23 September Wednesday

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു ; റഷ്യക്കെതിരെ യുഎസ്‌ ഉദ്യോഗസ്ഥർ

വെബ് ഡെസ്‌ക്‌Updated: Thursday Jul 30, 2020


വാഷിങ്‌ടൺ
റഷ്യൻ മിലിറ്ററി ഇന്റലിജൻസിലെ ഉദ്യോഗസ്ഥർ കോവിഡ്‌ സംബന്ധിച്ച്‌ അമേരിക്കയ്‌ക്കെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന്‌ യുഎസ്‌ ഉദ്യോഗസ്ഥർ. മഹാമാരി നിയന്ത്രിക്കാനാവാതെ അമേരിക്ക വിഷമിക്കുമ്പോഴാണ്‌ അമേരിക്കക്കാരെ തെറ്റിദ്ധരിപ്പിക്കാൻ മൂന്ന്‌ ഇംഗ്ലീഷ്‌ വെബ്‌സൈറ്റ്‌ ഉപയോഗിച്ച്‌ പ്രചാരണമെന്ന്‌ പേര്‌ വെളിപ്പെടുത്താത്ത അമേരിക്കൻ ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞതവണത്തെ പോലെ അമേരിക്കൻ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ്‌ ഇതെന്ന്‌ സംശയമുണ്ട്‌. 2016ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലാണ്‌ ഡോണൾഡ്‌ ട്രംപിനെ പ്രസിഡന്റാക്കിയത്‌ എന്ന്‌ അമേരിക്കൻ രഹസ്യാന്വേഷണ കേന്ദ്രങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നു. അപ്പോഴാണ്‌ വീണ്ടും അതാവർത്തിക്കാൻ ചില വെബ്‌സൈറ്റുകളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയത്‌.

ജിആർയു എന്നറിയപ്പെടുന്ന റഷ്യൻ സൈനിക രഹസ്യാന്വേഷണ ഏജൻസിയിലെ രണ്ട്‌ ഉദ്യോഗസ്ഥരാണ്‌ പാശ്ചാത്യരെ പൊതുവിൽ ലക്ഷ്യമിട്ടുള്ള വ്യാജപ്രചാരണത്തിന്‌ പിന്നിലെന്നാണ്‌ റിപ്പോർട്ട്‌. ഇതുവരെ രഹസ്യ ഇനത്തിൽപ്പെടുത്തിയിരുന്ന ഈ വിവരം രഹസ്യ ഇനത്തിൽനിന്ന്‌ നീക്കിയതിനെ തുടർന്നാണ്‌ വെളിപ്പെടുത്തുന്നതെന്ന്‌ അമേരിക്കൻ ഉദ്യോഗസ്ഥർ അറിയിച്ചു.

മെയ്‌ അവസാനത്തിനും ജൂലൈ ആരംഭത്തിനുമിടയിൽ ഈ വെബ്‌സൈറ്റ്‌ ത്രയം അമേരിക്കയെ മോശമാക്കിയും റഷ്യയെ ഉയർത്തിക്കാട്ടിയും 150 ലേഖനം പ്രസിദ്ധീകരിച്ചതായി ഇവർ പറഞ്ഞു. അമേരിക്കയ്‌ക്ക്‌ റഷ്യൻ സഹായത്തെ കുറിച്ചായിരുന്നു ഒരു ശീർഷകം. ‘കോവിഡ്–-‌ 19 ജൈവായുധമാണെന്ന് ബീജിങ്‌ വിശ്വസിക്കുന്നു’ എന്നായിരുന്നു ഒരു ശീർഷകം.
തങ്ങളുടെ ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കാൻ റഷ്യ നിരന്തരം ഇന്റെർനെറ്റ്‌ ട്രോളുകൾ ഉപയോഗിക്കുന്നതിനെ കുറിച്ച്‌ ജനങ്ങൾക്കുള്ള‌ മുന്നറിയിപ്പ്‌ അമേരിക്കയുടെ കൗണ്ടർ ഇന്റലിജൻസ്‌ തലവൻ വെള്ളിയാഴ്‌ച പ്രസ്‌താവനയിലൂടെ പുറത്തുവിട്ടിട്ടുണ്ട്‌.

റഷ്യ ആരോപണം തള്ളി. ഇത്‌ ഗൂഡാലോചനാ സിദ്ധാന്തവും മാറാത്ത ഭീതിരോഗവുംആണെന്ന്‌ ക്രെംലിൻ വക്താവ്‌ ദിമിത്രി പെസ്‌കോവ്‌ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top