26 March Tuesday

ഏണസ്റ്റോ കാർദിനാളിന്റെ വിലക്ക‌് 35 വർഷത്തിനുശേഷം വത്തിക്കാൻ പിൻവലിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 20, 2019

വത്തിക്കാൻ സിറ്റി > നിക്കരാഗ്വൻ കവിയും വിപ്ലവാനന്തര നിക്കരാഗ്വയിലെ (1979) വിദേശമന്ത്രിയുമായിരുന്ന ഏണസ്റ്റോ കാർദിനാളിന്‌ വത്തിക്കാൻ ചുമത്തിയ വിലക്ക‌് 35 വർഷത്തിനുശേഷം പിൻവലിച്ചു. വിമോചന ദൈവശാസ‌്ത്രം ലാറ്റിൻ അമേരിക്കയിൽ പ്രചരിപ്പിക്കുന്നുവെന്ന‌് കാണിച്ച‌് ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഏണസ്റ്റോയെ വിശുദ്ധ കുർബാന നടത്തുന്നതിൽനിന്ന‌് വിലക്കിയിരുന്നു. വിപ്ലവാനന്തരം നിക്കരാഗ്വയിലെ കമ്യൂണിസ്റ്റ‌് മന്ത്രിസഭയിലെ അംഗമായതും യാഥാസ്ഥിതിക ക്രിസ‌്ത്യൻ സഭകളെ അക്കാലത്ത‌് പ്രകോപിപ്പിച്ചിരുന്നു.

1983ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ നിക്കരാഗ്വ സന്ദർശിക്കാനെത്തിയപ്പോൾ ഏണസ്റ്റോ മുട്ടുകുത്തി സ്വീകരിക്കാൻ നിന്നിരുന്നു. അദ്ദേഹത്തിന്റെ കമ്യൂണിസ്റ്റ‌് അനുഭാവത്തെ വിമർശിച്ചുകൊണ്ട‌് മാർപാപ്പ വിരൽചൂണ്ടി വഴക്കുപറയുന്ന ചിത്രം പിൽക്കാലത്ത‌് കാത്തലിക‌് സഭയുടെ കമ്യൂണിസ്റ്റ‌് അനുഭാവികളോടുള്ള പൊതുവിലുള്ള സമീപനത്തിന്റെ അടയാളമായി മാറി. സഭയുമായി നിലനിൽക്കുന്ന പ്രശ‌്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നാണ‌് അന്ന‌് മാർപാപ്പ പറഞ്ഞതെങ്കിലും സന്ദർശത്തിന‌് ഒരു വർഷത്തിന‌ുശേഷം ഏണസ്റ്റോയ്‌ക്ക‌് വത്തിക്കാൻ വിലക്കേർപ്പെടുത്തുകയായിരുന്നു.

വൃക്ക തകരാർമൂലം നിലവിൽ ഏണസ്റ്റോയെ മനഗ്വ‌യിലെ വിവയൻ പെല്ലാസ‌് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ‌്. 14 മാസത്തിനിടെ അഞ്ചാമത്തെ തവണയാണ‌് ഇദ്ദേഹം ആശുപത്രിയിലാകുന്നത‌്.


പ്രധാന വാർത്തകൾ
 Top