19 July Friday

അമേരിക്കയിലും ഐലൻ കുർദി; കുടിയേറാനുള്ള ശ്രമത്തില്‍ മുങ്ങിമരിച്ച അച്ഛന്റെയും രണ്ടുവയസ്സുകാരിയുടെയും മൃതദേഹം തീരത്തടിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday Jun 27, 2019

വാഷിങ‌്ടൺ > കുടിയേറ്റവിരുദ്ധമനോഭാവത്തിനെതിരെ ലോകമനസ്സാക്ഷിയെ ഉണർത്തിയ സിറിയൻബാലൻ ഐലൻ കുർദിയുടെ ദാരുണചിത്രത്തിന് സമാനമായി അഭയാർഥി പ്രതിസന്ധിയിലേക്ക് വെളിച്ചംവീശി മെക്സിക്കൻ അതിർത്തിയിൽ നിന്നും മറ്റൊരുദൃശ്യം. സാൽവദോറിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറാനുള്ള സാഹസത്തിൽ നദിയിൽ മുങ്ങിമരിച്ച അച്ഛന്റേയും രണ്ടുവയസ്സുകാരിയുടെയും മൃതദേഹം തീരത്തടിഞ്ഞു. കമഴ്ന്ന് കിടക്കുന്ന അച്ഛനും മകളും. പിതാവിന്റെ വസ്ത്രത്തിനുള്ളിൽ അദ്ദേഹത്തെ ചേർത്തുപിടിച്ച് കിടക്കുന്ന രണ്ട‌് വയസ്സുകാരി. റിയോ ഗ്രാന്റെ നദിക്കരയിലടിഞ്ഞ ഇവരുടെ ചിത്രം ലോകമെമ്പാടും  അഭയാർഥിവിരുദ്ധ നിലപാടിനെതിരായ പ്രതിഷേധമുയർത്തി.

സാൽവദോറിൽനിന്ന‌് 25കാരനായ ആലർബർട്ടോ മാർട്ടിനസ് റാമിറസും 21കാരിയായ ഭാര്യ വനേസ അവലോസും രണ്ടുവയസ്സുകാരി മകൾ വലേറിയെയുംകൊണ്ട് ഞായറാഴ്ചയാണ് മെക്സികോവഴി അമേരിക്കയിലേക്ക് കടക്കാൻ യാത്രപുറപ്പെട്ടത്. മെക്‌സിക്കോയാത്രയ്ക്കുള്ള നടപടിക്രമങ്ങൾ വൈകുമെന്ന് അറിഞ്ഞതോടെയാണ് നദി നീന്തി അതിർത്തികടക്കാൻതീരുമാനിച്ചത്.റാമിറസ് കുഞ്ഞിനെ സ്വന്തം ടീ ഷർട്ടിനുള്ളിലാക്കി മുതുകത്ത് സുരക്ഷിതമായി കെട്ടിവച്ച് ഭാര്യയ്ക്ക് ഒപ്പം നദിമുറിച്ചുകടക്കുകയായിരുന്നു.

എന്നാൽ ഒഴുക്കിൽ ഇവർ വേർപെട്ടു. അമ്മയുടെ കൺമുന്നിൽ തന്നെ അച്ഛനും മകളും മുങ്ങിമരിച്ചു. വനേസക്ക് സുരക്ഷിതമായി കരയ്ക്കെത്താനായി. മെക്‌സിക്കൻ അതിർത്തിയുടെ ഭാഗമായ റിയോ ഗ്രാന്റെ നദിക്കരയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത‌്. 2015ല്‍ സിറിയയില്‍ നിന്നും യൂറോപ്പിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കടലില്‍ മുങ്ങിമരിച്ച സിറിയന്‍ അഭയാർഥി കുടുംബത്തിലെ മൂന്നുവയസ്സുകാരന്‍ ഐലന്‍ കുര്‍ദിയുടെ  മൃതദേഹം തുര്‍ക്കി തീരത്ത് അടിഞ്ഞതിനു സമാനമായ ചിത്രമാണിതെന്ന് സമൂഹ്യമാധ്യമങ്ങളില്‍ ആയിരങ്ങള്‍ പ്രതികരിച്ചു. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളാണ് ഈ ദാരുണ സംഭവത്തിന് കാരണമെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടി.
യുഎസ് ക്യാമ്പുകൾ ദയനീയം മെക‌്സിക്കൻ അതിർത്തിയിലുള്ള അമേരിക്കൻ ക്യാമ്പുകളിൽ കുട്ടികളും സ‌്ത്രീകളുമടങ്ങുന്ന അഭയാർഥികളുടെ സ്ഥിതി അതിദയനീയമാണ്‌.

മെക്സിക്കൻ അതിർത്തിയിൽ അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌ിന്റെ നയമാണ‌് അഭയാർഥികളുടെ അവസ്ഥ രൂക്ഷമാക്കിയത‌്. അമേരിക്കൻ ബോർഡർ പട്രോളിന്റെ കണക്ക‌ുപ്രകാരം കഴിഞ്ഞ വർഷംമാത്രം 283 അഭയാർഥികളാണ‌് അമേരിക്കയിൽ മരിച്ചത‌്. യുഎൻ കണക്ക‌ുപ്രകാരം ഈ വർഷം13 കുട്ടികളുൾപ്പെടെ 170 അഭയാർഥികളാണ‌് മരണപ്പെടുകയോ കാണാതാകുകയോ ചെയ‌്തിരിക്കുന്നത‌്.


പ്രധാന വാർത്തകൾ
 Top