15 November Friday

വനിതകള്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ പുരുഷ രക്ഷകര്‍ത്താവ് ആവശ്യമാണെന്ന വ്യവസ്ഥ സൗദി ഒഴിവാക്കുന്നു

അനസ് യാസിന്‍Updated: Tuesday Oct 22, 2019

മനാമ >   ഉംറ നിര്‍വഹിക്കാന്‍ വനിതകള്‍ക്ക് പുരുഷ രക്ഷകര്‍ത്താവ് (മഹ്റം) ആവശ്യമാണെന്ന വ്യവസ്ഥ സൗദി ഒഴിവാക്കുന്നു. പതിനെട്ട് വയസ് പൂര്‍ത്തിയായ വനിതകള്‍ക്ക് ഉംറ വിസ അനുവദിക്കാന്‍ മഹ്റം കൂടെയുണ്ടായിരിക്കണമെന്നാണ് നിലവിലെ വ്യവസ്ഥ. ഇതാണ് റദ്ദാക്കുക.'യാ ഹാലാ' ടിവിഷോയില്‍ ദേശീയ ഹജ്, ഉംറ കമ്മിറ്റി ഡെപ്യൂട്ടി പ്രസിഡന്റ് അബ്ദുല്ല ഖാദി വ്യക്തമാക്കിയതാണ് ഇക്കാര്യം. ഉംറ നിര്‍വഹിക്കാനെത്തുന്ന വിദേശ വനിതകളെ മാത്രമാണ് മഹ്‌റം വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കുക. ഹജ് വിസയിലെത്തുന്നവര്‍ക്ക് ഇളവ് ബാധകമല്ലെന്നും അദ്ദേഹം അറിയിച്ചു.

ഉംറ വിസകളില്‍ എത്തുന്നവര്‍ക്ക് സൗദിയുടെ എല്ലാ ഭാഗത്തും സ്വതന്ത്രമായി സഞ്ചരിക്കാനും പരിപാടികളില്‍ പങ്കെടുക്കാനും അനുമതി നല്‍കിയതായി അദ്ദേഹം അറിയിച്ചു. നേരത്തെ മക്ക, മദീന എന്നിവടങ്ങള്‍ മാത്രം സന്ദര്‍ശിക്കാനായിരുന്നു അനുമതി. ടൂറിസ്റ്റ് വിസകളിലെത്തുന്നവര്‍ക്ക് ഉംറ നിര്‍വഹിക്കാാനും അനുമതിയായി. വിദേശ ഉംറ തീര്‍ഥാടകര്‍ക്കുള്ള സെന്‍ട്രല്‍ ബുക്കിംഗ് എന്‍ജിനായ മഖാം പോര്‍ട്ടല്‍ വഴി മധ്യവര്‍ത്തിയില്ലാതെ 30 ദിവസ കാലാവധിയുള്ള ഉംറ വിസ നേടാമെന്നും അബ്ദുല്ല ഖാദി പറഞ്ഞു.

വിദേശങ്ങളില്‍നിന്ന് സ്വന്തം സ്പോണ്‍സര്‍ഷിപ്പില്‍ അതിഥികളെ കൊണ്ടുവരാന്‍ വിദേശികള്‍ക്കും സൗദി പൗരന്മാര്‍ക്കും അവസരമൊരുക്കുന്ന ആതിഥേയ വിസകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ അനുവദിച്ചു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിസകള്‍ക്ക് 90 ദിവസം കാലാവധിയുണ്ടാകും.

 


പ്രധാന വാർത്തകൾ
 Top