18 November Monday

യുഎൻ മനുഷ്യാവകാശ കൗൺസിലിൽനിന്ന‌് യുഎസ‌് പിന്മാറി

വെബ് ഡെസ്‌ക്‌Updated: Thursday Jun 21, 2018

വാഷിങ‌്ടൺ > പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപിന്റെ സെപറേഷൻ പോളിസിക്കെതിരെ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധം ശക്തമായിരിക്കെ ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗൺസിലിൽനിന്ന‌് അമേരിക്ക പിന്മാറിയത‌് കടുത്ത വിമർശത്തിനിടയാക്കി. ലോകത്തെങ്ങുമുള്ള മനുഷ്യാവകാശ ലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും നടപടിയെടുക്കുന്നതിനും അമേരിക്കയുടെ പിന്മാറ്റം തിരിച്ചടിയാണെന്ന‌് സന്നദ്ധപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ചൂണ്ടിക്കാട്ടി. അമേരിക്കയുടെ നടപടി നിരാശാജനകമാണെന്ന‌് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗ്യുട്ടറെസും യുഎൻ മനുഷ്യാവകാശ സമിതി മേധാവി സെയ‌്ദ‌് റാഅദ‌് അൽ ഹുസൈനും പ്രതികരിച്ചു.

ഇസ്രയേലിനെതിരെ പക്ഷപാതപരമായി പെരുമാറുന്നുവെന്നാരോപിച്ചാണ‌് അമേരിക്കയുടെ പിന്മാറ്റം. കാപട്യംനിറഞ്ഞ മനുഷ്യാവകാശ കൗൺസിൽ മനുഷ്യാവകാശങ്ങളെ കൊഞ്ഞനംകുത്തുകയാണെന്നും യുഎന്നിലെ അമേരിക്കൻ സ്ഥാനപതി നിക്കി ഹേലി കുറ്റപ്പെടുത്തി. ഇസ്രയേലിനോട‌് ഒടുങ്ങാത്ത ശത്രുതയോടെയാണ‌് സമിതി പ്രവർത്തിക്കുന്നതെന്നും അമേരിക്കൻ വിദേശ സെക്രട്ടറി മൈക് പോംപിയോയുടെ സാന്നിധ്യത്തിൽ അവർ ആരോപിച്ചു.
വർഷങ്ങളായി തുടരുന്ന വിമർശത്തിനൊടുവിലാണ‌് അമേരിക്ക മനുഷ്യാവകാശ കൗൺസിൽ വിട്ടത‌്. 2006ൽ ജനീവ ആസ്ഥാനമായി കൗൺസിൽ രൂപീകരിക്കുമ്പോൾ അതിൽ ചേരാൻ അമേരിക്ക വിസമ്മതിച്ചിരുന്നു. ബറാക‌് ഒബാമ പ്രസിഡന്റായശേഷം 2009ലാണ‌് അമേരിക്ക കൗൺസിലിൽ ചേർന്നത‌്.

മോശം മനുഷ്യാവകാശ റെക്കോഡുള്ള രാജ്യങ്ങളെയും അംഗങ്ങളാക്കുന്നുവെന്നാണ‌് അമേരിക്കയുടെ ആരോപണം. കൗൺസിലിന്റെ വിലയിരുത്തൽയോഗം ഇസ്രയേൽ ബഹിഷ‌്കരിക്കുകയും ചെയ‌്തിരുന്നു. പലസ‌്തീനെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിനെതിരെ കൗൺസിൽ വിമർശമുയർത്തിയിരുന്നു. ഇസ്രയേലിനെതിരെ പാസാക്കിയ പ്രമേയങ്ങൾ അംഗീകരിക്കാൻ കഴിയില്ലന്ന‌് നിക്കി ഹേലി പറഞ്ഞു. അമേരിക്കയുടെ നടപടിയെ ഇസ്രയേൽ സ്വാഗതംചെയ‌്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top