31 March Tuesday

കൊറോണ പ്രതിരോധം : നിര്‍ണായക പുരോഗതി, പുതിയ രോഗികള്‍ കുറയുന്നു: ചൈന

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020


കെയ്‌റോ
ചൈനയില്‍ പടരുന്ന കൊറോണ വൈറസിനെ നിയന്ത്രിക്കുന്നതില്‍ നിര്‍ണായ പുരോഗതി ഉണ്ടായതായി ലോകാരോഗ്യ സംഘടന. ഡിസംബറില്‍ ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചശേഷം പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ മികച്ച പുരോഗതി കൈവരിക്കാനായി. എന്നാല്‍, വഴിത്തിരിവുണ്ടായെന്ന് പറയാനായിട്ടില്ലെന്നും ലോകാരോഗ്യസംഘടന മേഖലാ തലവന്‍ റിച്ചാര്‍ഡ് ബര്‍മന്‍ പറഞ്ഞു.

വൈറസിന്റെ ആവിര്‍ഭാവത്തെ കുറിച്ചുയരുന്ന നിഗൂഢ സിദ്ധാന്തങ്ങളെയും സംഘടന തള്ളിക്കളഞ്ഞു. വൈറസ് പരീക്ഷണശാലയില്‍ സൃഷ്ടിച്ചതാണെന്നതിന് ഒരു തെളിവുമില്ല. ജൈവായുധമായി വൈറസിനെ ഉപയോഗിച്ചതാകാമെന്ന ആരോപണവും തള്ളി. ചൈനയില്‍ മരണം 2000 കടന്നു. മുക്കല്‍ ലക്ഷത്തോളം പേരില്‍ കോവിഡ് 19 സ്ഥിരീകരിച്ചു.

പുതിയ രോഗികള്‍ കുറയുന്നു: ചൈന
വൈറസിനെതിരെ വളരെ വേഗം വിജയപ്രാപ്തിയില്‍ എത്താന്‍ സാധിക്കുമെന്ന് ചൈന. തെക്കനേഷ്യന്‍ രാഷ്ട്രങ്ങളിലെ നയതന്ത്രപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ചൈനീസ് വിദേശമന്ത്രി വാങ് യി ആത്മവിശ്വാസം പ്രകടിപ്പിച്ചത്. രോഗം പൊട്ടിപ്പുറപ്പെട്ട മധ്യപ്രവിശ്യയില്‍ വൈറസ് പടരുന്നത് ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഹുബെ പ്രവിശ്യക്കു പുറത്ത് തുടര്‍ച്ചയായി 15 ദിവസമായി പുതിയ രോഗികളുടെ എണ്ണം കുറഞ്ഞു. പുതുതായി രോഗം ബാധിക്കുന്നവരേക്കാള്‍ കൂടുതല്‍ പേര്‍ക്ക് രോഗം ഭേദമായി വരുന്നു. ഡിസംബറില്‍ രോഗം സ്ഥിരീകരിച്ചശേഷം ആദ്യമായാണ് പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നത്.

പത്ത് രാഷ്ട്രത്തിന്റെ കൂട്ടായ്മയായ ആസിയാനിലെ ആറു രാഷ്ട്രത്തിലും രോഗം എത്തി. വൈറസിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ വേഗത്തില്‍ കൈമാറാനും ഒറ്റക്കെട്ടായി രോഗത്തെ ചെറുക്കാനും യോഗത്തില്‍ തീരുമാനമായി.

ചൈനയിൽ അഡിഡാസിന് കനത്ത നഷ്ടം
പ്രമുഖ കായിക ബ്രാന്‍ഡായ അഡിഡാസിന്‌ ചൈനയിൽ ഇടിവ്‌. കൊറോണ വൈറസ്‌ പടർന്നുപിടിച്ചതോടെയാണ്‌ കമ്പനിക്ക്‌ ചൈനയിൽ നഷ്ടമുണ്ടായത്‌. ചൈനയിലെ പുതുവർഷദിനമായ ജനുവരി 25നുശേഷം കമ്പനിയുടെ വ്യാപാരം 85 ശതമാനം ഇടിഞ്ഞതായി കമ്പനി വെളിപ്പെടുത്തി. നിരവധി സ്‌റ്റോർ ഇതിനകം പൂട്ടി. കടകളിൽ കുറച്ചുപേർ മാത്രമാണ്‌ എത്തുന്നത്‌. അഡിഡാസിന്റെ മൊത്തം വാർഷിക വരുമാനമായ 690 കോടി ഡോളറിൽ (ഏകദേശം 50,000 കോടി രൂപ) മൂന്നിൽ ഒന്നും ഏഷ്യാ പസഫിക്‌ മേഖലയിൽനിന്നാണ്‌. ചൈനയ്‌ക്കു പുറത്ത്‌ വ്യവസായത്തെ കാര്യമായി കൊറോണ ബാധിച്ചിട്ടില്ലെന്നും കമ്പനി പറയുന്നു.


 


പ്രധാന വാർത്തകൾ
 Top