04 December Friday

മുൻകൂർ വോട്ട്‌ ചെയ്‌ത്‌ യുഎസ് ; ബൈഡന്‌ അനുകൂലമെന്ന്‌ സർവേകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020


ന്യൂയോർക്ക്‌
അമേരിക്കൻ തെരഞ്ഞെടുപ്പിന്‌ എട്ടു ദിവസം ശേഷിക്കേ നേരത്തെയുള്ള വോട്ടിങ്‌ സംവിധാനം ഉപയോഗപ്പെടുത്തിയവരുടെ എണ്ണം കുതിച്ചുയർന്നു. ഇതുവരെ 5.87 കോടി പേർ വോട്ട്‌ ചെയ്തെന്ന്‌ റിപ്പോർട്ട്‌. ഇത്‌ 2016 തെരഞ്ഞെടുപ്പിനേക്കാളും അധികമാണ്‌. അതേസമയം മെയിൽ ഇൻ ബാലറ്റുകൾ(പോസ്റ്റൽ വോട്ട്‌) വർധിച്ചതിനാൽ ഫലപ്രഖ്യാപനം തെരഞ്ഞെടുപ്പ്‌ ദിനമായ നവംബർ മൂന്നിന്‌ നടക്കാൻ സാധ്യതയില്ല. പോസ്റ്റൽ സംവിധാനത്തിന്റെ പ്രവർത്തനം കോവിഡ്‌ മൂലം ശരാശരി ആറു ദിവസംവരെ  വൈകുന്നുണ്ട്‌. എണ്ണി തീരാൻ കൂടുതൽ സമയം ആവശ്യമായി വരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പിന്‌ നേരത്തെയുള്ള വോട്ടിങ്‌ സംവിധാനം ഉപയോഗപ്പെടുത്തിയത്‌ ആകെ 5.83 കോടി പേർമാത്രമാണ്‌. പൊതുതെരഞ്ഞെടുപ്പിന് രണ്ടാഴ്ച മുമ്പു‌‌മുതല്‍ മൂന്ന് ദിവസംവരെയാണ് ഈ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുക. ഇനിയും മുൻകൂർ വോട്ടിന്‌ അവസരമുള്ളതിനാൽ ഭൂരിപക്ഷം പേരും നവംബർ മൂന്നിനുമുമ്പ്‌‌ വോട്ട്‌ ചെയ്യാനാണ്‌ സാധ്യത. കോവിഡ്‌ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യവും ഈ അവസരം വിനിയോഗിക്കാൻ വോട്ടർമാരെ പ്രേരിപ്പിക്കുന്നുണ്ട്‌. നിലവിൽ വോട്ട്‌ ചെയ്‌തവരിൽ 54ശതമാനവും ശക്തമായ മത്സരം നടക്കുന്ന 16 സംസ്ഥാനങ്ങളിൽനിന്നാണ്‌.

ട്രംപിനെ കൈവിടുന്നു
മുൻ തെരഞ്ഞെടുപ്പിൽ ട്രംപ് നേരിയ ഭൂരിപക്ഷം നേടിയ ഇടങ്ങളിലും മികച്ച വോട്ടിങ്ങാണ്‌. ‌എന്നാൽ, ഇവിടങ്ങളിൽ മുൻകൂർ വോട്ടുകൾ ബൈഡന്‌ അനുകൂലമാണെന്നാണ്‌ റിപ്പോർട്ട്‌. ഇതുവരെ ചെയ്‌ത വോട്ടുകളിൽ 70ശതമാനം ബൈഡനാണ്‌. ട്രംപിന്‌ 20ശതമാനംമാത്രം‌. ഫ്ലോറിഡയിൽ 35ശതമാനം പേർ വോട്ട്‌ ചെയ്‌തു. ഇവരിൽ 71 ശതമാനത്തിന്റെയും പിന്തുണ ബൈഡനാണ്‌. ട്രംപിനുള്ള പിന്തുണ 27ശതമാനം. ഉത്തര കരോലീനയിൽ ഡെമോക്രാറ്റുകൾക്ക്‌ 40ശതമാനവും റിപ്പബ്ലിക്കൻസിന്‌ 30ശതമാനവും. കഴിഞ്ഞ തവണ ഒരു ശതമാനം വോട്ടിന്‌ ട്രംപ്‌ മുൻതൂക്കം നേടിയ പെൻസിൽവാനിയയിലും ബൈഡൻ മുന്നേറ്റമാണ്‌. 1980  മുതൽ റിപ്പബ്ലിക്കൻമാർക്ക്‌‌ പിന്തുണ നൽകുന്ന ടെക്‌സാസിലും ബൈഡന്‌ നേരിയ മേൽക്കൈയുണ്ടെന്നാണ്‌ സർവേ ഫലങ്ങൾ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top