28 November Saturday

പ്രഖ്യാപനങ്ങൾ പാഴ്‌വാക്കായ 4 വർഷം ; ട്രംപ്‌ ഭരണത്തിൽ യുഎസ്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020


വാഷിങ്‌ടൺ
അമേരിക്കൻ പ്രസിഡന്റായി അധകാരത്തിലേറവേ നാലു വർഷംമുമ്പ്‌ ഡോണൾഡ്‌ ട്രംപ്‌ നടത്തിയ പ്രഖ്യാപനങ്ങൾ വെറും വാഗ്‌ദാനമായി ഒതുങ്ങി.‌ അനധികൃത കുടിയേറ്റം നിയന്ത്രിക്കുമെന്ന പ്രഖ്യാപനം നടപ്പാക്കാനായി നടത്തിയ നീക്കങ്ങൾ അതിർത്തിയിൽ പ്രശ്‌നങ്ങൾ കൂടുതൽ രൂക്ഷമാക്കി‌. വേഗത്തിൽ ഇച്ഛാശക്തിയോടെ ചെയ്യുമെന്നത്‌വെറും വാക്കായിരുന്നുവെന്നാണ്‌  പ്രവർത്തനങ്ങൾ തെളിയിക്കുന്നത്‌.

ആരോഗ്യരംഗം
മുൻപ്രസിഡന്റ് ബരാക് ഒബാമയുടെ ആരോഗ്യപരിരക്ഷാ നിയമം ‘ഒബാമ കെയർ’ നെതിരെ ട്രംപ്‌ നടപടി സ്വീകരിച്ചു. പക്ഷേ, പ്രഖ്യാപിച്ച  എല്ലാവർക്കും താങ്ങാനാകുന്ന പരിപാലന നിയമമെന്ന വാഗ്ദാനം ഇതുവരെ നടപ്പായില്ല.  വളരെ മികച്ചതും കുറഞ്ഞതുക ഈടാക്കുന്ന സംവിധാനത്തിനായി  താൻ ഇപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നാണ്‌ കഴിഞ്ഞ മാസവും ട്രംപ് പറഞ്ഞത്‌. അതേസമയം, സെൻസസ്‌ ബ്യൂറോയുടെ കണക്കുപ്രകാരം മൂന്നുകോടി പേർക്ക്‌  2019ൽ ആരോഗ്യപരിരക്ഷ ലഭിച്ചില്ല. മുൻ വർഷത്തേക്കാളും 10 ലക്ഷം കൂടുതലാണിത്‌.

സൈന്യത്തെ പിൻവലിക്കൽ
മറ്റുരാജ്യങ്ങളിൽ വിന്യസിച്ചിട്ടുള്ള സൈനികരെ തിരിച്ച്‌ കൊണ്ടുവരുമെന്നായിരുന്നു മറ്റൊരു പ്രഖ്യാപനം. ട്രംപ്‌ അധികാരത്തിലേറിയപ്പോൾ അഫ്‌ഗാനിൽ 8,400ഉം ഇറാഖിൽ 6,800ഉം യുഎസ്‌ സൈനികരാണ് ഉണ്ടായിരുന്നത്‌. ഒരു വർഷത്തിനിടെ അഫ്‌ഗാനിൽ യുഎസ്‌ സൈനികരുടെ എണ്ണം 15,000 ആയി.

തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ ഫെബ്രുവരിയിൽ യുഎസ്‌–- താലിബാൻ കരാർ ട്രംപ്‌ ഒപ്പിട്ടു. 4500 പേർ നവംബറിൽ മടങ്ങുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. എന്നാൽ, സൈന്യത്തെ തിരിച്ചുകൊണ്ടുവരാൻ നിലവിൽ പദ്ധതിയില്ലെന്നാണ്‌ പെന്റഗൺ പ്രതികരിച്ചത്‌.  ഇറാഖിൽ സൈനികർ യൂണിറ്റുകളായി വന്നും പോയും ഇരുക്കുന്നതിനാൽ എണ്ണം കൂടിയെന്നാണ്‌ റിപ്പോർട്ട്‌‌.

അതിർത്തിയിൽ മതിൽ
മെക്സിക്കൻ അതിർത്തിയിൽ മതിൽ പൂർണമായും പണിയുമെന്നും ഇതിനു മെക്‌സിക്കോയിൽനിന്നു തന്നെ മുഴുവൻ പണം ഈടാക്കുമെന്ന പ്രഖ്യാപനവും പാഴ്‌വാക്കായി. പണം നൽകാൻ മെക്‌സിക്കോ തയ്യാറായില്ല. 450 മൈലിൽ നിർമിച്ചത്‌ 371മാത്രം. അതിൽ  നൂറുകണക്കിനു മൈൽ പുതുക്കി പണിയുകയായിരുന്നു. യുഎസ്‌ ബജറ്റിൽനിന്ന്‌ പണം വകമാറ്റിയാണ്‌ നിർമാണം.

മധ്യപൂർവ ഏഷ്യയിലെ സമാധാനം
പലസ്തീൻ–- ഇസ്രയേൽ സമാധാന കരാറുണ്ടാക്കുമെന്ന്‌ പ്രഖ്യാപിച്ച ട്രംപ്‌ മേഖലയിൽ സംഘർഷം രൂക്ഷമാക്കി‌. സമാധാന കരാറിനായി മരുമകനും ഉപദേശകനുമായ ജറേഡ്‌ ക്യൂസ്‌നറെ ചുമതലപ്പെടുത്തി. പക്ഷേ, ഒന്നും സംഭവിച്ചില്ല. ട്രംപ് ഇസ്രയേലിലെ യുഎസ് എംബസി ടെൽഅവീവിൽനിന്ന് ജറുസലേമിലേക്ക് മാറ്റി.  ഇസ്രയേലികളെ സന്തോഷിപ്പിച്ച നീക്കം  പലസ്തീനെ കൂടുതൽ പ്രകോപിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top