04 July Saturday

യുഎഇ തീരത്തിനടുത്ത് കപ്പല്‍ പിടിച്ചിട്ടു; മാസങ്ങളായി എട്ട് ഇന്ത്യന്‍ നാവികര്‍ ദുരിതത്തില്‍

അനസ് യാസിന്‍Updated: Monday Mar 23, 2020

കപ്പലിലെ ഇന്ത്യന്‍ ജീവനക്കാര്‍

മനാമ > യുഎഇ തീരത്തിനടുത്ത് ഒന്‍പത് മാസമായി കടലില്‍ പിടിച്ചിട്ട കപ്പലിലെ എട്ടു ഇന്ത്യന്‍ ജീവനക്കാര്‍ക്ക് കടുത്ത ദുരിതത്തില്‍. മാസങ്ങളായി വേതനം ലഭിക്കാതെയും നാടുകാണാതെയും ബുദ്ധിമുട്ടുകയാണ് ഇവര്‍. ഇപ്പോള്‍ രോഗ ഭീതിയും ഇവരെ അലട്ടുന്നു.

എംവി ഹൂട്ട് എന്ന കപ്പലിലെ നാവികരാണ് സഹായം തേടുന്നത്. കടലില്‍ നിയമ വിരുദ്ധമായി ഇന്ധനം നിറച്ചെന്ന കേസില്‍ കുടുങ്ങിയതിനെ തുടര്‍ന്ന കഴിഞ്ഞ ജൂണ്‍ മുതല്‍ കിഴക്കന്‍ തീരനഗരമായ ഖോര്‍ഫക്കാനില്‍നിന്നകകലെ നങ്കൂരമിട്ടിരിക്കയാണ് ഈ കപ്പല്‍. കപ്പലിലെ രണ്ടു ജീവനക്കാര്‍ക്ക് പനിയുണ്ട്, പാചകക്കാരന് ചര്‍മ്മരോഗവും. ആശുപത്രി സേവനമോ, മരുന്നോ ഇല്ല. അതുകൊണ്ടുതന്നെ ഏതു സമയവും തങ്ങള്‍ക്കും രോഗം ബാധിക്കുമെന്ന ഭീതിയിലാണ് സഹയാത്രികര്‍.

'ഞങ്ങളുടെ അവസ്ഥ അനുദിനം വഷളാവുകയാണ്. ഞങ്ങള്‍ മാനസികമായും ശാരീരികമായും തളര്‍ന്നുപോകുന്നു. ഞങ്ങള്‍ക്ക് ഇതുപോലെ എത്രകാലം പിടിച്ചുനില്‍ക്കാനാകുമെന്ന് എനിക്കറിയില്ല,' കപ്പലിന്റെ ചീഫ് ഓഫീസര്‍ സുരേഷ് കുമാര്‍ പ്രാദേശിക പത്രത്തോട് പറഞ്ഞു. നിരവധി മാസത്തെ ശമ്പളം കപ്പല്‍ കമ്പനി നല്‍കാനുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു. ശുദ്ധ ജലം ലഭ്യമല്ലാത്തതിനാല്‍ കുടിവെള്ളത്തിന് റേഷന്‍ ഏര്‍പ്പെടുത്തേണ്ടിവരും. മിക്കവരും ശരിയായ രീതിയില്‍ കുളിച്ചിട്ട് മാസങ്ങളായി. കുളിക്കാന്‍ കടല്‍വെള്ളമാണ് ഉപയോഗിക്കുന്നതെന്ന് ജസ്പാല്‍ സിംഗ് എന്ന ജീവനക്കാരന്‍ പറഞ്ഞു.

അബുദബിയിലെ ഇന്ത്യന്‍ എംബസിയടക്കം വിവിധ അധികൃതര്‍ക്ക് കത്തെഴുതിയെങ്കിലും തങ്ങളുടെ ദുരിതം തുടരുകയാണെന്ന് കപ്പല്‍ ജീവനക്കാര്‍ പറഞ്ഞു. ഫ്ഷോര്‍ വിതരണ കപ്പലായ എംവി ഹൂട്ട് ജൂണ്‍ ഒന്നിന് ഷാര്‍ജയിലെ ഹമാരിയ തുറമുഖത്ത് നിന്ന് പുറപ്പെട്ടെങ്കിലും അനുവാദമില്ലാതെ കടലില്‍ വെച്ച് ഇന്ധനം നിറച്ചതിന് തീരസംരക്ഷണ സേന പിടികൂടി അവിടതന്നെ നങ്കൂരമിടിക്കുകയായിരുന്നു. കപ്പലിന് ഖോര്‍ഫക്കാനിലെത്തിനായില്ല. കപ്പല്‍ ഉടമ ഡീസലുമായി ഒരു ബോട്ട് ഞങ്ങള്‍ക്ക് അയയ്ക്കുകയായിരുന്നുവെന്നും ഉത്തരവ് അനുസരിക്കുകമാത്രമാണ് ഉണ്ടായതെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

ജൂണ്‍ 6 നാണ് കപ്പല്‍ പിടിയിലായത്. വിഷയം ഇപ്പോള്‍ ഫുജൈറ കോടതിക്കു മുന്നിലാണ്. കപ്പല്‍ ഉടമ ദിവസങ്ങള്‍ ഇടവിട്ട് ഭക്ഷണം നല്‍കുന്നുണ്ടെങ്കിലും ശുദ്ധജലവും മരുന്നും ലഭ്യമല്ലെന്ന് നാവികര്‍ പറഞ്ഞു.ഞങ്ങളുടെ പാസ്പോര്‍ട്ടുകളും ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റുകളും (സിഡിസി) അധികാരികളുടെ പക്കലായതിനാല്‍ കോടതി വിധി വരുന്നതുവരെ ഞങ്ങള്‍ക്ക് കപ്പല്‍ വിടാന്‍ കഴിയില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. അതിനിടെ, കപ്പല്‍ ഉടമ ജീവനക്കാര്‍ക്ക് പകുതി ശമ്പളം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കപ്പല്‍ ജീവനക്കാരെ പുറത്തെത്തിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അത് തന്റെ കയ്യില്‍ അല്ലെന്നും കപ്പല്‍ ഉടമ പറയുന്നു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top