24 May Friday

മാലി സർക്കാർ രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019

ബമാക്കൊ> ഫുലാനി ഇടയ ഗോത്രക്കാരുടെ കൂട്ടക്കൊലയെത്തുടർന്ന‌് പ്രതിഷേധം കനക്കുന്ന മാലിയിൽ സർക്കാർ രാജിവച്ചു. മാലി പാർലമെന്റ‌് അവിശ്വാസപ്രമേയം പാസാക്കിയതോടെയാണ‌് സർക്കാർ രാജിവയ‌്ക്കാൻ നിർബന്ധിതരായത‌്. പ്രധാനമന്ത്രി സുമേലു ബൂബേ മൈഗയുടെയും മറ്റ‌് മന്ത്രിമാരുടെയും രാജി സ്വീകരിക്കുന്നതായി പ്രസിഡന്റ‌് ഇബ്രാഹിം ബൗബക്കർ കീത്ത പ്രഖ്യാപിച്ചു.

എല്ലാ രാഷ‌്ട്രീയ ശക‌്തികളുമായി ചർച്ചനടത്തിയശേഷം പുതിയ സർക്കാർ ഉടൻ രൂപീകരിക്കുമെന്ന‌് അദ്ദേഹം പറഞ്ഞു.  രാജ്യത്ത‌് പ്രവർത്തിക്കുന്ന സായുധ സംഘങ്ങളെയും അൽഖായ്‌ദ ബന്ധമുള്ള ഭീകരവാദ സംഘങ്ങളെയും നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരുന്നു. മാർച്ച‌് 23നാണ‌് 160 ഫുലാനി വിഭാഗക്കാരെ വംശീയവാദികൾ വെടിവച്ചു കൊന്നത‌്. കൂട്ടക്കൊലയെത്തുടർന്ന‌് ഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ 23 സൈനികരും കൊല്ലപ്പെട്ടിരുന്നു.

ഏപ്രിൽ 5ന‌് തലസ്ഥാന നഗരിയായ ബൊമാക്കൊവിൽ പതിനായിരങ്ങൾ അണിനിരന്ന പ്രതിഷേധം നടന്നിരുന്നു. ഇതേത്തുടർന്ന‌് കൂട്ടക്കൊലയിൽ പ്രതികളെന്നു കരുതുന്ന 5 പേരെ അറസ്റ്റ‌് ചെയ‌്തു. എന്നാൽ, സായുധ സംഘത്തെ കീഴ‌്പ്പെടുത്തുന്നതിലും സമാധാനം നിലനിർത്തുന്നതിലും സർക്കാരിന്റെ കഴിവില്ലായ‌്മയിൽ പ്രതിഷേധം ശക‌്തമായി. 2012ൽ ടുവാറെഗ‌ും മറ്റ‌് തീവ്രവാദി സംഘങ്ങളും കലാപത്തിലൂടെ മാലിയുടെ വടക്കൻ മരുഭൂമി പ്രദേശം പിടിച്ചടക്കിയതോടെ രാജ്യം അരക്ഷിതാവസ്ഥയിലായിരുന്നു. 2015ൽ സമാധാന കാരാറിൽ ഒപ്പുവച്ചെങ്കിലും ഭൂരിഭാഗം പ്രദേശങ്ങളും ഇന്നും സായുധ സംഘങ്ങളുടെ നിയന്ത്രണത്തിലാണ‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top