവരെ തുടരാന്‍ സാങ്കേതിക സമിതി ശുപാര്‍ശ ചെയ്തത്.


പ്രധാന വാർത്തകൾ
 Top