കുവൈത്ത് സിറ്റി > കുവൈറ്റിൽ സർക്കാർപൊതു മേഖല സ്ഥാപനങ്ങളുടെ പ്രവർത്തി സമയം ഒരു മണിക്കൂർ വർദ്ധിപ്പിച്ച് പുനഃക്രമീകരിച്ചതായി സിവിൽ സർവ്വീസ് കമീഷൻ അറിയിച്ചു.നിലവിൽ ആറു മണിക്കൂർ മാത്രമുണ്ടായിരുന്ന പ്രവർത്തി സമയം ഏഴു മണിക്കൂറാക്കി വർദ്ധിപ്പിച്ചു.
പുതുക്കിയ തീരുമാന പ്രകാരം വിദ്യാഭ്യാസം, വിവര സാങ്കേതിക വിഭാഗം, കൃഷി, കസ്റ്റംസ്, മതകാര്യം ,സിവിൽ സർവീസ് കമ്മീഷൻ തുടങ്ങി 24 വകുപ്പുകൾ രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 2:30 വരെയും ബാക്കിയുള്ള വകുപ്പുകൾ രാവിലെ എട്ടു മണി മുതൽ മൂന്ന് മണി വരെയും ആയിരിക്കും പ്രവർത്തിക്കുകയെന്നും അറിയിപ്പിൽ പറയുന്നു.
എന്നാൽ സിവിൽ സർവ്വീസ് കമ്മീഷന്റെ ഈ തീരുമാനം ജീവനക്കാർക്കിടയിൽ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. 'ഈ തീരുമാനം ഞങ്ങൾ തിരസ്ക്കരിക്കുന്നു' എന്ന ഹാഷ് ടാഗിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതിഷേധം അറിയിക്കുന്നുണ്ട്.