25 September Monday

അഫ്‌ഗാനിൽ പെൺകുട്ടികൾക്ക്‌ പഠനവിലക്ക്‌ ; താലിബാൻ നേതാക്കളുടെ മക്കൾക്ക്‌ വിദേശ പഠനം

വെബ് ഡെസ്‌ക്‌Updated: Saturday Dec 24, 2022


കാബൂൾ
സ്‌കൂൾ പഠനത്തിനു പിന്നാലെ അഫ്‌ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക്‌ ഉന്നതവിദ്യാഭ്യാസത്തിനും വിലക്ക്‌ ഏർപ്പെടുത്തുമ്പോൾ താലിബാൻ നേതാക്കളുടെ മക്കൾ പഠിക്കുന്നത്‌ വിദേശത്ത്‌. അഫ്‌ഗാൻ മന്ത്രിമാരുടെ മക്കൾ ഖത്തർ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ സർവകലാശാലകളിലാണ്‌ പഠിക്കുന്നത്‌.

പാകിസ്ഥാനിൽനിന്ന്‌ ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കിയ ഫിസിഷ്യൻ കൂടിയായ ആരോഗ്യമന്ത്രി ക്വാലന്ദർ ഇബദിന്റെ മകൾ ഇസ്ലാമാബാദിൽ ഡോക്‌ടറാണ്‌. വിദേശസഹമന്ത്രി ഷെർ മുഹമ്മദ്‌ അബ്ബാസിന്റെ മകൾ ദോഹയിൽനിന്ന്‌ മെഡിക്കൽ പഠനം പൂർത്തിയാക്കി. താലിബാൻ വക്താവായ സുഹൈൽ ഷഹീനിന്റെ മക്കളും ദോഹയിലാണ്‌ പഠിക്കുന്നത്‌.

അഫ്‌ഗാൻ സർക്കാരിലെ മറ്റ്‌ ഉന്നതരുടെയും നയതന്ത്ര ഉദ്യോഗസ്ഥരുടെയുമെല്ലാം മക്കൾ വിദേശത്ത്‌ ഉന്നത വിദ്യാഭ്യാസം നടത്തുന്നവരാണ്‌.  അഫ്‌ഗാനിൽ ആറാം ക്ലാസ്‌ മുതൽ പെൺകുട്ടികൾക്ക്‌ സ്‌കൂളിൽ പഠനത്തിന്‌ വിലക്കുണ്ട്‌. ഇതിനു പുറമെയാണ്‌ സർവകലാശാലാപഠനവും വിലക്കിയത്‌. പാർക്കുകളിലും വ്യായാമകേന്ദ്രങ്ങളിലും സ്‌ത്രീകൾക്ക്‌ പ്രവേശനമില്ല. സ്‌ത്രീകൾക്ക്‌ ബന്ധുവായ ഒരു പുരുഷനോടൊപ്പമല്ലാതെ പുറത്തിറങ്ങുന്നതിനും വിലക്കുണ്ട്‌.

താലിബാനെ രൂക്ഷമായി വിമർശിച്ച്‌ വിവിധ രാജ്യങ്ങൾ രംഗത്തെത്തി. എന്നാൽ, ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരുന്ന്‌ പഠിക്കുന്നതിനാലും പെൺകുട്ടികൾ വസ്‌ത്രധാരണത്തിലെ നിയമങ്ങൾ പാലിക്കാത്തതിനാലുമാണ്‌ സർവകലാശാലാ വിദ്യാഭ്യാസം വിലക്കിയതെന്ന്‌ ഉന്നതവിദ്യാഭ്യാസ മന്ത്രി നിദ മൊഹമ്മദ്‌ നദീം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top