09 December Monday

ശ്രീലങ്കൻ സ‌്ഫോടന പരമ്പര : 24 പേർ പിടിയിൽ; മരണം 290

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019


കൊളംബോ
ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ സ‌്ഫോടനപരമ്പരയിൽ 290 പേർ  മരിച്ചെന്ന‌് ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച‌് വാർത്താ ഏജൻസി റിപ്പോർട്ട‌്  ചെയ‌്തു. അഞ്ഞൂറോളം പേർക്ക‌് പരിക്കേറ്റു. പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാനിടയുണ്ടെന്ന‌് അധികൃതർ വ്യക്തമാക്കി. മരിച്ച 36 പേർ വിദേശികളാണ‌്. ഇവരുടെ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന‌് പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട‌് 24 പേരെ അറസ്റ്റ‌് ചെയ‌്തു. തലസ്ഥാനമായ കൊളംബോയിലെ രണ്ടിടങ്ങളിൽനിന്ന‌് 13 പേർ പിടിയിലായി. പിടിയിലായവരെല്ലാം സ്വദേശികളാണ‌്. ആക്രമണത്തിന‌് വിദേശബന്ധമുണ്ടോയെന്ന‌് പരിശോധിച്ചുവരികയാണെന്ന‌് പ്രധാനമന്ത്രി അറിയിച്ചു. പിടിയിലായവരുടെ പേരുവിവരങ്ങൾ പുറത്തുവിടരുതെന്ന‌് കർശന നിർദേശം നൽകിയതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രസിഡന്റ‌് മൈത്രിപാല സിരിസേനയുടെ അധ്യക്ഷതയിൽ ദേശീയ സുരക്ഷാ കൗൺസിൽ യോഗം ചേർന്നു.

തലസ്ഥാനമായ കൊളംബോയിലെ ഒറുഗോദവട്ട ഹൗസിങ‌് കോളനിയിലായിരുന്നു എട്ടാമത്തെ സ‌്ഫോടനമുണ്ടായത‌്. ഇവിടെ മൂന്ന‌് പൊലീസുകാർ മരിച്ചതായി എഎഫ‌്പി റിപ്പോർട്ട‌് ചെയ‌്തു. രാജ്യത്ത‌് ഏർപ്പെടുത്തിയ നിരോധനാജ്ഞ എന്നുവരെ തുടരുമെന്ന‌് വ്യക്തമല്ല. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ശ്രീലങ്കയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബുധനാഴ‌്ചവരെ അടച്ചിടുമെന്ന‌് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഫെയ‌്സ‌്ബുക്ക‌്, ഇൻസ്റ്റഗ്രാം, വാട‌്സാപ‌് ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങൾ താൽക്കാലികമായി നിരോധിച്ചു.

ഈസ്റ്റർ ദിനത്തിൽ രാവിലെ 8.45ന‌് കൊച്ചിക്കാഡെയിലെ സെന്റ‌് ആന്റണീസ‌് പള്ളിയിലാണ‌് ആദ്യ സ‌്ഫോടനമുണ്ടായത‌്. പിന്നീട‌് നെഗൊബോയിസിലെയും ബട്ടിക്കലോവയിലെയും പള്ളികളിലും ഷംഗ്രില, സിനമൺ ഗ്രാൻഡ‌്, കിങ‌്സ‌്ബറി എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ‌്ഫോടനമുണ്ടായി. ദേശീയ മൃഗശാലയ‌്ക്ക‌ു സമീപമായിരുന്നു ഏഴാമത്തെ സ‌്ഫോടനം.


പ്രധാന വാർത്തകൾ
 Top