04 December Friday

യുഎസിൽ വോട്ടിന്‌ ഇനി 10 നാൾ ; ഇന്ത്യ‌ക്ക്‌ ട്രംപിന്റെ പഴി

വെബ് ഡെസ്‌ക്‌Updated: Saturday Oct 24, 2020


വാഷിങ്‌ടൺ
അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രധാന രണ്ട്‌ സ്ഥാനാർഥികൾ തമ്മിലുള്ള അവസാന സംവാദത്തിൽ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപും മുൻ വൈസ്‌ പ്രസിഡന്റ്‌ ജോ ബൈഡനും കൊണ്ടും കൊടുത്തും തുല്യത പാലിച്ചതായി നിരീക്ഷകർ. കോവിഡ്‌, കുടിയേറ്റം, വംശീയത, കാലാവസ്ഥാമാറ്റം തുടങ്ങിയ വിഷയങ്ങളിലാണ്‌ ഏറ്റുമുട്ടിയത്‌. വിജയം അമേരിക്കയെ ഒന്നിപ്പിക്കുമെന്ന്‌ ട്രംപ്‌ പറഞ്ഞപ്പോൾ അമേരിക്കയുടെ സ്വഭാവമാണ്‌ തീരുമാനിക്കപ്പെടാൻ പോകുന്നതെന്ന്‌ ബൈഡൻ പറഞ്ഞു. എതിരാളി അഴിമതിക്കാരനാണെന്ന്‌ ഇരുവരും ആക്ഷേപിച്ചു.

കാലാവസ്ഥാ വിഷയത്തിൽ തന്റെ നിലപാട്‌ ന്യായീകരിക്കാൻ ട്രംപ്‌ ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളെ കുറ്റപ്പെടുത്തി. 2015ലെ പാരീസ്‌ കരാറിൽനിന്ന്‌ ഏകപക്ഷീയമായി അമേരിക്കയെ പിൻവലിച്ചതിന്‌ ന്യായമായാണ്‌ ട്രംപ്‌ ഇന്ത്യയും മറ്റും വായു മലിനമാക്കുകയാണെന്ന തന്റെ വിമർശം ആവർത്തിച്ചത്‌. എണ്ണയിൽനിന്ന്‌ പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജത്തിലേക്കുള്ള പരിണാമത്തിന്‌ നേതൃത്വം നൽകുമെന്ന്‌ ബൈഡൻ പറഞ്ഞപ്പോൾ അദ്ദേഹം എണ്ണവ്യവസായത്തെ തകർക്കുമെന്നാണർഥമെന്ന്‌ ട്രംപ്‌ വാദിച്ചു. 30 വർഷത്തെ പദ്ധതിയാണെന്നും അടുത്തകാലത്തൊന്നും എണ്ണവ്യവസായം കുറയ്‌ക്കില്ലെന്ന്‌ ബൈഡൻ പിന്നീട്‌ മാധ്യമപ്രവർത്തകരോട്‌ വിശദീകരിച്ചു.

ട്രംപിന്റെ കുടിയേറ്റനയം അതിർത്തിയിൽ അഞ്ഞൂറിൽപ്പരം കുട്ടികളെ രക്ഷിതാക്കളിൽനിന്ന്‌ വേർപെടുത്തിയതായി ബൈഡൻ ചൂണ്ടിക്കാട്ടി. കോവിഡിനോട്‌  ട്രംപ്‌ സ്വീകരിച്ച നിലപാടും തുറന്നുകാട്ടി. എന്നാൽ, കോവിഡിന്റെ കാര്യത്തിൽ തന്റെ നടപടികളെ വിവിധ രാജ്യങ്ങൾ അഭിനന്ദിച്ചതായി ട്രംപ്‌ അവകാശപ്പെട്ടു. ആഴ്‌ചകൾക്കകം അമേരിക്ക വാക്‌സിൻ പ്രഖ്യാപിക്കുമെന്നും ട്രംപ്‌ പറഞ്ഞു. ഇരുണ്ട ശൈത്യത്തിലേക്കാണ്‌ അമേരിക്ക നീങ്ങുന്നതെന്നും അടുത്തവർഷം മധ്യമാകുമ്പോഴും ഭൂരിപക്ഷത്തിനും വാക്‌സിൻ ലഭിക്കാൻ സാധ്യതയില്ലെന്നും ബൈഡൻ പറഞ്ഞു.

ആധുനിക ചരിത്രത്തിൽ അമേരിക്ക കണ്ട ഏറ്റവും വംശീയവാദിയായ പ്രസിഡന്റാണ്‌ ട്രംപ്‌ എന്ന്‌ ബൈഡൻ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റുമാരിൽ കറുത്തവർക്കുവേണ്ടി ഏറ്റവുമധികം ചെയ്‌തത്‌ താനാണെന്ന്‌ ട്രംപ്‌ പറഞ്ഞു.‌ ഒരുപക്ഷേ, എബ്രഹാം ലിങ്കൻ മാത്രമായിരിക്കും തന്നേക്കാൾ കൂടുതൽ ചെയ്‌തത്‌ എന്നും കൂട്ടിച്ചേർത്തു.

നാഷ്‌വില്ലിലെ ബെൽമോണ്ട്‌ സർവകലാശാലയിൽ നടന്ന സംവാദത്തിൽ ഇരുനൂറോളം സദസ്യർക്കായിരുന്നു പ്രവേശം. 90 മിനിറ്റ്‌ നീണ്ട സംവാദത്തിൽ ആറ്‌ വിഷയത്തിൽ ആദ്യ രണ്ട്‌ മിനിറ്റുവീതം ഓരോ സ്ഥാനാർഥിയും സംസാരിക്കുമ്പോൾ എതിരാളിയുടെ മൈക്ക്‌ നിശ്ശബ്ദമാക്കിയിരുന്നു. ആദ്യ സംവാദത്തിൽ ബൈഡൻ സംസാരിക്കുമ്പോൾ ഇടയ്‌ക്കിടെ ട്രംപ്‌ ഇടപെട്ട്‌ അലങ്കോലമാക്കിയതിനാലാണ്‌ സംവാദ നിയമം മാറ്റിയത്‌. നവംബർ മൂന്നിനാണ്‌ തെരഞ്ഞെടുപ്പ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top