14 July Tuesday

ഡബ്ല്യുഎച്ച്‌ഒ ബന്ധം അവസാനിപ്പിച്ച്‌ ട്രംപ്‌ ; ഇനി ധനസഹായം നൽകില്ല

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020


വാഷിങ്‌ടൺ
ലോകാരോഗ്യസംഘടനയുമായുള്ള അമേരിക്കയുടെ എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതായി പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. കൊറോണ വൈറസ്‌ വ്യാപനം തടയാൻ ഡബ്ല്യുഎച്ച്‌ഒയ്ക്ക്‌ കഴിഞ്ഞില്ലെന്നും വൈറസിനെപ്പറ്റി ലോകത്തെ തെറ്റിദ്ധരിപ്പിച്ചെന്നും ആരോപിച്ചാണ്‌ യുഎസ്‌ നീക്കം. ഡബ്ല്യുഎച്ച്‌ഒയ്ക്ക്‌ നൽകിക്കൊണ്ടിരുന്ന വിഹിതം മറ്റ് പൊതുആരോഗ്യ ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കുമെന്നും‌ ട്രംപ്‌ പറഞ്ഞു.

എന്നാൽ അമേരിക്കയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന്‌ യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ കോവിഡ്‌ രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ രോഗം പിടിച്ചുകെട്ടുക എളുപ്പമല്ലെന്നും ഇയു ഓർമിപ്പിച്ചു. ട്രംപിന്റെ ഈ നീക്കം കോവിഡിനെ നിയന്ത്രണത്തിലാക്കാനുള്ള ആഗോളശ്രമങ്ങളെ പരാജയപ്പെടുത്തുമെന്ന്‌ ആരോഗ്യ വിദഗ്ധർ പറഞ്ഞു. ട്രംപിന്റെ നിലപാട്‌ വിവേകശൂന്യവും ദോഷകരമായ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുന്നതുമാണെന്ന്‌ അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ്‌ പാട്രിസ്‌ ഹാരിസ്‌ പ്രതികരിച്ചു.

അമേരിക്കയിൽ കോവിഡ്‌ വ്യാപനം തടയുന്നതിൽ പരാജയപ്പെട്ട ട്രംപ്‌ ചൈനയേയും ഡബ്ല്യുഎച്ച്‌ഒയേയും പഴിച്ച്‌ ശ്രദ്ധ തിരിക്കാനാണ്‌ ശ്രമിച്ചുവരുന്നത്‌. ‌സംഘടനയ്ക്കുമേൽ ചൈനയ്‌ക്ക്‌ പൂർണ നിയന്ത്രണമുണ്ടെന്നാണ്‌ ട്രംപിന്റെ ആരോപണം. അംഗത്വ കുടിശ്ശികയായും വിവിധ പദ്ധതികൾക്കുള്ള വിഹിതമായും 3398.5 കോടി രൂപയാണ്‌ അമേരിക്ക ഡബ്ല്യുഎച്ച്‌ഒയ്ക്ക്‌  നൽകാനുള്ളത്‌.


പ്രധാന വാർത്തകൾ
 Top