18 August Sunday

അസാൻജെ അറസ‌്റ്റ‌് വിമർശം: ഇക്വഡോർ മുൻമന്ത്രിക്ക‌് ഇന്റർപോൾ നോട്ടീസ‌് ഭീഷണി

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019

ക്വിറ്റോ> ഇക്വഡോർ മുൻ വിദേശമന്ത്രി റിക്കാർഡോ പാറ്റിനോയെ അറസ്റ്റ‌് ചെയ്യാൻ ഇന്റർപോളിനോട‌് അപേക്ഷിക്കുമെന്ന‌് ഇക്വഡോർ അറ്റോർണി ജനറൽ കാര്യാലയം ഭീഷണിയുയർത്തി. വിക്കിലീക‌്സ‌് സ്ഥാപകൻ ജൂലിയൻ അസാൻജെയ‌്ക്ക‌് നൽകിയിരുന്ന അഭയം പിൻവലിച്ചതിൽ ലെനിൻ മൊറെനോ സർക്കാരിനെതിരെ പാറ്റിനോ കടുത്ത വിമർശം ഉന്നയിച്ചിരുന്നു. അദ്ദേഹം രാജ്യവിട്ടതിനെത്തുടർന്നാണ‌് ഇന്റർപോളിനോട‌് നോട്ടീസ‌് നൽകാൻ ആവശ്യപ്പെടുമെന്ന‌് അധികൃതർ അറിയിച്ചത‌്.

രാജ്യത്തിനെതിരെ ദുഷ‌്പ്രചാരണം നടത്തുന്നതിന‌് പാറ്റിനോയെ കരുതൽ തടങ്കലിൽ വയ‌്ക്കണമെന്ന‌് അറ്റോർണി ജനറലിന്റെ ഔദ്യോഗിക പ്രസ‌്താവനയിൽ പറയുന്നു. പ്രസിഡന്റ‌്  ലെനിൻ മൊറെനോയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കടുത്ത വിമർശകനാണ‌് റിക്കാർഡോ പാറ്റിനോ. അസാൻജെയ‌്ക്ക‌് ഇക്വഡോർ ‌എംബസിയിൽ നൽകിയിരുന്ന അഭയം പിൻവലിച്ച‌് ബ്രിട്ടീഷ‌് പൊലീസിന‌് വിട്ടുകൊടുത്തതിനെ പാറ്റിനോ ശക്തമായ ഭാഷയിൽ എതിർത്തിരുന്നു. മൊറെനോക്കെതിരായ അഴിമതിയാരോപണത്തിലും പാറ്റിനോ സർക്കാരിന്റെ നോട്ടപ്പുള്ളിയാണ‌്. മുൻ പ്രസിഡന്റ‌് റഫേൽ കൊറിയെയും ഇന്റർപോൾ റെഡ‌് നോട്ടീസ‌് ഇറക്കുമെന്ന‌് ഭീഷണിപ്പെടുത്തി സർക്കാർ പീഡിപ്പിച്ചിരുന്നു. എന്നാൽ, കൊറിയയെ അറസ്റ്റ‌് ചെയ്യാനുള്ള സർക്കാരിന്റെ അപേക്ഷ മനുഷ്യാവകാശ നിഷേധമായി കണ്ട‌് ഇന്റർപോൾ തള്ളുകയായിരുന്നു.


പ്രധാന വാർത്തകൾ
 Top