26 February Wednesday

ഉപേക്ഷിക്കപ്പെട്ട കന്യാസ്ത്രീകൾക്ക്‌ വത്തിക്കാനിൽ പ്രത്യേക വസതി

വെബ് ഡെസ്‌ക്‌Updated: Sunday Jan 26, 2020

റോം
റോമൻ കത്തോലിക്കാ സഭയിൽ നിന്ന്‌ പുറന്തള്ളപ്പെട്ട കന്യാസ്‌ത്രീകൾക്ക്‌ വത്തിക്കാനിലെ പ്രത്യേക വസതിയിൽ അഭയം നൽകിയതായി ബ്രസീലിയൻ കർദിനാൾ ജോവ ബ്രാസ്‌ ദെ ഏവിസ്‌. സഭയാൽ ഉപേക്ഷിക്കപ്പെട്ടതോടെ ജീവിക്കാൻ ലൈംഗികതൊഴിൽ പോലും സ്വീകരുക്കേണ്ടിവന്നവർക്കാണ്‌ അഭയം നൽകിയത്‌. ഒരുവർഷമായി അഭയകേന്ദ്രം പ്രവർത്തിക്കുന്നു.

വത്തിക്കാൻ മാസികയായ "വിമൻ ചർച്ച് വേൾഡി'ന്റെ ഫെബ്രുവരി ലക്കത്തിന് നൽകിയ അഭിമുഖത്തിലാണ്‌ വത്തിക്കാൻ സിറ്റിയിലെ വെളിപ്പെടുത്താത്ത സ്ഥലത്ത് ഇത്തരമൊരു അഭയകേന്ദ്രമുണ്ടെന്ന്‌ കർദിനാൾ സ്ഥിരീകരിച്ചത്‌. സഭയിലെ സ്ത്രീകളുടെ പങ്കിനെക്കുറിച്ചുള്ള അഭിമുഖത്തിലാണ്‌ കർദിനാൾ ഇക്കാര്യ വ്യക്തമാക്കിത്‌. സഭയിലെ ചൂഷണങ്ങൾ പരിഹരിക്കാനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ശ്രമങ്ങളെപ്പറ്റിയും അദ്ദേഹം പറഞ്ഞു. സന്യാസജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നവരുടെ രേഖകൾ പിടിച്ച്‌ വച്ച്‌ അവരെ പോകാൻ അനുവദിക്കുന്ന മുതിർന്ന കന്യാസ്ത്രീകളുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

പിന്നീട്‌ ഇവർക്ക്‌ വേശ്യാവൃത്തി പോലും ചെയ്യേണ്ടിവരുന്നു. അവരെ തിരികെ കൊണ്ടുവരേണ്ടത്‌ അത്യാവശ്യമാണ്‌. നമ്മുടെ മനോഭാവത്തിൽ മാറ്റമുണ്ടാകണം–- കർദിനാൾ പറഞ്ഞു. അഭയകേന്ദ്രം സന്ദർശിച്ച താൻ മുറിവുകളുടെയും, അതുപോലെ പ്രത്യാശയുടെയും ഒരു ലോകം കണ്ടതായി കർദിനാൾ പറഞ്ഞു. ഒന്നര വർഷം മുമ്പ്‌ ആരംഭിച്ച വസതിയിൽ നിലവിൽ പത്തിൽ താഴെ ആളാണുള്ളത്‌. ഒരു ജോലി നേടുന്നതുവരെ അവർക്ക്‌ ഇവിടെ താമസിക്കാം.


പ്രധാന വാർത്തകൾ
 Top