15 December Sunday

ബ്രിട്ടീഷ‌് കപ്പലിനകത്തെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ട‌ു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2019

തെഹ‌്റാൻ > പിടിച്ചെടുത്ത ബ്രിട്ടീഷ‌് കപ്പലിനകത്തെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു. സ‌്റ്റെന ഇംപെറൊവിലെ ജീവനക്കാർ പാചകംചെയ്യുന്നതും ഇറാൻ ഉദ്യോഗസ്ഥരോട‌് സംസാരിക്കുന്നതും വീഡിയോയിലുണ്ട‌്. ഒരു ഫോട്ടോയും പുറത്തുവിട്ടു. ഫാർസ‌്, ഇറിബ‌്സ‌് വാർത്ത ഏജൻസികളുടെ ദൃശ്യങ്ങളിൽ മലയാളികളടക്കമുള്ളവരുണ്ട‌്.

ബ്രിട്ടീഷ‌് എണ്ണക്കപ്പലിന്റെ മോചനത്തിനായുള്ള ശ്രമം തുടരുകയാണ്‌. ബ്രിട്ടീഷ് മന്ത്രിസഭയുടെ അടിയന്തര സമിതിയായ കോബ്ര തിങ്കളാഴ്ച രാവിലെയും വൈകിട്ടും വിഷയം ചർച്ചചെയ്തു. കപ്പൽ മോചിപ്പിച്ചില്ലെങ്കിൽ ഇറാൻ ഭരണകൂടത്തിന്റെ വസ്തുവകകൾ മരവിപ്പിക്കുന്നതടക്കം പരിഗണിക്കുന്നുണ്ട്.
ബ്രിട്ടീഷ് എയർവേസ് കെയ്‌റോയിലേക്കുള്ള സർവീസ് റദ്ദാക്കി. അന്താരാഷ്ട്രസമ്മർദം ശക്തമായെങ്കിലും സ്‌റ്റെനൊ എംപെറോ എന്ന എണ്ണക്കപ്പലിനെയും ജീവനക്കാരെയും മോചിപ്പിക്കാൻ ഇറാൻ തയ്യാറായിട്ടില്ല. തങ്ങളുടെ കപ്പൽ തിരിച്ചുകിട്ടും വരെ ബ്രിട്ടീഷ‌് കപ്പൽ വിട്ടുനൽകില്ലെന്ന‌് ഇറാൻ വ്യക്തമാക്കി. വെള്ളിയാഴ്ച വൈകിട്ട് ഹോർമുസ് കടലിടുക്കിന് സമീപത്തുനിന്നാണ് സ്‌റ്റെനൊ എംപെറോ ഇറാൻ പിടികൂടിയത്.

കപ്പലിൽ 18 ഇന്ത്യക്കാരടക്കം 23 ജീവനക്കാരുണ്ട്. കപ്പലിന്റെ ക്യാപ്റ്റനടക്കം മൂന്നുപേർ മലയാളികളാണെന്നാണ് വിവരം. ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്താണ് കപ്പൽ ഉള്ളത്. കപ്പലിലുള്ള 18 ഇന്ത്യക്കാരുടെയും മോചനത്തിനായി ഇറാൻ അധികൃതരുമായി തെഹ്‌റാനിലെ ഇന്ത്യൻ എംബസി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് വിദേശമന്ത്രി എസ് ജയശങ്കർ ട്വീറ്റ‌്ചെയ‌്തു. ഇന്ത്യക്കാരുടെ മോചനത്തിന് അടിയന്തരമായി ഇടപെടണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റിനോടുള്ള പ്രതികരണമായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

രണ്ടാഴ‌്ച മുമ്പ‌് ഇറാന്റെ ഗ്രേസ‌് 1 ബ്രിട്ടൻ പിടിച്ചെടുത്തതു മുതൽ തുടരുന്ന സംഘർഷാന്തരീക്ഷം ബ്രിട്ടന്റെ സ‌്റ്റെന ഇംപെറൊ ഇറാൻ കൈക്കലാക്കിയതോടെയാണ‌് മുറുകിയത‌്. തെക്കൻ ഇറാനിലെ ബന്ദർ അബ്ബാസിൽ പിടിച്ചുവച്ചിരിക്കുന്ന സ‌്റ്റെന ഇംപെറൊയിലെ ജീവനക്കാരെ  സന്ദർശിക്കാനുള്ള അനുമതി തേടി കപ്പൽ ഉടമയായ സ്വീഡിഷ‌് കമ്പനി സ‌്റ്റെന ബൾക്ക‌് ഇറാനെ ഔദ്യോഗികമായി സമീപിച്ചിട്ടുണ്ട‌്.കപ്പലിലുള്ളവരെ ചോദ്യംചെയ്യുകയാണെന്ന‌് ഇറാൻ പ്രസ‌് ടിവി റിപ്പോർട‌് ചെയ‌്തു.


പ്രധാന വാർത്തകൾ
 Top