22 November Friday

ഇസ്രയേൽ ആക്രമണത്തിൽ 3 പലസ്‌തീന്‍ യുവാക്കൾ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019

ഗാസ > ഗാസ അതിര്‍ത്തിയില്‍ ഇസ്രയേൽസേനയുടെ കടന്നാക്രമണത്തില്‍ മൂന്ന് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. അതിര്‍ത്തിയില്‍ സൈനികനടപടി ശക്തമാക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. അതിര്‍ത്തിയിലെ പ്രക്ഷോഭകരെ ലക്ഷ്യമിട്ട്  ഹെലികോപ്റ്ററുകളില്‍ നിന്നും ടാങ്കുകളില്‍ നിന്നും വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 24, 26, 27 വയസുള്ള മൂന്നുപേരുടെ മൃതദേഹം ലഭിച്ചതായി പലസ്തീന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. മണിക്കൂറുകള്‍ക്കുശേഷമാണ് മേഖലയില്‍നിന്ന്‌ മൃതദേഹം എടുക്കാന്‍ ഇസ്രയേല്‍ സൈന്യം അനുവദിച്ചത്.

സായുധസേനയ്‌ക്കെതിരെയാണ് വെടിയുതിര്‍ത്തതെന്നാണ് ഇസ്രയേലിന്റെ ആരോപണം. ഗാസയില്‍നിന്ന് മൂന്ന് റോക്കറ്റുകള്‍ ഇസ്രയേല്‍ അതിര്‍ത്തിയില്‍ വീണെന്നും തൊട്ടുപിന്നാലെയാണ് വെടിവയ്പ് നടത്തിയതെന്നും സൈന്യം വിശദീകരിച്ചു. മിസൈലുകള്‍ ഇസ്രയേല്‍ മിസൈല്‍കവചം ഫലപ്രദമായി ചെറുത്തു. ഇസ്രയേല്‍ ഭാഗത്ത് ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ഇസ്രയേല്‍ സേന പ്രക്ഷോഭകരെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത്.


പ്രധാന വാർത്തകൾ
 Top