28 November Saturday

ഇന്ത്യയുമായുള്ള അതിർത്തി സംഘർഷം : ഇടപെടരുതെന്ന്‌‌ യുഎസിനോട്‌ ചൈന

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020


ബീജിങ്  > ഇന്ത്യയും ചൈനയുമായി നിലനിൽക്കുന്ന അതിർത്തി തർക്കത്തിൽ മൂന്നാം രാജ്യത്തിന്റെ ഇടപെടൽ ആവശ്യമില്ലെന്ന്‌ ചൈന. ഉഭയകക്ഷി പ്രശ്‌നത്തിൽ പുറത്തുനിന്നുള്ള ഇടപെടൽ ആവശ്യമില്ല. പ്രദേശത്തെ സമാധാനം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കാനും ചൈന ആവശ്യപ്പെട്ടു.

അതിർത്തിയിലെ  പ്രദേശങ്ങൾ നയതന്ത്ര, സൈനിക മാർഗങ്ങളിൽ  ചർച്ച ചെയ്യുന്നുണ്ട്‌. ചൈനയ്ക്കും ഇന്ത്യക്കും അഭിപ്രായ വ്യത്യാസങ്ങളും പ്രശ്‌നങ്ങളും ശരിയായി കൈകാര്യം ചെയ്യാനുള്ള വിവേകവും കഴിവും ഉണ്ട്. ഒരു മൂന്നാം കക്ഷിക്ക് ഇടപെടാനുള്ള ഇടമില്ല.

ഇന്ത്യ സന്ദർശന വേളയിൽ യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ചൈനയ്‌ക്കെതിരെ നടത്തിയ പരാമർശത്തിന് പിന്നാലെയാണ് പ്രതികരണം. ഇന്ത്യ–- അമേരിക്ക കരാർ അമേരിക്കയുടെ ആധിപത്യം നിലനിർത്തുന്നതിനും പ്രദേശത്തെ മറ്റു രാജ്യങ്ങളുമായി സംഘർഷം സൃഷ്ടിക്കുന്നതിനുമാണ്‌. രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നത്‌ പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും വികസനത്തിനും ഉതകുന്നതാകണം. മൂന്നാം കക്ഷിയുടെ നിയമാനുസൃതമായ അവകാശങ്ങളും താൽപ്പര്യങ്ങളും ലംഘിക്കരുത്‌. ചൈനയ്ക്കെതിരെയുള്ള മൈക്ക് പോംപിയോയുടെ ആരോപണം പുതിയ സംഭവമല്ല. അത്‌ സമയാസമയം ആവർത്തിച്ച്‌ കൊണ്ടിരിക്കുകയാണ്‌.  ശീതയുദ്ധ മനോഭാവത്തോടെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ്  നടത്തുന്നത്‌. ഇത്തരം സമീപനം അദ്ദേഹം അവസാനിപ്പിക്കണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ ആവശ്യപ്പെട്ടു.

അമേരിക്കൻ ഇടപെടലിനോട്‌ ശക്തമായ വിയോജിപ്പ്‌ രേഖപ്പെടുത്തിയ ചൈന, യുഎസ്‌ പൊതുജനങ്ങളെ തെറ്റിധരിപ്പിക്കാൻ വസ്തുതകൾ വളച്ചൊടിക്കുന്നുവെന്നും പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തിൽ ചൈനയുടെ നേട്ടങ്ങൾ എല്ലാവർക്കും കാണാൻ കഴിയുന്നയതാണ്. യുഎസ് രാഷ്ട്രീയക്കാർ മറ്റുള്ളവരുടെ മേൽ കുറ്റം ചുമത്തുന്നതിനുപകരം സ്വന്തം രാജ്യത്ത്‌ പകർച്ചവ്യാധി പ്രതിരോധത്തിലും ജീവൻ രക്ഷിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാനും ചൈന പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top