22 October Thursday

ആദായനികുതിയും വെട്ടിച്ച്‌ ട്രംപ്‌ ; 2016ൽ അടച്ചത്‌ 750 ഡോളർ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020


വാഷിങ്‌ടൺ
അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ബിസിനസ്‌ സാമ്രാജ്യത്തിന്റെ ഉടമയായ ട്രംപ്‌‌ 2016, 2017 വർഷങ്ങളിൽ ആദായനികുതിയായി അടച്ചത്‌ 750 ഡോളർ മാത്രമെന്ന്‌ ന്യൂയോർക്ക്‌ ടൈംസ്‌ റിപ്പോർട്ട്‌. ‌കമ്പനികൾ നഷ്ടത്തിലാണെന്ന്‌ കാണിച്ചാണ് തിരിമറി‌‌‌‌. ഇതുകൂടാതെ, 2017 വരെയുള്ള പതിനഞ്ച്‌ വർഷത്തിൽ 10 വർഷം ആദായ നികുതി അടച്ചിട്ടേയില്ലെന്നും റിപ്പോർട്ടിലുണ്ട്‌.

ട്രംപിനേക്കാൾ കൂടുതൽ ആദായനികുതി അടച്ച പൗരന്മാർ കൈയുയർത്താൻ ഡെമോക്രാറ്റിക്‌ സെനറ്റംഗം ചക്ക്‌ ഷൂമർ പരിഹാസരൂപേണ ട്വിറ്ററിൽ കുറിച്ചു. വാർത്ത വ്യാജമാണെന്നും ഓഡിറ്റ്‌ നടക്കുന്നതിനാലാണ്‌ ആദായനികുതി സംബന്ധിച്ച വിവരങ്ങൾ പരസ്യമാക്കാത്തതെന്നും‌ ട്രംപ്‌ പറഞ്ഞു. ആദായനികുതി വിവരങ്ങൾ പരസ്യമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ന്യൂയോർക്ക്‌ സിറ്റി അഭിഭാഷകരും ഡെമോക്രാറ്റ്‌ കോൺഗ്രസംഗങ്ങളും മുമ്പ്‌ കേസ്‌ കൊടുത്തിരുന്നു.

2018ൽ ആദയാനികുതി കുറയ്ക്കാനായി കമ്പനി 47400000 ഡോളർ ( 300 കോടിയിലധികം) നഷ്ടത്തിലാണെന്ന്‌ ട്രംപ്‌ കാണിച്ചിരുന്നു. എന്നാൽ, 2018 സാമ്പത്തികവർഷം മാത്രം ട്രംപിന്‌ 427400000 ഡോളർ (3000 കോടിയിലധികം) വരുമാനം ലഭിച്ചിട്ടുണ്ട്‌.  റിയാലിറ്റി ടിവി പരിപാടി, ലൈസൻസിങ്‌ ഓഹരി മറ്റുള്ള ബിസിനസുകളിൽ നിന്നാണ്‌ ഇത്രയും വരുമാനം. പുറത്തുവിട്ട രേഖകളിൽ നിന്ന്‌ മാത്രമുള്ള വിവരമാണിത്‌‌. മുഴുവൻ സ്വത്ത്‌വിവരങ്ങളുടെയും വരുമാനത്തിന്റെയും കണക്ക്‌ ഇതുവരെ ലഭ്യമല്ല.
അമേരിക്കയിലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ 35 ദിവസം ശേഷിക്കെ പുറത്തുവന്ന വിവാദം ട്രംപിന്റെ പ്രതിച്ഛായയേയും തെരഞ്ഞെടുപ്പിനേയും തന്നെ ബാധിച്ചേക്കും‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top