സുപ്രധാന പരീക്ഷണം നടത്തിയെന്ന്‌ ഉത്തര കൊറിയ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 09, 2019, 07:18 PM | 0 min read

പ്യോങ്‌യാങ്‌ >   സോഹേ ഉപഗ്രഹവിക്ഷേപണ കേന്ദ്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു പരീക്ഷണം നടത്തിയതായി ഉത്തര കൊറിയ. ദേശീയ പ്രതിരോധ ശാസ്‌ത്ര അക്കാദമി വക്താവിനെ ഉദ്ധരിച്ച്‌ ഉത്തര കൊറിയൻ വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട്‌ ചെയ്‌തതാണിത്‌. പടിഞ്ഞാറൻ ഉത്തര കൊറിയയിൽ ടോങ്‌ചാങ്‌റിയിൽ കടൽത്തീരമേഖലയിലാണ്‌ സോഹേ വിക്ഷേപണകേന്ദ്രം.

ഉത്തര കൊറിയയുടെ തന്ത്രപ്രധാന പദവിയിൽ മാറ്റമുണ്ടാക്കുന്നതിൽ പ്രധാന ഫലമുളവാക്കുന്നതാണ്‌ പരീക്ഷണമെന്ന്‌ വക്താവ്‌ പറഞ്ഞു. പരീക്ഷണഫലങ്ങൾ ഭരണകക്ഷിയായ വർക്കേഴ്‌സ്‌ പാർടിയുടെ കേന്ദ്ര കമ്മിറ്റിക്ക്‌ സമർപ്പിച്ചതായും അറിയിച്ചു.  ഭൂഖണ്ഡാന്തര ബാലിസ്‌റ്റിക്‌ മിസൈൽ വിക്ഷേപണം എളുപ്പമാക്കുന്ന ഖരഇന്ധന എൻജിൻ പരീക്ഷണമായിരിക്കാം നടത്തിയതെന്ന്‌ ദക്ഷിണ കൊറിയൻ നിരീക്ഷകർ പറയുന്നു.

ഉത്തര കൊറിയയുടെ ബാലിസ്‌റ്റിക്‌ മിസൈൽ പരീക്ഷണങ്ങളെ യൂറോപ്യൻ യൂണിയനിലെ ആറ്‌ രാജ്യങ്ങൾ കഴിഞ്ഞദിവസം വിമർശിച്ചിരുന്നു. ഇതിന്‌ മറുപടിയായി യുഎന്നിലെ ഉത്തര കൊറിയൻ സ്ഥാനപതി കിം സോങ്‌ ശനിയാഴ്‌ച പുറത്തിറക്കിയ പ്രസ്‌താവനയിൽ അമേരിക്കയുടെ ശത്രുതാപരമായ സമീപനത്തെയും യൂറോപ്യൻ രാജ്യങ്ങളുടെ മനോവിഭ്രാന്തിയെയും വിമർശിച്ചു.

ആണവവിമുക്തമാകുന്നത്‌ സംബന്ധിച്ച്‌ ഇപ്പോൾ അമേരിക്കയുമായി ചർച്ചയില്ലെന്നും വ്യക്തമാക്കിയിരുന്നു. തുടർന്ന്‌ ഉത്തര കൊറിയയിൽ നിന്ന്‌ ഞെട്ടിക്കുന്ന നടപടിയൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന്‌ ഡോണൾഡ്‌ ട്രംപ്‌ പറഞ്ഞതിന്‌ പിന്നാലെയാണ്‌ പുതിയ പരീക്ഷണം.



deshabhimani section

Related News

View More
0 comments
Sort by

Home