05 April Sunday

വാള്‍സ്ട്രീറ്റ് ലേഖകരെ ചൈന പുറത്താക്കി ; 5 ചൈനീസ് മാധ്യമത്തിന്‌ അമേരിക്കയില്‍ കൂച്ചുവിലങ്ങ്

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020


ബീജിങ്
കൊറോണ വൈറസ് ബാധ നിയന്ത്രിക്കാന്‍ ജാഗ്രതയോടെ പൊരുതുന്ന ചൈനയെ “ഏഷ്യയിലെ യഥാര്‍ഥരോഗി’ എന്ന് വിശേഷിപ്പിച്ച അമേരിക്കന്‍ ദിനപത്രം വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ മൂന്നു ലേഖകരെ ചൈന പുറത്താക്കി.

ചൈനീസ് മാധ്യമങ്ങള്‍ക്ക് അമേരിക്കയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. ചൈനയെ വംശീയമായി അധിക്ഷേപിക്കുന്ന ലേഖനം പിന്‍വലിച്ച് മാപ്പുപറയണമെന്ന ആവശ്യം നിരാകരിച്ചതോടെയാണ് ലേഖകരെ പുറത്താക്കിയത്. മൂന്നു ലേഖകരും അഞ്ചുദിവസത്തിനകം ചൈന വിടണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കൊറോണ വൈറസ് ബാധയുടെ പേരില്‍ ചൈനയ്‌ക്ക് എതിരായ കടുത്ത രാഷ്ട്രീയ ആക്രമണമാണ് പാശ്ചാത്യമാധ്യമങ്ങള്‍ നടത്തുന്നത്.

5 ചൈനീസ് മാധ്യമത്തിന്‌ അമേരിക്കയില്‍ കൂച്ചുവിലങ്ങ്
അഞ്ച് ചൈനീസ് മാധ്യമത്തിന്‌ അമേരിക്കയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ട്രംപ് ഭരണകൂടം. ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ, ചൈന ഗ്ലോബല്‍ ടെലിവിഷന്‍ ശൃംഖല അടക്കുമള്ള മാധ്യമങ്ങള്‍ക്കാണ് നിയന്ത്രണം.  ചൈനീസ് മാധ്യമസ്ഥാപനങ്ങളെ “ചൈനയുടെ വിദേശദൗത്യ’ങ്ങളായി പരിഗണിക്കുമെന്നാണ് നിലപാട്.

ഇതോടെ മാധ്യമസ്ഥാപനങ്ങള്‍ക്ക് അമേരിക്കയില്‍ വസ്തുവകകള്‍ വാങ്ങാനും ജീവനക്കാരെ നിയമിക്കാനും മറ്റും കടുത്ത നിയന്ത്രണമുണ്ടാകും. ഇവ സ്വതന്ത്രമാധ്യമങ്ങളല്ല എന്നാണ് അമേരിക്കന്‍ നിലപാട്.

അമേരിക്കയുടെ നീക്കത്തോട്‌ ചൈന ശക്തമായി പ്രതികരിച്ചു. ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന മുന്നറിയിപ്പും നൽകി. മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന അമേരിക്കയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതാണ് നടപടിയെന്ന്  ചൈനയുടെ വിദേശമന്ത്രാലയ വക്താവ് ജെങ് ഷുവാങ് പറഞ്ഞു.


പ്രധാന വാർത്തകൾ
 Top