07 August Friday

101 ആരോഗ്യപ്രവർത്തകർ മരിച്ചെന്ന്‌ റഷ്യൻ അധികൃതർ

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020


മോസ്‌കോ/സ്‌പെയിൻ
കോവിഡ്‌ ബാധിച്ച്‌ റഷ്യയിൽ 101 ആരോഗ്യ പ്രവർത്തകർ മരിച്ചതായി അധികൃതർ. എന്നാൽ ഈ കണക്ക്‌ ശരിയല്ലെന്നും ഇതിന്റെ മൂന്നിരട്ടി  സഹപ്രവർത്തകർ മരിച്ചതായുമാണ്‌ അവിടത്തെ ആരോഗ്യപ്രവർത്തകർ പറയുന്നത്‌. മരിച്ചതായി ഇവർ പറയുന്ന 300 പേരുടെ പട്ടിക ഓൺലൈനായി പുറത്തുവിട്ടു. മൂന്നേമുക്കാൽ ലക്ഷത്തോളം പേർക്ക്‌ രോഗം ബാധിച്ച റഷ്യയിൽ മരണസംഖ്യ നാലായിരത്തോളമായി. രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാമതുള്ള റഷ്യ മരണസംഖ്യയുടെ കാര്യത്തിൽ 17–-ാം സ്ഥാനത്താണ്‌. മരണസംഖ്യ കുറച്ചുകാണിക്കുകയാണെന്ന ആരോപണം അധികൃതർ നിഷേധിച്ചു.

കോവിഡ്‌ ബാധിച്ച്‌ മരിച്ചവരെ സ്‌മരിച്ച്‌ സ്‌പെയിനിൽ 10 ദിവസത്തെ ദുഖാചരണത്തിന്‌ ബുധനാഴ്‌ച തുടക്കമായി. രാജ്യത്തെ 14000ൽപരം സർക്കാർ മന്ദിരങ്ങളിൽ ദേശീയ പതാക പകുതി താഴ്‌ത്തി. ഫെലിപ്‌ ആറാമൻ രാജാവ്‌ ഒരു മിനിറ്റ്‌ നേരത്തെ മൗനാചരണം നയിച്ചു. പ്രധാനമന്ത്രി പെദ്രോ സാഞ്ചെസും മന്ത്രിമാരും സാമാജികരും പാർലമെന്റിലും ആരോഗ്യപ്രവർത്തകർ അടക്കമുള്ളവർ തൊഴിലിടങ്ങളിലും മൗനമാചരിച്ചു.കോവിഡിനെ നല്ല രീതിയിൽ ചെറുത്ത ന്യൂസിലൻഡിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അവസാനത്തെയാളും വീട്ടിലേക്ക്‌ മടങ്ങി. രോഗം ഗുരുതരമല്ലാത്ത 21 പേർ വീടുകളിൽ ചികിത്സയിലുണ്ട്‌. 1504 പേർക്ക്‌ രോഗം ബാധിച്ച ഇവിടെ 21 പേരാണ്‌ മരിച്ചത്‌.

അതേസമയം ലാറ്റിനമേരിക്കയിലാണ്‌ രോഗം ഇപ്പോൾ ഏറ്റവും ഭീഷണമായുള്ളത്‌. അമേരിക്ക കഴിഞ്ഞാൽ ഏറ്റവുമധികം ആളുകൾക്ക്‌ രോഗം ബാധിച്ച ബ്രസീലിലാണ്‌ ഏറ്റവുമധികം പ്രതിദിന മരണം ഇപ്പോൾ സംഭവിക്കുന്നത്‌. ആയിരത്തിലധികം പേർ ചൊവ്വാഴ്‌ചയും മരിച്ചു. ഇവിയൊകെ മരണസംഖ്യ കാൽ ലക്ഷമായി. മെക്‌സിക്കോയിൽ അഞ്ഞൂറിലധികം ആളുകൾ മരിച്ചു. ഇവിടെ മരണസംഖ്യ എണ്ണായിരത്തോളമായി. ചിലിയിൽ ആശുപത്രികളിലെ തീവ്രപരിചരണ മുറികൾ നിറഞ്ഞു.

യൂറോപ്യൻ രാജ്യമായ സൈപ്രസ്‌ വിദേശ സഞ്ചാരികളെ ക്ഷണിച്ച്‌ മറ്റ്‌ രാജ്യങ്ങൾക്കും ടൂർ ഓപറേറ്റർമാർക്കും മറ്റും കത്തയച്ചു. സൈപ്രസിൽ വച്ച്‌ സഞ്ചാരികൾക്ക്‌ രോഗം ബാധിച്ചാൽ മുഴുവൻ താമസ–-ചികിത്സാ ചെലവും സർക്കാർ വാഗ്ദാനം ചെയ്യുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top