24 November Tuesday

ട്രംപിന്‌ വോട്ട്‌ ചെയ്യണമെന്ന്‌ ഭീഷണിക്കത്തുകൾ

വെബ് ഡെസ്‌ക്‌Updated: Friday Oct 23, 2020

വാഷിങ്‌ടൺ
അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഇത്തവണയും വിദേശ ഇടപെടൽ ആരോപണമുയർത്തി ഡെമോക്രാറ്റിക്‌ വോട്ടർമാർക്ക്‌ ഇമെയിലിൽ ഭീഷണി സന്ദേശങ്ങൾ. പ്രൗഡ്‌ ബോയ്‌സ്‌ എന്ന തീവ്രവലതുപക്ഷ സംഘത്തിന്റെ ഐഡിയിൽ നിന്നെന്ന മട്ടിൽ ലഭിക്കുന്ന സന്ദേങ്ങളിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്‌ വോട്ട്‌ ചെയ്യണം എന്നാണ്‌ ആവശ്യപ്പെടുന്നത്‌. ചെയ്‌തില്ലെങ്കിൽ ‘നിങ്ങളെ തേടി ഞങ്ങൾ എത്തും’ എന്നാണ്‌ ഭീഷണി.

അമേരിക്കൻ നാഷണൽ ഇന്റലിജൻസ്‌ ഡയറക്ടർ ജോൺ റാറ്റ്‌ക്ലിഫ്‌ എഫ്‌ബിഐ ഡയറക്ടർ ക്രിസ്‌റ്റഫർ വ്രേയുമൊത്ത്‌ നടത്തിയ വാർത്താ സമ്മേളനത്തിലാണ്‌ ‘വ്യാജ’ സന്ദേങ്ങളെക്കുറിച്ച്‌ പറഞ്ഞത്‌. അമേരിക്കൻ വോട്ടർമാരുടെ വിവരങ്ങൾ റഷ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾക്ക്‌ ലഭിച്ചിട്ടുണ്ടെന്ന്‌ റാറ്റ്‌ക്ലിഫ്‌ പറഞ്ഞു. ഇറാനാണ്‌ ട്രംപിനുവേണ്ടി ഭീഷണിപ്പെടുത്തുന്നതരത്തിലുള്ള വ്യാജസന്ദേശങ്ങൾ അയക്കുന്നതെന്നും റാറ്റ്‌ക്ലിഫ്‌ ആരോപിച്ചു. ഈ നിഗമനത്തിന്റെ കാരണം വ്യക്തമാക്കിയില്ല.

അമേരിക്കയുടെ ആരോപണം റഷ്യയും ഇറാനും നിഷേധിച്ചു. മറ്റ്‌ രാജ്യങ്ങളുടെ തെരഞ്ഞെടുപ്പുകളിൽ ഇടപെടുന്ന രീതി അമേരിക്കയുടേതാണെന്ന്‌ ഇറാന്റെ യുഎൻ എംബസിയിലെ വക്താവ്‌ അലിറീസ മിർയൂസഫ്‌ ട്വീറ്റ്‌ ചെയ്‌തു. സ്വന്തം രാജ്യത്തിലെ ഏറ്റവും ഉന്നത തെരഞ്ഞെടുപ്പ്‌ ഫലത്തെ ചോദ്യം ചെയ്യാനുള്ള അമേരിക്കയുടെ നിരാശയിൽ നിന്നുള്ള പരസ്യശ്രമം ലോകം കാണുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.

ആരോപണം അടിസ്ഥാനരഹിതമാണെന്ന്‌ റഷ്യയും പ്രതികരിച്ചു. കഴിഞ്ഞതവണ ട്രംപിന്റെ വിജയത്തിന്‌ പിന്നിൽ റഷ്യയുടെ ഇടപെടലായിരുന്നു എന്ന വിമർശം നിലനിൽക്കുന്നുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top