26 May Tuesday

മഹാമാരിക്കിടയിലും വെനസ്വേലയിൽ യുഎസ്‌ അട്ടിമറിനീക്കം

വെബ് ഡെസ്‌ക്‌Updated: Saturday Mar 28, 2020


മയാമി
വെനസ്വേലയിൽ പ്രസിഡന്റ്‌ നിക്കോളാസ്‌ മഡൂറോയുടെ ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാൻ ലക്ഷ്യമിട്ട്‌ അമേരിക്കൻ നീതിന്യായവകുപ്പ്‌ മഡൂറോ അടക്കം വിവിധ വെനസ്വേലൻ നേതാക്കൾക്കും ഉന്നതസ്ഥാനങ്ങൾ വഹിക്കുന്നവർക്കും എതിരെ കുറ്റം ചുമത്തി.  മഡൂറോയ്‌ക്കെതിരെ ‘മയക്കുമരുന്ന്‌ ഭീകരവാദം’ എന്ന കുറ്റം ചുമത്തിയ അമേരിക്ക അദ്ദേഹത്തെയും മറ്റ്‌ നാലുപേരെയും പിടിക്കാനാവശ്യമായ വിവരം നൽകുന്നവർക്ക്‌ അഞ്ചര ക്കോടി ഡോളർ ഇനാം പ്രഖ്യാപിച്ചു. വെനസ്വേല സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസ്‌, വിവിധ മന്ത്രിമാർ, ഭരണകക്ഷിയായ സോഷ്യലിസ്‌റ്റ്‌ പാർടിയുടെ നേതാക്കൾ തുടങ്ങി 14 പേർക്കെതിരെയാണ്‌ കേസ്‌.

അമേരിക്ക അട്ടിമറി നടത്താനാണ്‌ ശ്രമിക്കുന്നതെന്ന്‌ വെനസ്വേല വിദേശമന്ത്രി ഹോറഹെ അരിയാസ പറഞ്ഞു. ദയനീയവും വൃത്തികെട്ടതും അടിസ്ഥാനമില്ലാത്തതുമായ ആരോപണങ്ങൾ ഉന്നയിച്ച്‌ പ്രസിഡന്റ്‌ ട്രംപ്‌ ഒരിക്കൽക്കൂടി വെനസ്വേല ജനതയെയും ജനാധിപത്യസ്ഥാപനങ്ങളെയും ആക്രമിക്കുകയാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.  വെനസ്വേലയിൽ അക്രമം അഴിച്ചുവിടാനാണ്‌ അമേരിക്കയും കൊളംബിയയുംചേർന്ന്‌ ശ്രമിക്കുന്നതെന്ന്‌ മഡൂറോ പറഞ്ഞു.

ഇതിനിടെ കഴിഞ്ഞവർഷം  പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മഡൂറോയോട്‌ തോറ്റ വലതുപക്ഷനേതാവ്‌ ഹുവാൻ ഗുവായ്‌ദോക്കെതിരെ വെനസ്വേല മുഖ്യ പ്രോസിക്യൂട്ടർ അന്വേഷണം പ്രഖ്യാപിച്ചു. വെനസ്വേലയിൽ അട്ടിമറിക്ക്‌ അമേരിക്കൻ ആയുധങ്ങൾ വാങ്ങുന്നതിന്‌ താൻ ഗുവായ്‌ദോയും അദ്ദേഹത്തിന്റെ അമേരിക്കൻ ഉപദേഷ്ടാക്കളുമായി കരാർ ഒപ്പിട്ടിട്ടുണ്ടെന്ന്‌ മുൻ സേനാ  ജനറൽ ക്ലിവർ അൽകാല റേഡിയോ അഭിമുഖത്തിൽ വെളിപ്പെടുത്തിയതിനെ തുടർന്നാണിത്‌. മയക്കുമരുന്ന്‌ കേസിൽ കുറ്റം ചുമത്തപ്പെട്ട അൽകാല രണ്ട്‌ വർഷമായി കൊളംബിയയിലാണ്‌ താമസം.അമേരിക്കൻ പിന്തുണയോടെ വെനസ്വേല സേനയിൽ ഒരുവിഭാഗം 2002ൽ മഡൂറോയുടെ മുൻഗാമിയായ ഹ്യൂഗോ ഷാവേസിനെ അട്ടിമറിക്കാൻ തട്ടിക്കൊണ്ടുപോയിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top