25 May Monday

ശാസ്‌ത്രജ്ഞർക്കെതിരെ വീണ്ടും ട്രംപ്‌ ; അമേരിക്കയിൽ 3 ദിവസം ദുഃഖാചരണം

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020


വാഷിങ്‌ടൺ
ഡോക്‌ടർമാരുടെ നിർദേശങ്ങൾ അവഗണിച്ച് അമേരിക്കയിൽ നിയന്ത്രണങ്ങൾ നീക്കാൻ തീരുമാനിച്ചിരിക്കുകയാണ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. ഇതിനെ എതിർക്കുന്ന ശാസ്‌ത്രജ്ഞരെ ട്രംപ് ഭീഷണിപ്പെടുത്തുകയാണ്‌. 

കോവിഡ്‌ നിയന്ത്രണങ്ങൾ നീക്കരുതെന്ന്‌ നിർദേശിച്ച രണ്ട്‌ പഠനമാണ്‌ ട്രംപ്‌ ഇതിനോടകം തള്ളിയത്‌. അമേരിക്കയിൽ ഒരാഴ്ചമുമ്പ്‌ സാമൂഹ്യഅകലം നടപ്പാക്കിയിരുന്നെങ്കിൽ 61 ശതമാനത്തോളം രോഗബാധയും 55ശതമാനം മരണവും (ഏകദേശം 36,000) ഒഴിവാക്കാമെന്നായിരുന്നു കൊളംബിയ സർവകലാശാലയിലെ മെയിൽമാൻ സ്‌കൂൾ ഓഫ്‌ പബ്ലിക് ഹെൽത്തിന്റെ പഠനം.  എന്നാൽ, കൃത്യമായ തെളിവില്ലാതെയാണ്‌ പഠനം നടത്തിയതെന്നും ഇത്‌ രാഷ്‌ട്രീയ പ്രേരിതമാണെന്നുമാണ്‌ ട്രംപിന്റെ പ്രതികരണം‌.

രോഗികളിൽ മരണനിരക്ക്‌ കൂടിയതിനെത്തുടർന്ന്‌, മലമ്പനി മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിക്കരുതെന്ന്  സർക്കാരിന്റെ ആരോഗ്യകേന്ദ്രം‌ നിർദേശം നൽകിയിരുന്നു. എന്നാൽ, ഈ ഗുളികകൾ കോവിഡ്‌ ഭേദമാക്കാനുള്ള മാന്ത്രിക മരുന്നാണെന്നാണ്‌ ട്രംപും അണികളും ഇപ്പോഴും ആവർത്തിക്കുന്നത്‌.

അമേരിക്കയിൽ 3 ദിവസം ദുഃഖാചരണം
കോവിഡ്‌ ബാധിച്ച്‌ മരിച്ചവർക്കായി അമേരിക്കയിൽ മൂന്നുദിവസം ദുഃഖാചരണം നടത്തുമെന്ന്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ദേശീയ സ്‌മാരകങ്ങളിലും പതാക താഴ്‌ത്തിക്കെട്ടും. ഡെമോക്രാറ്റിക് പാർടി നേതാക്കളുടെ അഭ്യർഥന മാനിച്ചാണ്‌ നടപടി.

തലസ്ഥാനനഗരമായ വാഷിങ്‌ടണിൽ  മാസാവസാനത്തോടുകൂടി നിയന്ത്രണങ്ങളിൽ ഇളവ്‌ വരുത്തുമെന്ന്‌ മേയർ മ്യുറിയൽ ബൗസർ അറിയിച്ചു. മൂന്ന്‌ ഘട്ടത്തിലായുള്ള ഇളവ്‌  29 മുതൽ നടപ്പാക്കും. രോഗികൾ കൂടിയാൽ നിയന്ത്രണങ്ങൾ നീട്ടും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top