12 November Tuesday

ബ്രിട്ടീഷ്‌ പാർലമെന്റിന്‌ വഴങ്ങാതെ ജോൺസൺ

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019

ലണ്ടൻ > ബ്രെക്‌സിറ്റ്‌ നടപ്പാക്കുന്നത്‌ 2020 ജനുവരി 31 ന്‌ രാത്രി 11 വരെ നീട്ടുന്നതിന്‌ നിർദേശം മുന്നോട്ടുവച്ച്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോൺസൺ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ്‌ ഡോണൾഡ്‌ ടസ്‌കിന്‌ ഒപ്പിടാത്ത കത്തയച്ചു. തൊട്ടുപിന്നാലെ ഇതിന്‌ വിരുദ്ധമായി, വരുന്ന 31നകം യൂറോപ്യൻ യൂണിയൻ വിടുന്നതിനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുന്നതായി കാണിച്ച്‌ ഒപ്പിട്ട കത്തും അയച്ചു. ബ്രിട്ടീഷ്‌ പാർലമെന്റിനെ അവഹേളിക്കുന്ന തരത്തിലുള്ള പ്രധാനമന്ത്രി ജോൺസന്റെ നടപടിക്കെതിരെ പ്രതിപക്ഷം രൂക്ഷവിമർശനമുയർത്തി.

ലാളിച്ച്‌ വഷളാക്കപ്പെട്ട തെമ്മാടിച്ചെറുക്കനെ പോലെയാണ്‌ ജോൺസൺ പെരുമാറുന്നതെന്ന്‌ ലേബർ പാർടി കുറ്റപ്പെടുത്തി. പാർലമെന്റ്‌ ഒരു തീരുമാനം എടുത്തിട്ടുണ്ടെന്നും അത്‌  പ്രധാനമന്ത്രി അനുസരിക്കേണ്ടതാണെന്നും ലേബർ പാർടിയുടെ ‘ഷാഡോ ചാൻസലർ’ ഓർമിപ്പിച്ചു. 
ബ്രെക്‌സിറ്റ്‌ വോട്ട്‌ അതിനാവശ്യമായ നിയമനിർമാണംവരെ വൈകിപ്പിക്കാൻ ആവശ്യപ്പെട്ട്‌ അവതരിപ്പിച്ച പ്രമേയം ശനിയാഴ്‌ച ചേർന്ന ബ്രിട്ടീഷ്‌ പാർലമെന്റിന്റെ അസാധാരണ സമ്മേളനം അംഗീകരിച്ചിരുന്നു. ഇതോടെ കഴിഞ്ഞ മാസം പാസാക്കിയ ബെൻ നിയമപ്രകാരം ബ്രെക്‌സിറ്റ്‌ നീട്ടാൻ യൂറോപ്യൻ യൂണിയന്‌ എഴുതാൻ ജോൺസൺ നിർബന്ധിതനാകുകയായിരുന്നു. തുടർന്നാണ്‌ ഒപ്പിടാതെ ശനിയാഴ്‌ച രാത്രി കത്തയച്ചത്‌. എന്നാൽ, പിന്നാലെ ഇതിന്‌ വിരുദ്ധമായി ഒപ്പിട്ട കത്തയച്ചതോടെ അതാണ്‌ യൂറോപ്യൻ കമീഷൻ പരിഗണിക്കേണ്ടതെന്ന സന്ദേശവും നൽകി. ജനുവരി 31നുമുമ്പ്‌ ബ്രെക്‌സിറ്റ്‌ കരാറിന്‌ അംഗീകാരം ലഭിച്ചാൽ അതോടെ ആ സമയപരിധി അവസാനിപ്പിക്കാമെന്നും ഒപ്പിടാത്ത കത്തിൽ പറയുന്നുണ്ട്‌.

കത്തുകൾ പരിഗണിച്ച യൂറോപ്യൻ കമീഷൻ പ്രസിഡന്റ്‌ ടസ്‌ക്‌ ഞായറാഴ്‌ച ഇയു കമീഷനിലെ മറ്റ്‌ 27 അംഗങ്ങളുടെ സ്ഥാനപതിമാരുടെയും യോഗം വിളിച്ചു. 15 മിനിറ്റ്‌ മാത്രം നീണ്ട യോഗം ബ്രിട്ടനിൽനിന്ന്‌ മറ്റൊരു തീരുമാനം ഉണ്ടാകുന്നതുവരെ ബ്രെക്‌സിറ്റ്‌ നടപടിയുമായി മുന്നോട്ടുപോകാനാണ്‌ തീരുമാനിച്ചത്‌. തിങ്കളാഴ്‌ചയാണ്‌ ഇയുവിൽ ഇതിന്റെ നടപടികൾ ആരംഭിക്കുന്നത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top