02 July Thursday

മാസ്‌കിനെ പരിഹസിക്കുന്ന ട്രംപ്‌ പമ്പരവിഡ്‌ഢി: ബൈഡൻ

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020


വാഷിങ്‌ടൺ
കോവിഡിനെ ചെറുക്കാൻ മാസ്‌ക്‌ ധരിക്കുന്നതിനെ പരിഹസിക്കുന്ന അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ പമ്പരവിഡ്‌ഢിയാണെന്ന്‌ ജോ ബൈഡൻ. യുദ്ധങ്ങളിൽ മരിച്ച അമേരിക്കൻ സൈനികരെ ആദരിച്ചുള്ള അനുസ്‌മരണദിനത്തിൽ മാസ്‌ക്‌ ധരിച്ച്‌ റീത്ത്‌ വയ്‌ക്കുന്ന ബൈഡന്റെ ഫോട്ടോ ട്രംപ്‌ റീട്വീറ്റ്‌ ചെയ്‌തതിനോട്‌ പ്രതികരിച്ചാണ്‌ ബൈഡൻ ഇതു പറഞ്ഞത്‌.

മരണസംഖ്യ ഒരുലക്ഷത്തിലധികമായ അമേരിക്കയിൽ അരലക്ഷം പേരെങ്കിലും മരിച്ചത്‌ ട്രംപിന്റെ ശ്രദ്ധക്കുറവും അഹംഭാവവും കാരണമാണെന്നും ബൈഡൻ പറഞ്ഞു. നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ട്രംപിനെതിരെ ബൈഡനായിരിക്കും ഡെമോക്രാറ്റിക്‌ സ്ഥാനാർഥി. ഇതേസമയം അമേരിക്കൻ സ്വാതന്ത്ര്യ ദിനം ജൂലൈ നാലിന്‌ പതിവുപോലെ വിപുലമായി ആഘോഷിക്കുന്നതിനുള്ള ട്രംപിന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന്‌ വൈറ്റ്‌ഹൗസ്‌ അറിയിച്ചു. കോവിഡ്‌ വ്യാപന ഭീഷണി തുടരുമ്പോൾ തലസ്ഥാനമായ വാഷിങ്‌ടണിൽ ആഘോഷം നടത്തുന്നതിനെ അവിടത്തെ ഡെമോക്രാറ്റിക്‌ പാർടിക്കാരായ കോൺഗ്രസ്‌ അംഗങ്ങൾ എതിർക്കുകയാണ്‌.

അതേപോലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി റിപ്പബ്ലിക്കൻ പാർടിയുടെ പൂർണ തോതിലുള്ള സമ്മേളനം ആഗസ്‌തിൽ നോർത്ത്‌ കാരലൈനയിൽ നടത്തണമെന്ന ട്രംപിന്റെ ആവശ്യവും വിവാദമായിട്ടുണ്ട്‌. ഡെമോക്രാറ്റിക്‌ പാർടിക്കാരനായ റേ കൂപ്പറാണ്‌ സംസ്ഥാനത്തെ ഗവർണർ. സമ്മേളനത്തിന്‌ ഉദ്ദേശിക്കുന്ന സുരക്ഷാ പദ്ധതികൾ എഴുതി നൽകാൻ റിപ്പബ്ലിക്കൻ പാർടിയോട്‌ സംസ്ഥാന ഭരണകൂടം ആവശ്യപ്പെട്ടിരിക്കുകയാണ്‌.
 


പ്രധാന വാർത്തകൾ
 Top