29 February Saturday

സംഘർഷമൊഴിയാതെ ശ്രീലങ്ക

വെബ് ഡെസ്‌ക്‌Updated: Monday Apr 22, 2019

കൊളംബോ
ആഭ്യന്തര യുദ്ധം അവസാനിച്ച‌് ഒരുപതിറ്റാണ്ടു പിന്നിട്ടിട്ടും സംഘർഷമൊഴിയാതെ ശ്രീലങ്ക. ഈസ‌്റ്റർ ദിനത്തിൽ ഉണ്ടായ സ‌്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും കഴിഞ്ഞ കുറെവർഷങ്ങളായി ശ്രീലങ്കയിലെ ബുദ്ധമത സന്യാസികളിൽനിന്ന‌് ക്രിസ‌്ത്യൻസമൂഹം ഭീഷണി നേരിടുന്നുണ്ടായിരുന്നു. കഴിഞ്ഞ വർഷംമാത്രം ഇത്തരത്തിലുള്ള 86 കേസ‌് രജിസ്റ്റർ ചെയ്തിരുന്നതായി ശ്രീലങ്കയിലെ ദേശീയ ക്രിസ‌്ത്യൻ ഇവാഞ്ചലിക്കൽ സഖ്യം (എൻസിഇഎഎസ‌്എൽ) പറഞ്ഞു.
ശ്രീലങ്കയിലെ 200 ഓളം പള്ളികളും ക്രിസ‌്ത്യൻ സംഘടനകളും ഉൾപ്പെട്ട സംഘടനയാണ‌് എൻസിഇഎഎസ‌്എൽ. കഴിഞ്ഞ മാർച്ച‌് 25ന‌് കുർബാന മുടക്കാൻ ബുദ്ധമത സന്യാസി ശ്രമിച്ചിരുന്നു.

ശ്രീലങ്കയിലെ ക്രിസ‌്ത്യൻ സമൂഹത്തിന്റെ പ്രാർഥന അവസാനിപ്പിക്കണമെന്ന‌് ആവശ്യപ്പെട്ട‌് ബുദ്ധമത സന്യാസികൾ നിരന്തരം പ്രശ‌്നമുണ്ടാക്കിയിരുന്നു. നിയമാനുസൃതമല്ലാതെയാണിവർ ഒത്തുച്ചേരുന്നതെന്ന‌ു കാണിച്ചാണ‌് പരാതി ഉന്നയിച്ചിരുന്നതെന്ന‌് അമേരിക്ക പുറത്തുവിട്ട റിപ്പോർട്ടുകളിൽ പറയുന്നു. പള്ളികൾ അടച്ചുപൂട്ടണമെന്ന്‌  ഇവർ നിരന്തരം ആവശ്യപ്പെട്ടു.കഴിഞ്ഞ വർഷം ബുദ്ധമത വിശ്വാസികളായ സിൻഹളൻമാരും മുസ്ലിങ്ങളും തമ്മിൽ ചെറിയ രീതിയിൽ സംഘർഷം ഉടലെടുത്തിരുന്നു.  ബുദ്ധമത വിശ്വാസികളെ നിർബന്ധിച്ച‌് മുസ്ലിങ്ങൾ മതം മാറ്റുന്നു എന്നായിരുന്നു പ്രധാന ആരോപണം.
2012 ശ്രീലങ്കൻ സെൻസസ‌് അനുസരിച്ച‌് 22 ലക്ഷം ജനങ്ങളാണ‌് രാജ്യത്ത‌് ആകെയുള്ളത‌്. ഇതിൽ 70 ശതമാനം ബുദ്ധമത വിശ്വാസികളാണ‌്. 12.6 ശതമാനം ഹിന്ദുക്കളും 9.7ശതമാനം മുസ്ലിങ്ങളും 7.6 ശതമാനം  ക്രിസ‌്ത്യൻ മതവിശ്വാസികളുമാണ‌്. ജനങ്ങൾ ശാന്തരായി ഇരിക്കണമെന്ന‌്  ശ്രീലങ്കൻ പ്രസിഡന്റ‌് മൈത്രിപാല സിരിസേന അഭ്യർഥിച്ചു. ശ്രീലങ്കയിലെ എല്ലാ ജനതയും ഒരുമിച്ചുനിൽക്കേണ്ട സമയമാണിത‌്’’  –-പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ പറഞ്ഞു.  ചരിത്രത്തിലെ കറുത്ത ദിനമാണ‌് ഏപ്രിൽ 21 എന്ന‌് പ്രതിപക്ഷ നേതാവ‌് മഹീന്ദ രജപക‌്സെ പ്രതികരിച്ചു.

സാമൂഹ്യമാധ്യമങ്ങൾക്ക‌് വിലക്ക്‌
ശ്രീലങ്കയിലെ ഭീകരാക്രമണത്തിൽ 207 പേർ മരിച്ച സാഹചര്യത്തിൽ  സാമൂഹ്യമാധ്യമങ്ങൾക്ക‌് സർക്കാർ വിലക്കേർപ്പെടുത്തി. ഫെയ‌്സ‌്ബുക്ക‌്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ എന്നിവയാണ‌്  തടസ്സപ്പെടുത്തിയത‌്. വ്യജവാർത്ത തടയുന്നതിനാണിത‌്.

ആക്രമണത്തിന‌ുശേഷം വ്യാപകമായി സാമൂഹ്യമാധ്യമങ്ങളിൽ വ്യാജവാർത്ത പ്രചരിച്ചിരുന്നു.  വംശീയ കലാപത്തിന‌് വഴിവയ്ക്കുന്ന പോസ്റ്റുകളടക്കം വ്യാപകമായി  പ്രചരിച്ചതിനെത്തുടർന്നാണ‌് നടപടിയെന്ന‌്  ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.  സ‌്ഫോടനത്തെ സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ‌്.
അന്വേഷണം പൂർത്തിയാകുന്നത‌ുവരെ സാമൂഹ്യമാധ്യമങ്ങൾക്ക‌് നിയന്ത്രണമുണ്ടാകും. മാധ്യമങ്ങൾ സംയമനം പാലിക്കണമെന്നും സർക്കാർ അഭ്യർഥിച്ചു.
കഴിവതും ജനങ്ങൾ വീടിനുള്ളിൽത്തന്നെ ഇരിക്കാനും സർക്കാരിന്റെ ഔദ്യോഗിക കുറിപ്പിൽ പറയുന്നു.

വിമാനത്താവളങ്ങളിൽ സുരക്ഷ കർശനമാക്കി
ശ്രീലങ്കയിൽ നടന്ന സ‌്ഫോടന പരമ്പരയെത്തുടർന്ന‌് വിമാനത്താവളങ്ങളിൽ സുരക്ഷ കർശനമാക്കി.  ഭദ്രനായിക്ക‌് വിമാനത്താവളത്തിൽനിന്ന‌് വിവിധ രാജ്യങ്ങളിലേക്ക‌് പോകേണ്ട യാത്രികർ നാലുമണിക്കൂർ  മുമ്പ‌് വിമാനത്താവളത്തിലെത്തണമെന്ന‌് ശ്രീലങ്കൻ സർക്കാർ അറിയിച്ചു.
ആക്രമണത്തെത്തുടർന്ന‌് സാധാരണ പരിശോധനയ്ക്ക‌് പുറമേ വിശദമായ പരിശോധനകളുണ്ടാകുമെന്നും സർക്കാർ അറിയിച്ചു.
വിമാനത്താവളത്തിനുള്ളിൽ യാത്രികർക്ക‌് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.  സ‌്ഫോടനം നടന്ന നെഗൊംബോയിലാണ‌് വിമാനത്താവളമുള്ളത‌്.
 

എട്ടാമത്തെ സ‌്ഫോടനം നടത്തിയത‌് ചാവേർ
കൊളംബോ
ശ്രീലങ്കയിലെ സിന്നമൻ ഹോട്ടലിൽ സ‌്ഫോടനം നടത്തിയത‌് ചാവേറാണെന്ന‌് കണ്ടെത്തി. എന്നാൽ, ഇയാൾ ആരെന്ന‌്   സ്ഥിരീകരിക്കാനായിട്ടില്ല.പ്രഭാതഭക്ഷണത്തിനായി വരിയിൽ നിന്ന ഇയാൾ പൊടുന്നനെ മുമ്പിൽ എത്തുകയും സ‌്ഫോടനം നടത്തുകയുമായിരുന്നു. കൊല്ലപ്പെട്ടവരെല്ലാം ഹോട്ടലിലെ ജീവനക്കാരാണ‌്.  ഇയാൾ ഹോട്ടലിൽ നൽകിയ രേഖകൾ വ്യാജമാണെന്ന‌് പൊലീസ‌് പറഞ്ഞു. തലേന്ന‌് ഹോട്ടലിൽ എത്തിയയാൾ മുഹമ്മദ‌് അസ്സം മുഹമ്മദ‌് എന്ന പേരിലാണ‌് മുറി എടുത്ത‌ത‌്. കച്ചവടത്തിന‌്  ശ്രീലങ്കയിൽ എത്തിയതാണെന്നാണ‌് ഇയാൾ ഹോട്ടൽ ജീവനക്കാരോട‌ു പറഞ്ഞത‌്.
സിന്നമൻ ഹോട്ടലിൽ ചാവേർ സ‌്ഫോടനമുണ്ടായ അതേസമയമാണ‌് ഷാഗ്രില, കിങ‌്സ‌്ബറി എന്നീ ഹോട്ടലുകളിലും ആക്രമണം നടന്നത‌്.  ഈസ്റ്റർ പ്രാർഥനയ്ക്കായി എത്തിയവരായിരുന്നു ഹോട്ടലുകളിൽ തങ്ങിയവരിൽ ഭൂരിഭാഗവും.ഈസ്റ്റർ അവധിക്കാലത്ത‌് വിദേശികളടക്കം നിരവധി  വിനോദസഞ്ചാരികൾ എത്തുന്ന സ്ഥലമാണ‌് സിന്നമൻ ഹോട്ടൽ.

സ‌്ഫോടന പരമ്പര : ലോകനേതാക്കൾ അപലപിച്ചു
ലണ്ടൻ/ കൊളംബോ
ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന സ‌്ഫോടന പരമ്പരയിൽ ലോകനേതാക്കൾ അപലപിച്ചു. അമേരിക്ക, ബ്രിട്ടൺ, ന്യൂസിലൻഡ‌്, പാകിസ്ഥാൻ, ബംഗ്ലാദേശ‌് എ‌ന്നീ രാജ്യങ്ങളിലെ നേതാക്കൾ സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി. ഈസ്റ്റർ ദിന പ്രാർഥന നടക്കുന്ന ക്രിസ‌്ത്യൻ പള്ളികളിലും ശ്രീലങ്കയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ‌് സ‌്ഫോടനമുണ്ടായത‌്.

‘‘ശ്രീലങ്കയിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ അതീവദുഃഖം രേഖപ്പെടുത്തുന്നു. ഏതു സഹായത്തിനും ഞങ്ങൾ തയ്യാറാണ‌്. ’’ ട്രംപ‌് ട്വിറ്ററിൽ കുറിച്ചു.
‘‘ശ്രീലങ്കയിലെ പള്ളികള‌ിലും ഹോട്ടലുകള‌ിലും നടന്ന ആക്രമണങ്ങൾ അതിഭയാനകമാണ‌്. ആക്രമണത്തിൽപ്പെട്ടവരുടെ കൂടെയാണ‌്’’ –- ബ്രിട്ടീഷ‌് പ്രധാനമന്ത്രി തെരേസ മേ പ്രതികരിച്ചു.

‘‘ശ്രീലങ്കയിലെ നല്ലവരായ മനുഷ്യർക്ക‌് ഓസ‌്ട്രേലിയയിൽനിന്ന‌് പ്രാർഥനയും പിന്തുണയുമുണ്ട‌്. ഈ പ്രതിസന്ധി ഘട്ടത്തിൽ ശ്രീലങ്കയുടെ എന്താവശ്യത്തിനും ഓസ‌്ട്രേലിയൻ സർക്കാർ ഒപ്പമുണ്ടാകും’’ –- പ്രധാനമന്ത്രി സ‌്കോട്ട‌് മോറിസൺ പ്രതികരിച്ചു.

‘‘ന്യൂസിലൻഡ‌് സർക്കാർ എല്ലാ  തീവ്രവാദ ആക്രമണങ്ങൾക്കുമെതിരാണ‌്. മാർച്ച‌് 15ന‌് ഞങ്ങളുടെ നാട്ടിലുണ്ടായ ആക്രമണം അതിന‌് ശക്തികൂട്ടിയിട്ടേയുള്ളൂ. ശ്രീലങ്കയിൽ നടന്ന ആക്രമണം അതീവ ദുഃഖമുണ്ടാക്കുന്നതാണ‌്’’ –- ജസീന്ത ആർഡൻ പ്രതികരിച്ചു. ‘‘പാകിസ്ഥാൻ ശ്രീലങ്കൻ സഹോദരങ്ങൾക്കൊപ്പമാണ‌്. പള്ളിക‌ളിലും ഹോട്ടലുകള‌ിലും നടന്ന  തീവ്രവാദി ആക്രമണങ്ങൾ അത്യന്തം അപലപനീയമാണ‌്. ’’ –- പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. ‘‘മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നു. ആക്രമണത്തിൽ പരിക്കേറ്റവർ എത്രയുംവേഗം സുഖം പ്രാപിക്കട്ടെ. ’’ ബംഗ്ലാദേശ‌് പ്രധാനമന്ത്രി ഷെയ‌്ഖ‌് ഹസീന  പ്രതികരിച്ചു.

‘‘തീവ്രവാദവും മതവിദ്വേഷവും അസഹിഷ‌്ണുതയും വച്ചുപൊറുപ്പിക്കരുത‌്’’ ജർമൻ ചാൻസലർ ആംഗല മെർക്കൽ പറഞ്ഞു.
ജർമൻ പ്രസിഡന്റ‌്  ഫ്രാങ്ക‌് വാൾട്ടർ സൈറ്റയിൻമെയർ, ആസ‌്ട്രിയൻ ചാൻസലർ –- സെബാസ‌്റ്റ്യൻ കുർട്ട‌്സ‌്, തുർക്കി പ്രസിഡന്റ‌് റസിപ‌് തയ്യിപ‌് എർദോഗൻ എന്നിവർ ആക്രമണത്തിൽ പ്രതികരിച്ചു. ബഹ‌്റൈൻ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളും ശ്രീലങ്കൻ സർക്കാരിനെ അനുശോചനമറിയിച്ചു.

മാർപാപ്പ അപലപിച്ചു
വത്തിക്കാൻ സിറ്റി
ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിൽ ഫ്രാൻസിസ‌് മാർപാപ്പ അപലപിച്ചു. സ‌്ഫോടന പരമ്പര അതിക്രൂരമാണെന്നും ശ്രീലങ്കയിലെ ക്രിസ‌്ത്യൻ വിശ്വാസികളുമായി തനിക്ക‌് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും മാർപാപ്പ പറഞ്ഞു.

ശ്രീലങ്ക സ്‌ഫോടനം പ്രചാരണമാക്കി മോഡി
ജയ‌്പൂർ
ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന സ്‌ഫോടനത്തെയും പ്രചാരണായുധമാക്കി മാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജസ്ഥാനിലെ ചിറ്റോർഗറിൽ നടന്ന തെരഞ്ഞെടുപ്പ‌് റാലിയിലാണ‌് ഇത്തരം ഭീകരാക്രമണങ്ങളെ ചെറുക്കാൻ ബിജെപിക്ക‌് വോട്ട‌് ചെയ്യണമെന്ന‌് നരേന്ദ്ര മോഡി പറഞ്ഞത‌്. ഈസ്റ്റർ ദിനത്തിൽ പള്ളികളിൽ പ്രാർഥനയ്ക്കും  ആഘോഷങ്ങൾക്കായും എത്തിയ നൂറോളം നിഷ്കളങ്കരായ ജനങ്ങളാണ് ശ്രീലങ്കയിൽ ഭീകരവാദികളുടെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്.
പ്രതിസന്ധി ഘട്ടത്തിൽ ശ്രീലങ്കയുടെകൂടെ ഇന്ത്യ കൂടെയുണ്ടാകുമെന്ന‌് പറഞ്ഞ മോഡി നിങ്ങൾ വോട്ട‌് ചെയ്യാൻ പോകുമ്പോൾ താമരയിൽ കൈവിരൽ അമർത്തണമെന്നും, നിങ്ങൾ അമർത്തുന്നത് ഭീകരവാദത്തെ തുരത്താനാണെന്ന ഓർമ മനസ്സിലുണ്ടാകണമെന്നും മോഡി കൂട്ടിച്ചേർത്തു.

നടി രാധിക രക്ഷപ്പെട്ടത‌് തലനാരിഴയ‌്ക്ക‌്
കൊളംബോ
ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന സ്‌ഫോടനത്തിൽനിന്ന് തലനാരിഴയ‌്ക്കാണ് രക്ഷപ്പെട്ടതെന്ന് നടി രാധിക ശരത്കുമാർ. ശ്രീലങ്ക സന്ദർശിക്കാൻ പോയ രാധിക താമസിച്ചിരുന്നത് സിന്നമൺ ഗ്രാൻഡ് ഹോട്ടലിലായിരുന്നു. താൻ ഹോട്ടലിൽനിന്നിറങ്ങി കുറച്ചു സമയത്തിനുള്ളിലാണ്  സ്ഫോടനം നടന്നത്. രാധിക തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. സ്ഫോടനത്തിൽ അപലപിക്കുന്നെന്നും അവർ കുറിച്ചു.   


പ്രധാന വാർത്തകൾ
 Top