07 August Friday

നാസിമുദ്രയുമായി ട്രംപിന്റെ പരസ്യം; ഫെയ്‌സ്‌ബുക്ക്‌ വെട്ടി

വെബ് ഡെസ്‌ക്‌Updated: Friday Jun 19, 2020


വാഷിങ്‌ടൺ
പഴയ നാസിമുദ്രകൾ ഉപയോഗിച്ചതിന്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെയും വൈസ്‌ പ്രസിഡന്റ്‌ മൈക്‌ പെൻസിന്റെയും പ്രചാരണപരസ്യം ഫെയ്‌സ്‌ബുക്ക്‌ നീക്കംചെയ്‌തു. കോൺസെൻട്രേഷൻ ക്യാമ്പുകളിൽ കമ്യൂണിസ്‌റ്റുകാരെയും മറ്റ്‌ രാഷ്‌ട്രീയത്തടവുകാരെയും മറ്റും തിരിച്ചറിയാൻ ഉപയോഗിച്ചിരുന്ന തലകീഴായ ചുവന്ന ത്രികോണമടങ്ങുന്ന പരസ്യമാണ്‌ നീക്കിയത്‌.

സംഘടിത വിദ്വേഷത്തിനെതിരായ ഫെയ്‌സ്‌ബുക്കിന്റെ നയം ലംഘിക്കുന്നതാണ്‌ ഈ പരസ്യമെന്ന്‌ കമ്പനി പ്രസ്‌താവനയിൽ അറിയിച്ചു. ഇത്തരം ചിഹ്നങ്ങൾ തങ്ങൾ അനുവദിക്കുന്നില്ലെന്ന്‌ ഫെയ്‌സ്‌ബുക്കിന്റെ സുരക്ഷാ നയ മേധാവി നഥാനിയേൽ ഗ്ലേയ്‌ഷർ യുഎസ്‌ കോൺഗ്രസിന്റെ പ്രതിനിധിസഭാ രഹസ്യാന്വേഷണ സമിതിയുടെ തെളിവെടുപ്പിൽ പറഞ്ഞു.

ഇതിനിടെ, ട്രംപിന്റെ ഒരു ട്വീറ്റ്‌ കൂടി കൃത്രിമം കാണിച്ചുള്ളതാണെന്ന്‌ ട്വിറ്റർ വ്യക്തമാക്കി. ഓരോ കറുത്ത കുട്ടിയും വെളുത്ത കുട്ടിയുമുള്ള ഒരു വീഡിയോയിൽ മാറ്റംവരുത്തി, അമേരിക്കയിൽ വംശീയതയില്ലെന്നും വ്യാജവാർത്തയാണ്‌ പ്രശ്‌നമെന്നും അവകാശപ്പെട്ടാണ്‌ ട്രംപ്‌ ട്വീറ്റ്‌ ചെയ്‌തത്‌. സിഎൻഎൻ കഴിഞ്ഞവർഷം ഒരു വാർത്തയ്‌ക്കു നൽകിയ വീഡിയോ ആ വാർത്താ ചാനലിനെ വ്യാജവാർത്തക്കാരെന്ന്‌ ചിത്രീകരിക്കുന്ന തരത്തിലാണ്‌ ട്രംപ്‌ ട്വീറ്റ്‌ ചെയ്‌തത്‌.

ഇതിനൊപ്പം കൃത്രിമം നടത്തിയ വീഡിയോ എന്ന മുന്നറിയിപ്പ്‌ കൂട്ടിച്ചേർക്കുകയാണ്‌ ട്വിറ്റർ ചെയ്‌തത്‌. മുമ്പും ട്രംപിന്റെ ചില ട്വീറ്റുകൾ നുണയാണെന്നു കാണിക്കുന്ന മുന്നറിയിപ്പ്‌ ട്വിറ്റർ നൽകിയിട്ടുണ്ട്‌.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top