20 October Tuesday

ട്രംപിനെ കടന്നാക്രമിച്ച്‌ കമല പോരാട്ടം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Aug 21, 2020

ദേശീയ കൺവൻഷനിൽ പങ്കെടുക്കാനെത്തിയ ജോ ബൈഡൻ, ഭാര്യ ജിൽ ബൈഡൻ, കമല ഹാരിസ്‌, ഭർത്താവ്‌ ഡഗ്ലസ്‌ എംഹോഫ്‌


വാഷിങ്‌ടൺ
അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്‌ സ്ഥാനാർഥി ജോ ബൈഡന്റെ മത്സരപങ്കാളി സ്ഥാനം ഔപചാരികമായി സ്വീകരിച്ച കമല ഹാരിസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ നയങ്ങളെ കടന്നാക്രമിച്ച്‌ പോരാട്ടം തുടങ്ങി. സ്ഥാനാർഥികളെ ഔപചാരികമായി പ്രഖ്യാപിച്ച ഡെമോക്രാറ്റിക്‌ പാർടിയുടെ വിർച്വൽ ദേശീയ കൺവൻഷന്റെ മൂന്നാം രാവിലാണ്‌ നിയോഗം സ്വീകരിച്ച്‌ കമല പ്രസംഗിച്ചത്‌. അമേരിക്കയിലെങ്ങുമുള്ള ഡെമോക്രാറ്റിക്‌ അണികൾക്ക്‌ പുറമേ ഇന്ത്യയിലും ജമൈക്കയിലുമുള്ള കമലയുടെ ബന്ധുക്കൾക്കും അവരുടെ വാക്കുകൾ ആഹ്ലാദം പകർന്നു. തമിഴ്‌നാട്ടിലുള്ള ചിറ്റമാരെ തമിഴിൽ ചിത്തിമാർ എന്ന്‌ കമല പരാമർശിച്ചത്‌ വൈറലായി.

നവംബർ മൂന്നിന്‌ നടക്കുന്ന തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചാൽ അമേരിക്കൻ ചരിത്രത്തിലെ ആദ്യ വനിതാ വൈസ്‌ പ്രസിഡന്റാകും കമല ഹാരിസ്‌.  ഈ സ്ഥാനത്തെത്തുന്ന ആദ്യ കറുത്ത വംശജയും ആദ്യ ഇന്ത്യൻ വംശജയും ആദ്യ ഏഷ്യൻ വംശജയും ആകും.

ട്രംപിന്റെ നേതൃത്വപരാജയം മൂലമാണ്‌ മഹാമാരിയിൽ ഇത്രയധികം അമേരിക്കക്കാരുടെ ജീവനും ജീവനോപാധികളും നഷ്‌ടപ്പെട്ടതെന്ന്‌ കമല പറഞ്ഞു. അമേരിക്കയിൽ സ്‌ത്രീകൾക്ക്‌ വോട്ടവകാശം അനുവദിച്ച 19ാം ഭേദഗതിയുടെ നൂറാം വാർഷികം ആഘോഷിക്കുന്ന വാരത്തിൽ അതിനായി പോരാടിയ സ്‌ത്രീകളെ അനുസ്‌മരിച്ചു. കറുത്ത സ്‌ത്രീകൾക്ക്‌ പിന്നെയും കുറേ കാലം കഴിഞ്ഞാണ്‌ വോട്ടവകാശം ലഭിച്ചതെന്ന്‌ ഓർമിപ്പിച്ചു.  അഭിമാനബോധം പകർന്നുതന്ന അമ്മ ശ്യാമള ഗോപാലനെയും വേദനയോടെ കമല സ്‌മരിച്ചു.

കമലയുടെ പ്രസംഗത്തിന്‌ മുമ്പ്‌ അനിയത്തി മായ ഹാരിസും അവരുടെ മകൾ മീനയും കമലയുടെ ഭർത്താവ്‌ ഡഗ്ലസ്‌ എംഹോഫിന്റെ ആദ്യ വിവാഹത്തിലെ മകൾ എല്ലാ എംഹോംഫും ചേർന്ന്‌ ചിത്രങ്ങളുടെ മൊണ്ടാഷിലൂടെ അവരുടെ ജീവിതവളർച്ച പരിചയപ്പെടുത്തി. ഡഗ്ലസ്‌ എംഹോഫും ബൈഡനും ഭാര്യ ജില്ലും വേദിയിൽ കമലയ്‌ക്കൊപ്പം ചേർന്നു.

വിവിധ കേന്ദ്രങ്ങളിൽ നിന്ന്‌ മുൻ പ്രസിഡന്റ്‌ ബറാക്‌ ഒബാമ, യുഎസ്‌ സ്‌പീക്കർ നാൻസി പെലോസി, സെനറ്റർ എലിസബത്ത്‌ വാറൻ, ഹിലരി ക്ലിന്റൻ തുടങ്ങിയവർ സംസാരിച്ചു. തെരഞ്ഞെടുപ്പിൽ ഏഷ്യൻ അമേരിക്കക്കാർ നിർണായകമാണെന്ന്‌ പ്രത്യേക വിർച്വൽ യോഗത്തിൽ കമല ഹാരിസ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top