26 August Monday

സംഘർഷം രൂക്ഷമാകുന്നതിനിടെ സൗദിക്ക് യുഎസ്‌ മിസൈല്‍ പ്രതിരോധസംവിധാനം

അനസ് യാസിൻUpdated: Monday Jul 22, 2019

മനാമ > പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ സൗദിക്ക് അമേരിക്ക മിസൈൽ പ്രതിരോധസംവിധാനം നൽകുന്നു. ടെർമിനൽ ഹൈ ആൾട്ടിട്യൂഡ് ഏരിയ ഡിഫൻസ് (താഡ്) മിസൈൽ പ്രതിരോധ സംവിധാനമാണ് നൽകുക. വ്യോമപ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാർട്ടിൻ കോർപറേഷനാണ് കരാർ ലഭിച്ചത്.

സൗദി അറേബ്യക്കുവേണ്ടി മിസൈൽ പ്രതിരോധസംവിധാനം നിർമിക്കുന്നതിന് നേരത്തെയുണ്ടാക്കിയ കരാർ ഭേദഗതിചെയ്താണ് പുതിയ കരാർ ഒപ്പുവച്ചത്. ഭേദഗതി കരാർ നൽകിയത് 146 കോടി ഡോളറിനാണ്.   ഹ്രസ്വ, ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളെ ഒരുപോലെ തകർക്കാൻ ശേഷിയുള്ളതാണ് താഡ് . സൗദിയുടെ കൈവശമുള്ള പാട്രിയറ്റ് മിസൈലുമായി പരസ്പരപ്രവർത്തന സൗകര്യവും ഇതിനുണ്ട്.

സൗദിക്ക് 1500 കോടി ഡോളറിന്റെ താഡ് സംവിധാനം വിൽക്കാൻ അമേരിക്കൻ സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് 2017 ഒക്‌ടോബറിൽ അംഗീകാരം നൽകി. ഇറാനിൽനിന്നും മേഖലയിലെ മറ്റു ഭീഷണികളിൽനിന്നും പ്രതിരോധസഹായമായാണ് സൗദിക്കും ഗൾഫ് മേഖലയ‌്ക്കും താഡ‌് നൽകുന്നതെന്ന് അമേരിക്ക വിശദീകരിച്ചു.

മിസൈലുകളെ തടയുന്ന 360 താഡ് മിസൈലുകൾ, 16 താഡ് ഫയർ കൺട്രോൾ, കമ്യൂണിക്കേഷൻ മൊബൈൽ ടാക്റ്റിക്കൽ സ്‌റ്റേഷൻ ഗ്രൂപ്പ്, ഏഴ് അത്യാധുനിക റഡാറുകൾ എന്നിവ സൗദിക്ക് വിൽക്കാനാണ് കരാർ. കരാർ പുതുക്കുന്നതിനുമുന്നോടിയായി അമേരിക്കൻ സെൻട്രൽ കമാണ്ട് കമാണ്ടർ ജനറൽ കെന്നത്ത് മക്കെൻസിയും  സൗദി സംയുക്തസേനാ മേധാവി ജനറൽ ഫഹദ് ബിൻ തുർക്കി ബിൻ അബ്ദുൽ അസീസ് രാജകുമാരനും ചർച്ച നടത്തി.

ഹുർമുസ്, ബാബൽമന്ദബ് കടലിടുക്കുകൾ അടക്കം മധ്യപൗരസ്ത്യ ദേശത്ത് സ്വതന്ത്രമായ കപ്പൽഗതാഗതം ഉറപ്പുവരുത്തുന്നതിന് ‘ഓപ്പറേഷൻ സെന്റിനൽ' എന്ന പേരിൽ  അമേരിക്ക ശ്രമമാരംഭിച്ചതായി കെന്നത്ത് മക്കെൻസി അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top