25 September Friday

യുഎസ്‌ ജയിലുകളിൽ 735 കോവിഡ്‌ മരണം

വെബ് ഡെസ്‌ക്‌Updated: Thursday Jul 30, 2020


വാഷിങ്‌ടൺ
അമേരിക്കയിലെ ജയിലുകളിൽ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 750ഓളമായി. തിങ്കളാഴ്ച വരെ സംസ്ഥാന ജയിലുകളിലും ഫെഡറൽ(കേന്ദ്ര) ജയിലുകളിലുമായി 82,000 പേരാണ്‌ രോഗബാധിതരായത്‌. 735 പേർ മരിച്ചു. ഉദ്യോഗസ്ഥരിൽ 19,300 പേർക്ക്‌ കോവിഡ്‌ ബാധിച്ചു. ഇതിൽ 56 പേർ മരിച്ചു.

കോവിഡ്‌ ബാധിച്ച്‌ മരിച്ച തടവുകാരിൽ  ഒരാൾ പോലും ജീവപര്യന്തം തടവിനോ വധശിക്ഷയ്‌ക്കോ വിധിക്കപ്പെട്ടവരല്ല. 122 ഫെഡറൽ ജയിലുകളിൽ മാത്രം 129000 അന്തേവാസികളാണുള്ളത്‌. ഇതിൽ 35000 പേരെ പരിശോധിച്ചതിൽ 10000 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു.

ഫെഡറൽ ജയിലുകളിൽ മരിച്ച നൂറുപേരിൽ മൂന്നുസ്‌ത്രീകളുമുണ്ട്‌. മയക്കുമരുന്ന്‌ വിറ്റതിനാണ്‌ ആൻഡ്രിയ സർക്കിൾ ബിയർ (30) 26 മാസത്തേക്ക്‌ ശിക്ഷിക്കപ്പെട്ടത്‌. എന്നാൽ, കോവിഡ്‌ ബാധിച്ച്‌ മരിക്കുമ്പോൾ താൻ ആറാമതും അമ്മയായത്‌‌ ആൻഡ്രിയ അറിഞ്ഞില്ല.  മരിക്കുന്നതിന്‌ നാലാഴ്ച മുമ്പ്‌ വെന്റിലേറ്റിലായിരിക്കെയാണ്‌  പ്രസവിച്ചത്‌.

ഗർഭിണിയായിരിക്കെ ആശുപത്രിയിൽ പോയി വന്നതിനുശേഷമാണ്‌ ആൻഡ്രിയക്ക്‌ രോഗം ബാധിക്കുന്നത്‌. ജയിലിൽ സന്ദർശകരെ വിലക്കുകയും പുതിയതായി വരുന്നവരെ നിരീക്ഷണത്തിലാക്കുകയും ചെയ്യുന്നുണ്ടെങ്കിലും രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്‌. അന്തേവാസികളെ വിട്ടയക്കണമെന്നും വീട്ടിൽ തന്നെയിരിക്കാൻ സൗകര്യങ്ങൾ ചെയ്തു കൊടുക്കണമെന്നും‌ നിരവധി അഭിഭാഷകർ ആവശ്യപ്പെടുന്നുണ്ട്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top