20 October Tuesday

ഏമി കോണി ബാരറ്റിനെ ട്രംപ്‌ നാമനിർദേശം ചെയ്തു‌ ; വിമർശിച്ച്‌‌ ഡെമോക്രാറ്റുകൾ

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020

വാഷിങ്‌ടൺ
ജഡ്‌ജ്‌ ഏമി കോണി ബാരറ്റിനെ യുഎസ്‌ സുപ്രീംകോടതിയിലേക്ക് പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ് ‌‌നാമനിർദേശം ചെയ്തു. അന്തരിച്ച മുൻ സുപ്രീംകോടതി ജഡ്‌ജ്‌ റുത്‌ ബാഡർ ഗിൻസ്‌ബർഗിന്റെ ഒഴിവിലേക്കാണ്‌ ഏമിയെ നിർദേശിച്ചത്‌.  ‘സെനറ്റ്‌ നാമനിർദേശം അംഗീകരിച്ചാൽ തന്റെ കഴിവിനനുസരിച്ച്‌ ഏറ്റവും മികച്ചരീതിയിൽ കൃത്യനിർവഹണം നടത്തുമെന്ന്‌- ഏമി ബാരറ്റ്‌ പ്രതികരിച്ചു.

നിലവിൽ സെവൻത്‌ സർക്യൂട്ട്‌ ഓഫ്‌ കോർട്ട്‌ ഓഫ്‌ അപ്പീൽസിൽ ജഡ്‌ജിയായ ഏമിയെ തൽസ്ഥാനത്തേക്ക്‌ ട്രംപ്‌ തന്നെയാണ്‌ 2017ൽ തെരഞ്ഞെടുത്തത്‌.  സുപ്രീംകോടതിയിലേക്കുള്ള നിയമനത്തിന്‌ സെനറ്റിന്റെ അംഗീകാരം ലഭിക്കണം.  റിപ്പബ്ലിക്കൻ പാർടിക്ക്‌ ഭൂരിപക്ഷമുള്ള സെനറ്റിൽ നാമനിർദേശം അംഗീകരിക്കാൻ തടസ്സമില്ല. കടുത്ത യാഥാസ്ഥിക വാദിയായ ഏമി ബാരറ്റ്‌ സുപ്രീംകോടതി ജഡ്‌ജിയായാൽ, 9 അംഗ ജഡ്‌ജിമാരിൽ യാഥാസ്ഥിതിക വാദികൾക്ക്‌ മേൽക്കൈ ലഭിക്കും. ഇതുവരെ ഏമിയുൾപ്പെടെ മൂന്ന്‌ ജഡ്‌ജുമാരെയാണ്‌ ട്രംപ്‌ നിർദേശിച്ചത്‌. നീൽ ഗോർസച്ച്‌, ബ്രറ്റ്‌ കാവനൗ എന്നിവരാണ്‌ മറ്റുള്ളവർ. ഭർത്താവിനും ഏഴു മക്കൾക്കുമൊപ്പം ഇന്ത്യാനയിലാണ്‌ ഏമിയുടെ താമസം.

വിമർശിച്ച്‌‌ ഡെമോക്രാറ്റുകൾ
ഏമി ബാരറ്റിനെ നിർദേശിച്ചതിനെ ഡെമോക്രാറ്റ്‌ പ്രസിഡന്റ്‌ സ്ഥാനാർഥി ജോ ബൈഡൻ എതിർത്തു. തെരഞ്ഞെടുപ്പ്‌ കഴിയുന്നതുവരെ  സുപ്രീംകോടതിയിലേക്ക്‌ പുതിയ നിയമനം നടത്തുന്നത് സെനറ്റ്‌‌ തടയണമെന്ന്‌ അദ്ദേഹം പറഞ്ഞു. വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാർഥി കമലാ ഹാരിസും നാമനിർദേശത്തെ എതിർത്തു.

നിലവിലെ ഒഴിവ്‌ ട്രംപ്‌ ദുരുപയോഗം ചെയ്യുകയാണെന്നും പുതിയ സ്ഥാനാർഥിത്വത്തോടെ ജനങ്ങളുടെ ആരോഗ്യസംരക്ഷണവും സാമ്പത്തികസുരക്ഷയും  ഇല്ലാതാക്കാനാണ്‌ ട്രംപ്‌ ശ്രമിക്കുന്നതെന്നും‌‌ സ്‌പീക്കർ നാൻസി പെലോസി പറഞ്ഞു.

ഏമിയുടെ നാമനിർദേശത്തിനെതിരെ എൽജിബിടിക്യൂ –- സ്‌ത്രീപക്ഷ സംഘടനകൾ രംഗത്തെത്തി. കടുത്ത മതവിശ്വാസിയായ ഏമി ഗർഭച്ഛിദ്രം, സ്വവർഗ ലൈംഗികത എന്നിവയിൽ സ്വീകരിക്കുന്ന നിലപാടുകൾ പലപ്പോഴും വിമർശന വിധേയമായിട്ടുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top