13 July Monday

സാമ്പത്തികപ്രതിസന്ധി : ബോയിങ്‌ 16,000 പേരെ പുറന്തള്ളുന്നു

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020


വാഷിങ്‌ടൺ
കോവിഡ്‌ വ്യാപനം മൂർച്ഛിപ്പിച്ച സാമ്പത്തികപ്രതിസന്ധി നേരിടാൻ അമേരിക്കൻ വിമാന നിർമാണ കമ്പനിയായ ബോയിങ്‌ പതിനാറായിരത്തോളം തൊഴിലാളികളെ പുറന്തള്ളുന്നു. 12,000 പേരെ ഈയാഴ്‌ച തന്നെ പറഞ്ഞുവിടും. മാസങ്ങൾക്കകം ആയിരക്കണക്കിന്‌ തൊഴിലാളികളെക്കൂടി പിരിച്ചുവിടും. കമ്പനിയിലെ 1.60 ലഷം തൊഴിലാളികളിൽ 10 ശതമാനംപേരെ ഒഴിവാക്കുകയാണ്‌ ലക്ഷ്യം.

ഈയാഴ്‌ച 6770 അമേരിക്കൻ തൊഴിലാളികളെ ലേ ഓഫ്‌ ചെയ്യുമെന്ന്‌ കമ്പനി അറിയിച്ചു. കൂടാതെ 5520 പേർ ഓഹരി വാങ്ങിപ്പിരിയാൻ സന്നദ്ധരായിട്ടുണ്ട്‌. സിയാറ്റിൽ മേഖലയിൽനിന്നാണ്‌ പതിനായിരത്തോളംപേരെ ഒഴിവാക്കുന്നത്‌. രണ്ട്‌ വിമാനാപകടത്തെ തുടർന്ന്‌ ഉൽപ്പാദനം നിർത്തിവച്ച 737 മാക്‌സ്‌ ജെറ്റ്‌ലൈനറിന്റെ ഉൽപ്പാദനം പുനരാരംഭിക്കുന്നതായും കമ്പനി പ്രഖ്യാപിച്ചു.

ചെലവുകുറഞ്ഞ യൂറോപ്യൻ വ്യോമയാന കമ്പനിയായ ഈസിജെറ്റ്‌ 15,000 തൊഴിലാളികളിൽ അയ്യായിരത്തോളംപേരെ കുറയ്‌ക്കും. ജൂൺ 15നു പരിമിതമായി സർവീസ്‌ പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും 2019ലെ സ്ഥിതിയിലെത്താൻ മൂന്നു വർഷം വേണ്ടിവരും‌.വാഹന നിർമാതാക്കളായ നിസാൻ സ്‌പെയിനിലെയും ഇന്തോനേഷ്യയിലെയും നിർമാണശാലകൾ പൂട്ടുന്നതായി അറിയിച്ചു. 11 വർഷത്തിനിടെ ആദ്യമായി നഷ്‌ടത്തിലായതിനെ തുടർന്നാണിത്‌. ആഗോള ഉൽപ്പാദനം 20 ശതമാനം കുറയ്‌ക്കും‌. മോഡലുകളുടെ എണ്ണവും കുറയ്‌ക്കും. യൂറോപ്പിലെ വാഹന നിർമാണം ബ്രിട്ടനിലെ സണ്ടർലൻഡിൽ കേന്ദ്രീകരിക്കും. ഇന്തോനേഷ്യയിലെ ഉൽപ്പാദനം തായ്‌ലൻഡിലെ ഫാക്ടറിയിലേക്കു മാറ്റും.

സ്‌പെയിനിൽ 3000 തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുന്നതിനും കാത്തലൂണിയ മേഖലയിൽ 20,000 കുടുംബത്തിൽ ആഘാതം ഉണ്ടാക്കുന്നതുമാണ്‌ തീരുമാനം. ഇതിൽ പ്രതിഷേധിച്ച്‌ വടക്കുകിഴക്കൻ സ്‌പെയിനിലെ ഫാക്ടറി ഗേറ്റിൽ തൊഴിലാളികൾ ടയർ കത്തിച്ചുപ്രതിഷേധിച്ചു.
 


പ്രധാന വാർത്തകൾ
 Top